20 ജൂൺ 2021

ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസില്‍ കെഎസ്‌ഇബി ഒന്നാമത്
(VISION NEWS 20 ജൂൺ 2021)

ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസില്‍ കെഎസ്‌ഇബി ഒന്നാമത്. സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക്‌ ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിലാണ്‌ നേട്ടം. സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ കണ്ടെത്താൻ കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കെഎസ്‌ഐഡിസി) നടത്തിയ സർവേയിൽ കെഎസ്‌ഇബി ഒന്നാമതായി. 100ൽ 85 മാർക്ക്‌ കരസ്ഥമാക്കിയാണ്‌ അഭിമാനാർഹമായ നേട്ടം. എഴുപതായിരുന്നു യോഗ്യതാ മാർക്ക്‌.

വിവിധ സർക്കാർ സ്ഥാപനങ്ങൾ ജനങ്ങൾക്ക്‌ നൽകിയ സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌. സർവേയുടെ ഭാഗമായി കെഎസ്‌ഇബിയുടെ 3000 ഗുണഭോക്താക്കളെ ബന്ധപ്പെട്ട്‌ വിവരങ്ങൾ ആരാഞ്ഞാണ്‌ പ്രകടനം വിലയിരുത്തിയത്‌.

ആധുനിക സാങ്കേതികവിദ്യയടക്കം ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക്‌ അനായാസം സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്‌ഇബി നിരവധി നടപടി സ്വീകരിച്ചിരുന്നു. 1912ൽ വിളിച്ച്‌ ആവശ്യം അറിയിച്ചാൽ നിറവേറ്റി നൽകുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി, സെക്‌ഷൻ ഓഫീസ്‌ സന്ദർശനത്തിന്‌ മുൻകൂട്ടി നേരം നിശ്ചയിക്കാൻ ഇ സമയം, ഉപയോക്താക്കൾക്ക്‌ സ്വയം മീറ്റർ റീഡിങ്ങിന്‌ അനുവദിക്കുന്ന സെൽഫ്‌ മീറ്റർ റീഡിങ്‌, കണക്‌ഷൻ നടപടി ലഘൂകരിക്കൽ ഉൾപ്പെടെ നിരവധി മാതൃകാ നടപടിയാണ്‌ സ്വീകരിച്ചത്‌. ഡാമുകളുടെ ആദ്യഘട്ട എമർജൻസി ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയതിൽ ദേശീയതലത്തിൽ അടുത്തിടെ കെഎസ്‌ഇബി ഒന്നാമതെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളെയും ഏജൻസികളെയും പിന്തള്ളിയായിരുന്നു ഇത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only