02 ജൂൺ 2021

നവജാതശിശുവിനെ മോഷ്ടിച്ച് വിറ്റ ഡോക്ടർ ഒരു വർഷത്തിനുശേഷം പിടിയിൽ
(VISION NEWS 02 ജൂൺ 2021)

ബെംഗളൂരു: സർക്കാർ ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച് വിൽപ്പനനടത്തിയ മനോരോഗ വിദഗ്ധ ഒരുവർഷത്തിന് ശേഷം പിടിയിൽ. വിജയനഗർ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം ഡോക്ടറുമായ രശ്മി ശശികുമാറാണ് (34) ഒരുവർഷം നീണ്ട അന്വേഷണത്തിന് ശേഷം പോലീസിന്റെ പിടിയിലായത്. കൊപ്പാൾ സ്വദേശികളായ ദമ്പതിമാർക്കാണ് ഇവർ കുഞ്ഞിനെ വിറ്റതെന്ന് കണ്ടെത്തി. വാടകഗർഭപാത്രം വഴി കുഞ്ഞിന് ജന്മം നൽകാമെന്ന് വാഗ്ദാനം നൽകിയശേഷം ദമ്പതിമാരെ കബളിപ്പിച്ചാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെത്തിരഞ്ഞ് പോലീസെത്തിയപ്പോഴാണ് ഒരു വയസ്സ് പൂർത്തിയായ കുഞ്ഞ് തങ്ങളുടേതല്ലെന്ന് ദമ്പതിമാരറിയുന്നത്.

കഴിഞ്ഞവർഷം മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. ചാമരാജ്‌പേട്ടിലെ കോർപ്പറേഷൻ ആശുപത്രിയിൽനിന്ന് ആന്ധ്രാസ്വദേശികളും നഗരത്തിലെ സ്ഥിരതാമസക്കാരുമായ ഹുസ്‌ന ബാനുവിന്റെയും നവീദ് പാഷയുടേയും കുഞ്ഞിനെ രശ്മി മോഷ്ടിക്കുകയായിരുന്നു. ഹുസ്‌നബാനുവിന് ഉറക്കുഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു മോഷണം. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം വരച്ച് അന്വേഷണം തുടങ്ങിയെങ്കിലും ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദിവസങ്ങൾക്കുമുമ്പ് പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളെത്തുടർന്ന് രശ്മിയെ ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

സ്വകാര്യ ആശുപത്രിയിൽ മനോരോഗ വിദഗ്ധയായ രശ്മി സ്ഥിരമായി കൗൺസലിങ്ങ് നൽകിയിരുന്നവരാണ് കുഞ്ഞിനെ വാങ്ങിയ ദമ്പതിമാർ. ഒരു കുട്ടിയുള്ള ഈ ദമ്പതിമാർ ഒരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ, ഗർഭം ധരിക്കാവുന്ന ശാരീരികാവസ്ഥയായിരുന്നില്ല ഭാര്യ. ഇതോടെ വാടകഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകാമെന്ന് രശ്മി ഇവരെ ധരിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ബെംഗളൂരു സ്വദേശിയായ സ്ത്രീ ഗർഭധാരണത്തിന് തയ്യാറായതായി രശ്മി ദമ്പതിമാരെ അറിയിച്ചു. ഇതോടൊപ്പം യുവാവിൽനിന്ന് സാമ്പിളുകളും ശേഖരിച്ചു. മേയിൽ കുഞ്ഞ് ജനിക്കുമെന്നാണ് ഇവരോട് രശ്മി പറഞ്ഞിരുന്നത്.

കഴിഞ്ഞ മേയ് 27, 28 തീയതികളിലായി ബെംഗളൂരുവിലെ വിവിധ സർക്കാർ ആശുപത്രികളിലെ പ്രസവവാർഡുകളിൽ സന്ദർശകയെന്ന വ്യാജേന കയറിയിറങ്ങിയ രശ്മി ചാമരാജ് പേട്ട് ആശുപത്രിയിൽ ഹുസ്‌നബാനുവിനെ കണ്ടെത്തുകയായിരുന്നു. 29-ന് പുലർച്ചെ ഡോക്ടറുടെ വേഷത്തിലെത്തി ഉറക്കഗുളിക നൽകി ഹുസ്‌നബാനുവിനെ മയക്കിക്കിടത്തിയശേഷം രശ്മി കുഞ്ഞിനെ മോഷ്ടിച്ചു. പിന്നീട് ബെംഗളൂരുവിലെ സുഹൃത്തിന്റെ വീട്ടിൽവെച്ച് ദമ്പതിമാർക്ക്‌ കൈമാറി. 15 ലക്ഷം രൂപയാണ് ഇവർ ദമ്പതിമാരിൽനിന്ന് വാങ്ങിയത്. നാട്ടിലെ കടങ്ങൾ തീർക്കാനാണ് ഈ തുക ഉപയോഗിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. കുഞ്ഞിനെ യാഥാർഥ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയായിവരികയാണ്.

ബസവനഗുഡി വനിതാപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്.എം. മീനാക്ഷിയാണ് കേസന്വേഷത്തിന് നേതൃത്വം നൽകിയത്. ഇതുവരെ 700-ഓളം പേരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സംഘം ചോദ്യം ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only