05 ജൂൺ 2021

ഇന്ന് ലോക പരിസ്ഥിതി ദിനം
(VISION NEWS 05 ജൂൺ 2021)

ലോകം മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലും പരിസ്ഥിതി ദിനത്തെ വരവേൽക്കുകയാണ് നമ്മൾ. മനുഷ്യന്റെ ജീവിതക്രമം തന്നെ മാറിയ ഈ കൊവിഡ് കാലത്ത് തന്നെയാണ് നമ്മൾ എത്രത്തോളം പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലും ഉണ്ടായിട്ടുള്ളത്. എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങിയ ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങൾ. വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടും നല്ലനാളേക്കായി തൈ നട്ടും നമുക്ക് ഈ ദിനത്തെ ആഘോഷിക്കാം. ഒരു മരം നടുന്നതിനപ്പുറം ജൈവ വൈവിധ്യത്തെ നിലനിർത്തുന്നതും കൂടിയാവണം നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം.

ഇന്ന് ലോകത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ഒരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോക പരിസ്ഥിതി ദിനമായി ജൂണ്‍ 5 ആചരിക്കുന്നത്. ഇതിനായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. നമുക്ക് ചുറ്റുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും. ഭൂമിയില്‍ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം അതി മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only