05 ജൂൺ 2021

ചികിത്സാ സഹായം വേണമെന്ന് വ്യാജ സന്ദേശം; സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പ്
(VISION NEWS 05 ജൂൺ 2021)
കൊവിഡ് കാലത്ത് സാമൂഹ മാധ്യമങ്ങള്‍ വഴി ചികിത്സാ സഹായം തേടി സാമ്പത്തിക തട്ടിപ്പ്. പാലക്കാട് പെരിങ്ങോട് സ്വദേശിയായ കുട്ടിക്ക് ചികിത്സാ സഹായം വേണമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചികിത്സാ സഹായം തേടിയുള്ള വ്യാജ സന്ദേശമിങ്ങനെ, ചാലിശ്ശേരി പെരിങ്ങോട് ശരീഫിന്റെ മകന്‍ മുഹമ്മദ് സഫ്വാന്‍ ബൈക്ക് അപകടത്തില്‍ പെട്ട് വെന്റിലേറ്ററില്‍ കഴിയുകയാണ്. ശസ്ത്രക്രിയക്ക് വലിയ തുക വേണം.കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായം ഉണ്ടാകണം.

ഗൂഗിള്‍ പേ നമ്പര്‍ വച്ചാണ് സഹായാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു കുടുംബമോ അപകടമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പണം അയച്ച് വഞ്ചിതരായവരെ കുറിച്ചുള്ള വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സന്ദേശത്തിലുള്ള ഗൂഗിള്‍ പേ നമ്പറിനെ സംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only