03 ജൂൺ 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 ജൂൺ 2021)


🔳രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഇടപെടല്‍. 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന നയം ഏകപക്ഷീയവും വിവേചനപരവുമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

🔳പ്രായപൂര്‍ത്തിയായ 75 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് പഠനം. ബ്രസീലിലെ സെറാനയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ താമസക്കാരിലെ 20 വയസിന് മുകളിലുള്ളവരുടെ 75 ശതമാനമായ 45,000 ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയാണ് പഠനം നടത്തിയത്. ഇതോടെ കോവിഡ് മരണ നിരക്ക് 95 ശതമാനം ഇല്ലാതാക്കാനായെന്നും പഠനം പറയുന്നു.

🔳സംസ്ഥാനത്തെ കോവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ 2667 പരിശോധനാ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. 1633 സര്‍ക്കാര്‍ ലാബുകളിലും 1034 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്. കോവിഡ് വ്യാപനമുണ്ടായ സമയത്തെല്ലാം വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയായി ഉള്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പട്ടികയിലുണ്ട്.

🔳മദ്രസാ അധ്യാപക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന വിഷയത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം നല്‍കുന്നതെന്ന് കോടതി ചോദിച്ചു. 2019-ലെ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

🔳ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ച് എന്‍എസ്എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഒരു മാസത്തിനുള്ളില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

➖➖➖➖➖➖➖➖
🔳സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകീട്ട് 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

🔳ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്കായി അനുവദിച്ചത്. ഇത് മോടി പിടിപ്പിക്കാന്‍ 23 ലക്ഷത്തിന്റെ ടെന്‍ഡറാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയത്. ഇതാണ് മന്ത്രി നിരസിച്ചത്. ലക്ഷങ്ങള്‍ മുടക്കിയുള്ള മോടി പിടിപ്പിക്കല്‍ വേണ്ട, 15,000 രൂപയില്‍ ഒതുങ്ങുന്ന അത്യാവശ്യം ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം.

കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം.കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

🔳ഇസ്രായേലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

🔳ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ എത്തിച്ചു. ബെംഗളൂരുവില്‍നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് പൂജാരിയെ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അദ്ദേഹത്തെ എ.ടി.എസിന്റെ കസ്റ്റഡിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് വിശദമായി ചോദ്യം ചെയ്യും. എന്നാല്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകില്ലെന്നാണ് വിവരം.

🔳കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പോര് നിര്‍ത്തണം എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവര്‍ സോഷ്യല്‍ മീഡിയ പോരില്‍ നിന്ന് പിന്‍മാറണം. പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനാണ് എന്നും തന്റെ യോഗ്യതയില്‍ ആരും അസഹിഷ്ണുത കാണിക്കേണ്ടെന്നും സുരേഷ് പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 1,28,525 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകള്‍.

🔳രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ തുറന്നു നല്‍കാന്‍ ഈ നിയമം സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ വാങ്ങാവൂ. താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാക.ും. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്ര അതോറിറ്റിയും തര്‍ക്കപരിഹാരത്തിന് പ്രത്യേക കോടതിയും വേണമെന്ന് നിയമം പറയുന്നു.

🔳സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ക്കായി മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി. കോവിഡ് പടരാതിരിക്കാന്‍ ചില ഗ്രാമങ്ങള്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 'മൈ വില്ലേജ് കൊറോണ ഫ്രീ' പദ്ധതി പ്രഖ്യാപിച്ചത്. ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 5.4 കോടി രൂപയുടെ സമ്മാന തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം കാവേരി നദിയില്‍ ഒഴുക്കിയത് കര്‍ണാടക റെവന്യൂമന്ത്രി ആര്‍. അശോക. ഉത്തരേന്ത്യയില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു.

🔳കോവിഡ് വാക്‌സിനുകള്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കോവിഡ് മഹാമാരിയെ വരുതിയിലാക്കാന്‍ വാക്‌സിനേഷന് മാത്രമേ സാധിക്കുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. വാക്‌സിനുകള്‍ ശേഖരിക്കുന്നതിന് പരസ്പരം മത്സരിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരാടുകയാണെന്നും കോവിഡ് വാക്‌സിനുകള്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.

🔳രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

🔳പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള 600ല്‍ അധികം വിദ്യാഭ്യാസ വിദഗ്ധരും പണ്ഡിതരും കത്തെഴുതി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവരോട് ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. സ്വതന്ത്രവും നീതിയുക്തവുമായി വോട്ട് രേഖപ്പെടുത്താനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ ബംഗാളിലെ ഭരണകക്ഷിയുടെ വിരോധത്തിന് പാത്രമായ ജനതയെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ഉത്കണ്ഠാകുലരാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങളെക്കുറിച്ച് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്നും കത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്ത് 5 G ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ബോളിവുഡ് താരം ജൂഹി ചൗള നല്‍കിയ ഹര്‍ജിയിലെ വെര്‍ച്വല്‍ ഹിയറിങ് തടസപ്പെട്ടു. കോടതി നടപടികള്‍ക്കിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഓരാള്‍ രംഗത്തെത്തിയതോടെയാണിത്. മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എത്തരത്തില്‍ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

🔳രാജ്യത്ത് ഇന്നലെ 1,33,953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,11,750 പേര്‍ രോഗമുക്തി നേടി. മരണം 2897. ഇതോടെ ആകെ മരണം 3,38,013 ആയി. ഇതുവരെ 2,84,40,988 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 17.08 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 25,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 15,169 പേര്‍ക്കും കര്‍ണാടകയില്‍ 16,387 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 12,768 പേര്‍ക്കും പശ്ചിമബംഗാളില്‍ 8,923 പേര്‍ക്കും ഒഡീഷയില്‍ 8,399 പേര്‍ക്കും ആസാമില്‍ 4,178 പേര്‍ക്കും തെലുങ്കാനയില്‍ 2,384 പേര്‍ക്കും പഞ്ചാബില്‍ 2,214 പേര്‍ക്കും ഡല്‍ഹിയില്‍ 576 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,65,678 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,947 പേര്‍ക്കും ബ്രസീലില്‍ 94,509 പേര്‍ക്കും അര്‍ജന്റീനയില്‍ 35,017 പേര്‍ക്കും കൊളംബിയയില്‍ 27,000 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.23 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.34 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,104 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 426 പേരും ബ്രസീലില്‍ 2,394 പേരും കൊളംബിയയില്‍ 511 പേരും അര്‍ജന്റീനയില്‍ 587 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 37 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യര്‍ക്ക് 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനം. കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു.

🔳പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. ചോക്‌സി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി അംഗീകരിക്കാനാവുന്നതല്ലെന്നും അതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നും ഡൊമിനിക് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസ്, ഡൊമിനിക്കന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

🔳മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഡൊമിനിക്കന്‍ പ്രതിപക്ഷ നേതാവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം. മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ ചേതന്‍ ചോക്‌സി ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവ് ലിനക്‌സ് ലിന്റണ് പണം നല്‍കിയെന്നാണ് പുതിയ ആരോപണം. ഡൊമിനിക്കയിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳കാര്‍ലോ ആഞ്ചലോട്ടി സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് തിരികെയെത്തി. സിനദിന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ആഞ്ചലോട്ടി എത്തുന്നത്. റയലിന്റെ പരിശീലകനായി ആഞ്ചലോട്ടിയുടെ രണ്ടാം വരവാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടണില്‍ നിന്നാണ് ആഞ്ചലോട്ടി റയലിലേക്ക് വരുന്നത്.

🔳ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്ന് ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ്. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍
റഷ്യന്‍ താരം റോമന്‍ സഫിയുല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സവരേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.

🔳സമഗ്രമേഖലകളിലും വലിയ ആഘാതമാണ് കൊവിഡ് വ്യാപനം രാജ്യത്തുണ്ടാക്കിയത്. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് രൂക്ഷമായ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്. കൊവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം രാജ്യത്ത് ഒന്നര കോടി ആളുകള്‍ക്ക് തൊഴിലില്ലാതായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംങ്ങ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതും കണക്കുകള്‍ പുറത്ത് വിട്ടതും. കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ശേഷം മാത്രം ഇത് വരെ 23 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നഗരമേഖലകളില്‍ തൊഴില്‍ നഷ്ടമായവരുടെ ശതമാനം 18 ആയി.

🔳പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആര്‍. മേനോന്‍ സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒടിയന്റെ കഥയുമായി എത്തുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഇരുളിന്റെ രാജാവ് എന്നാണ്. ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി, റിയാസ് എം ടി, സുമേഷ് സുരേന്ദ്രന്‍, കണ്ണന്‍ പെരുമടിയൂര്‍, വിനു മാത്യു പോള്‍, സ്വപ്ന നായര്‍, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്തുകാരി കൂടിയായ ശ്രീഷ്മ.

🔳കന്നട താരം രക്ഷിത് ഷെട്ടി നായകനാകുന്ന '777 ചാര്‍ലി' സിനിമയില്‍ വിനീത് ശ്രീനിവാസനും. മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ മലയാള ഗാനം ആലപിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ സോംഗ് ആണ് വിനീത് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 6ന് റിലീസ് ചെയ്യും. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ രക്ഷിത് ഷെട്ടിക്കൊപ്പം സംഗീത ശൃംഗേരി ആണ് നായികയായി എത്തുന്നത്. ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം.

🔳മഹീന്ദ്രയുടെ കൈപിടിച്ചാണ് ഐതിഹാസിക ഇരുചക്ര ബ്രാന്‍ഡായ ജാവ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരികെയെത്തിയത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്സ് ആണ് ജാവയെ ഇന്ത്യയില്‍ തിരികെയെത്തിച്ചത്. ബിഎസ്എ ബ്രാന്‍ഡില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുകയാണ് ക്ലാസിക്ക് ലെജന്‍ഡ്സ്. 2016-ലാണ് ബ്രിട്ടീഷ് കമ്പനിയായ ബിഎസ്എ ക്ലാസിക് ലെജന്റ്‌സ് ഏറ്റെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനം എത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ പിന്നീടത് ഇലക്ട്രിക്കിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ചരിത്രവും രാജഭക്തിയും മിത്തുകളും വീരകഥകളും ഇഴചേരുന്ന അനന്തപുരിയുടെ അറിയപ്പെടാത്ത രസകരങ്ങളായ കഥകള്‍ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി.ശശിഭൂഷണ്‍. 'അറിയപ്പെടാത്ത അനന്തപുരി'. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 180 രൂപ.

🔳ഈ കൊവിഡ് കാലത്ത് രോ?ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തുക. അതിലൊന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും. കൊളസ്ട്രോള്‍ കൂടുമെന്ന് പേടിച്ച് മുട്ട കഴിക്കാതിരിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണമെന്നും പോഷകാഹാര വിദഗ്ധര്‍ പറയുന്നു. കൊവിഡ് ബാധിതര്‍ മുട്ട കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കൊവിഡ് കാലത്ത് ആഗോളതലത്തില്‍ മുട്ട ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുട്ട ഉപഭോഗം പ്രതിവര്‍ഷം 75 ല്‍ നിന്ന് 81 ആയി ഉയര്‍ന്നു. മുട്ട ഉത്പാദിപ്പിക്കുന്നതില്‍ ചൈനയ്ക്കും യുഎസിനും ശേഷം ഇന്ത്യയാണ് മൂന്നാമത്. നിലവിലെ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ പ്രതിവര്‍ഷ ഉത്പാദനം 11,600 കോടി മുട്ടകളായി ഉയരുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കണക്കാക്കുന്നത്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only