18 ജൂൺ 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 18 ജൂൺ 2021)


🔳ആഗോള സ്വാധീനത്തില്‍ ലോകനേതാക്കളെ പിന്നിലാക്കി വീണ്ടും നരേന്ദ്രമോദി. അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ ലോകത്തെ ഒന്നാംനമ്പര്‍ നേതാവായി മോദിയെ തിരഞ്ഞെടുത്തു. യുഎസ്, യുകെ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കിയാണ് സര്‍വേയില്‍ മോദി മുന്നിലെത്തിയത്.

🔳രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുന്‍നിര പ്രവര്‍ത്തകരെ സജ്ജമാക്കുക എന്നുളളതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ കോവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായുളള ആറിന ക്രാഷ്‌കോഴ്സ് പ്രോഗ്രാമിന്റെ ലോഞ്ച് നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വൈറസ് നമുക്കിടയില്‍ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


🔳രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയും താനും പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചുവെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച് വിശദമായി പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് താനും ഉമ്മന്‍ചാണ്ടിയെന്നും നാളെയും അത് തന്നെയായിരിക്കും ഉണ്ടാകുകയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

🔳രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നല്‍കുക. എഐസിസി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.  

🔳ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. അഡ്വക്കേറ്റ് കമ്മിഷണര്‍ എ.എസ്.പി. കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയ്ക്കുശേഷമാണ് ഇരുകൂട്ടരും ധാരണയാകാമെന്ന് സമ്മതിച്ചത്. 171 സെന്റുവീതം പരസ്പരം വിട്ടുനല്‍കാന്‍ ബോര്‍ഡും7 വനംവകുപ്പും ധാരണയിലെത്തി.


🔳പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കള്‍ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പെന്റ സഹോദരി, ഭര്‍ത്താവ്, മകന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പന്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ താനും മകനും ചേര്‍ന്നാണ് പണം ബാങ്കില്‍ നിന്ന് എടുത്തതെന്നും അത് അന്ന് തന്നെ രാജപ്പനെ ഏല്‍പ്പിച്ചുവെന്നും പണം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും സഹോദരി വിലാസിനി പറഞ്ഞു. പലരും നല്‍കിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും സതീഷാണ് പരാതിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.

🔳തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ ഡിസംബര്‍വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് ഏറ്റെടുക്കല്‍ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

🔳പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. നിത്യാഭ്യാസികള്‍ക്ക് പോലും അടിതെറ്റിയ വകുപ്പാണ് പൊതുമരാമത്തെന്നും അവിടെ പി.എ.മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു കൊണ്ട് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോവുകയാണെന്നും ആന്റോ ജോസഫ് ഫെയ്സ് ബുക്കില്‍ കുറിച്ചു. കൊടിയുടെ നിറം നോക്കാതെയും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുമാണ് റിയാസിന്റെ തീരുമാനങ്ങളെന്നും അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ നാടിന് വേണ്ടത് എന്തെന്ന് റിയാസ് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും ആന്റോ ജോസഫ് കുറിച്ചു.

🔳എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാന്‍ ആരും വരേണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ബിജെപി കൗണ്‍സിലറുമായി
മേയര്‍ ആര്യാ രാജേന്ദ്രന്‍ കൊമ്പുകോര്‍ത്തത്.

🔳ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബി.ജെ.പിക്ക് പദ്ധതികളില്ലെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി. അംഗവുമായ ജേക്കബ് തോമസ്. ''ജേക്കബ് തോമസ് എന്ന് പേരുള്ള തനിക്ക് ബി.ജെ.പി. അംഗത്വമുണ്ടെന്നതും താന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

🔳ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്റെയും കണക്കുകള്‍ പുറത്തുവന്നിട്ടില്ല. പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഒറ്റ ഔട്ട്‌ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പന നടന്നു.

🔳സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

🔳ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപയായി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ഇവിടെ പെട്രോള്‍ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ്.

🔳വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് 'റിജക്ഷന്‍ സ്ലിപ്' നല്‍കാനും പദ്ധതിയുണ്ട്. പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

🔳ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി കവരത്തിയിലെ സ്വകാര്യഭൂമിയില്‍ നാട്ടിയ കൊടികള്‍ റവന്യൂവകുപ്പുതന്നെ നീക്കി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചതായും അദ്ദേഹം നിശ്ചയിച്ചതിലും നേരത്തേ മടങ്ങാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്. ഔദ്യോഗിക സന്ദര്‍ശന പദ്ധതിയനുസരിച്ച് 20-ന് ആണ് പ്രഫുല്‍പട്ടേല്‍ ലക്ഷദ്വീപില്‍നിന്ന് മടങ്ങേണ്ടത്. നഴ്‌സിങ് കോളേജ്, പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നാട്ടിയ കൊടികളാണ് നീക്കിയത്. ഇരുപതോളം സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ അറിയിപ്പില്ലാതെ കൊടിനാട്ടിയത് വിവാദമായിരുന്നു.

🔳പകുതിയിലേറെ ജീവനക്കാരും സ്വയം വിരമിച്ചതോടെ ജോലിക്കാരുടെ ക്ഷാമം തീര്‍ക്കാന്‍ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും പകരം സംവിധാനം തേടുന്നു. വി.ആര്‍.എസ്. എടുത്തവരെ കരാര്‍ അടിസ്ഥാനത്തില്‍ കണ്‍സള്‍ട്ടന്റുമാരായി നിയമിക്കാന്‍ അനുമതിതേടി ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് കേന്ദ്ര ടെലികോം മന്ത്രാലയത്തിനു കത്തയച്ചു.

🔳അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നാലു തവണ എംഎല്‍എയായിരുന്ന രൂപ്‌ജ്യോതി ഉടന്‍ ബിജെപിയില്‍ ചേരും. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും അദ്ദേഹമാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി മുന്നോട്ട് പോകില്ലെന്നും കുര്‍മി പറഞ്ഞു.

🔳മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കി.ഗ്രാം സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാറിന്റെ അടിയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്.

🔳ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളില്‍നിന്ന് മുന്നുമാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതില്‍ 58എണ്ണത്തിലാണ് നിയമലംഘനംകണ്ടെത്തിയത്.

🔳ലോകത്തിലെ ഏറ്റവുംവലിയ സോഫ്‌റ്റ്വേര്‍ നിര്‍മാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവര്‍ഷമായി കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു ഇദ്ദേഹം.

🔳കോവിഡ് 19 മഹാമാരി ഇന്ത്യയെ തകര്‍ത്തുകളഞ്ഞുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോളതലത്തില്‍ കോവിഡ് 19 വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചമ്പിപ്ന്‍ഷിപ് ഫൈനലിന്റെ ആദ്യ ദിവസം മഴയില്‍ ഒലിച്ചേക്കുമെന്ന് സൂചന നല്‍കി കാലാവസ്ഥാ പ്രവചനങ്ങള്‍. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചു സതാംപ്റ്റണില്‍ ഇന്നു കനത്ത മഴ പെയ്‌തേക്കും. ഫൈനല്‍ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മഞ്ഞപ്പട തകര്‍ത്തു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് മഞ്ഞപ്പട ഗ്രൂപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയില്‍ 1560 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.6ശതമാനം താഴ്ന്ന് ഔണ്‍സിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ച് ശതമാനമാണ്.

🔳ഐടി മേഖലയില്‍ ഓട്ടോമേഷന്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ പ്രതിസന്ധി വരുന്നു. ഇന്‍ഫോസിസ് അടക്കം നാല് കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ അടുത്ത വര്‍ഷത്തോടെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ്വെയര്‍ മേഖലയില്‍ 16 മില്യണ്‍ ആളുകള്‍ തൊഴിലെടുക്കുന്നുണ്ട്. അതില്‍ നിന്നാണ് മൂന്ന് മില്യണ്‍ ആളുകളെ ഒഴിവാക്കുന്നത്. ഇതിലൂടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ ശമ്പളയിനത്തില്‍ തന്നെ വര്‍ഷത്തില്‍ ലാഭിക്കാനാവുമെന്നാണ് ഐടി കമ്പനികള്‍ കരുതുന്നത്. ഇന്‍ഫോസിസിനെ കൂടാതെ ടിസിഎസ്, വിപ്രോ, എച്ച്സിഎല്‍, എന്നീ കമ്പനികളാണ് ജോലിക്കാരെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്.

🔳മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 ല്‍ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാര്‍. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.

🔳ധനുഷ് നായകനായ പുതിയ സിനിമ ജഗമേ തന്തിരത്തില്‍ മലയാളത്തിന്റെ ജനപ്രിയ ഗായകന്‍ സന്നിധാനന്ദന്‍ പാടിയ പാട്ട് തരംഗമായിരിക്കുകയാണ്. പിസ, ജഗര്‍ത്തണ്ട, പേട്ട തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത കാര്‍ത്തിക്ക് സുബരാജിന്റെ ഏറ്റവും പുതിയ സിനിമ ജഗമേ തന്തിരത്തില്‍ സന്തോഷ് നാരായണന്റെ സംഗീതത്തിലാണ് സന്നിധാനന്ദന്‍ പാടിയത്. മലയാളം വേര്‍ഷനില്‍ രണ്ടു പാട്ടുകള്‍ പാടി. തെലുങ്ക്D വേര്‍ഷനില്‍ ഒരു പാട്ടും പാടി. സാന്നിധാനന്ദന്‍ പാടിയ തെലുങ്ക് വേര്‍ഷന്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

🔳കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങായി ശ്രദ്ധേയനായ ബോളിവുഡ് താരമാണ് സോനു സൂദ്. ഇപ്പോഴിതാ തന്റെ മകന് സമ്മാനമായി നല്‍കിയ ഒരു ആഡംബര എസ്യുവി വഴി വാഹനലോകത്തും താരം കൂടിയായിരിക്കുകയാണ് സോനു സൂദ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമായ മെയ്ബാക്കിന്റെ ജിഎല്‍എസ് 600 എസ്യുവിയാണ് മകന്‍ ഇഷാന്‍ സൂദിന് താരം സമ്മാനമായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.43 കോടി രൂപയോളം വരും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

🔳പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാര്‍ക്ക് ശരത്ചന്ദ്ര ചാറ്റര്‍ജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലില്‍ ചന്ദ്രനാഥന്റെയും സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും ജനപ്രീതി നേടിയ ബംഗാളിനോവലിന്റെ പരിഭാഷ. പരിഭാഷ: ലീല സര്‍ക്കാര്‍. മാതൃഭൂമി. വില 136 രൂപ.

🔳കോവിഡിനെ പിടിച്ചു കെട്ടാന്‍ ലോകത്തിന്റെ കയ്യിലുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഇന്ന് വാക്സീന്‍. എന്നാല്‍ വാക്സീനുമായി ബന്ധപ്പെട്ട് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചില വാക്സീനുകള്‍ എടുത്തവരില്‍ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലും മരണങ്ങളുമാണ് ചര്‍ച്ചയായത്. എന്നാല്‍ വാക്‌സീനോട് അനുബന്ധമായ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണെന്നും ഇത് വാക്സീന്‍ എടുക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കരുതെന്നും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി)പറയുന്നു. സിഡിസിയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ എടുത്ത 11.2 ദശലക്ഷം പേരില്‍ 35 പേര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം നേരിട്ടത്. സ്ത്രീകള്‍ പ്രത്യേകിച്ച് 50 വയസ്സിനു താഴെയുള്ളവര്‍ വാക്സീന്റെ ചില അപൂര്‍വ വിപരീതഫലങ്ങളെ കുറിച്ച് കരുതിയിരിക്കണമെന്നും സിഡിസി മുന്നറിയിപ്പുനല്‍കുന്നു. റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ 302 ദശലക്ഷം ഡോസ് വാക്സീന്‍ നല്‍കിയതില്‍ 5000 പേരാണ് മരണപ്പെട്ടത്. വാക്സീന്‍ എടുത്തവരില്‍ ഹൃദയപേശികള്‍ വികസിക്കുന്ന രോഗമായ മയോകാര്‍ഡൈറ്റിസും കടുത്ത അലര്‍ജി പ്രതികരണമായ അനാഫിലാക്സിസും അപൂര്‍വമായി കണ്ടു വരുന്നതായും സിഡിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മയോകാര്‍ഡൈറ്റിസ് അസാധാരണ ഹൃദയമിടിപ്പിലേക്കും ഹൃദയസ്തംഭനത്തിലേക്കും വരെ നയിക്കാം. 30 വയസ്സോ അതിനു താഴെ പ്രായമുള്ളവരോ ആയ 623 പേരിലാണ് കോവിഡ് വാക്സീനെ തുടര്‍ന്ന് മയോകാര്‍ഡൈറ്റിസ് ഉണ്ടായത്. അതേസമയം അനാഫിലാക്സിസ് ഏതൊരു വാക്സിനേഷന് ശേഷവും സംഭവിക്കാമെന്ന് സിഡിസി പറയുന്നു. അവ ഉടനെ കണ്ടെത്താന്‍ സാധിച്ചാല്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് തന്നെ ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ പാര്‍ശ്വ,വിപരീതഫലങ്ങള്‍ ഉണ്ടാകാമെങ്കിലും 12 വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും വാക്‌സീന്‍ എടുക്കണമെന്ന് സിഡിസി ശുപാര്‍ശ ചെയ്തു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.97, പൗണ്ട് - 102.70, യൂറോ - 88.12, സ്വിസ് ഫ്രാങ്ക് - 80.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.75, ബഹറിന്‍ ദിനാര്‍ - 196.25, കുവൈത്ത് ദിനാര്‍ -245.50, ഒമാനി റിയാല്‍ - 192.14, സൗദി റിയാല്‍ - 19.72, യു.എ.ഇ ദിര്‍ഹം - 20.14, ഖത്തര്‍ റിയാല്‍ - 20.31, കനേഡിയന്‍ ഡോളര്‍ - 59.81.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only