02 ജൂൺ 2021

Soസായാഹ്‌ന വാർത്തകൾ
(VISION NEWS 02 ജൂൺ 2021)


🔳ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ ഒരു വകഭേദം മാത്രമാണ് നിലവില്‍ ആശങ്കയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന പേരിട്ടു. ഒക്ടോബറില്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്ക് ഡെല്‍റ്റയെന്നും കാപ്പയെന്നുമാണ് പേരു നല്‍കിയത്. ലോകത്ത് ഇതുവരെ 24 വകഭേദങ്ങളാണ് കണ്ടെത്തിയത്.

🔳രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നുവെന്നും വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

🔳കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് കേരളം ഹൈക്കോടതിയില്‍. ന്യായവിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച ഹര്‍ജിയിലാണ് സംസ്ഥാനം ഹൈക്കോടതിയില്‍ ഇക്കാര്യം പറഞ്ഞത്.

🔳ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് നല്‍കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്നും നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനം നികുതി വേണ്ടെന്ന് വെക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ഫാസിസം എമണ്ടന്‍ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാനും ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും ശ്രമിക്കുമെന്നും ബേബി പറഞ്ഞു. നിരവധി സാംസ്‌കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തില്‍ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്‌ലറുടെ ജര്‍മാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ദില്ലിയില്‍ നിര്‍മിക്കപ്പെടുന്നതെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

🔳സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന് ആരോപണം. തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് തിരിയുന്നതിനിടെയാണ് പാര്‍ട്ടിനേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ട് ആരോപണമുയര്‍ന്നത്.

🔳എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു പണം ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. സി.കെ. ജാനു പണം ചോദിച്ചതിനെക്കുറിച്ചും പണം കൈമാറുന്നതിനെക്കുറിച്ചും ജെ.ആര്‍.പി. ട്രഷറര്‍ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കെ.സുരേന്ദ്രനുമായാണ് താന്‍ സംഭാഷണം നടത്തിയതെന്നും ശബ്ദരേഖ സത്യമാണെന്നും പ്രസീത പറഞ്ഞു. ഇതനുസിച്ച് കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന് പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത പ്രതികരിച്ചു.

🔳എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത. 10 കോടി രൂപയും, പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ കെ.സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ലെന്നും പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

🔳കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കവര്‍ച്ച കേസിലെ പ്രതികള്‍ കണ്ണൂരില്‍ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന ഏറ്റവും പുതിയ വിവരം. കേസിലെ മുഖ്യപ്രതികളിലൊരാളായ ദീപക് ബിജെപി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ എത്തിയാണ് നേതാക്കളെ കണ്ടതെന്നും പോലീസ് പറയുന്നു.

🔳നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് ആരോഗ്യമന്ത്രി. എന്നാല്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ ബഹളമുണ്ടായത്.

🔳നിയമസഭയിലെ നന്ദിപ്രമേയചര്‍ച്ചയില്‍ ഒരിക്കല്‍ക്കൂടി കെ.ടി. ജലീലിന്റെ വെല്ലുവിളി. എന്നെ കൊല്ലാന്‍ സാധിക്കും പക്ഷേ ആര്‍ക്കും ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ചാവേറുകളായി അയച്ച ചാവേറുകളൊക്കെ എവിടെയെന്നും ജലീല്‍ പ്രതിപക്ഷത്തോട് ചോദിച്ചു. അതേസമയം, ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയതായി സണ്ണി ജോസഫ് ലോകായുക്തവിധി ഉദ്ധരിച്ച് പറഞ്ഞു. അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന വാക്ക് ജലീല്‍ പാലിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

🔳ദേവികുളം എം.എല്‍.എ അഡ്വ. എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

🔳ദേവികുളം എംഎല്‍എ എ.രാജയുടെ സത്യപ്രതിജ്ഞയില്‍ ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷം. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്നും സാമാജികന്‍ അല്ലാതെ സഭയില്‍ ഇന്നലെ വരെ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. നിയമവിദഗ്ദ്ധരുമായി ഇക്കാര്യത്തില്‍ ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് വ്യക്തമാക്കി.

🔳കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്നലെ രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

🔳ആലപ്പുഴ കന്നിട്ടജെട്ടിയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നെങ്കിലും മോട്ടോര്‍ കേടായതിനാല്‍ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

🔳സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാലും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കും ഗ്രേഡും നല്‍കും. പത്താംക്ലാസ് അടക്കമുള്ള മുന്‍ പരീക്ഷകളുടെ മാര്‍ക്കും ഹയര്‍സെക്കന്‍ഡറി കാലത്തെ പഠനമികവും കണക്കിലെടുക്കുമെന്നാണ് സൂചന. ഇരുബോര്‍ഡുകളിലും പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മാര്‍ക്കും കണക്കിലെടുക്കും.

🔳കന്യാകുമാരിയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പൂരത്തില്‍നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

🔳കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെച്ചൊല്ലി വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാര്‍ട്ടിഘടകത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനും ബി.ജെ.പി. കേന്ദ്രനേതൃത്വം. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് എന്നിവര്‍ ലഖ്‌നൗവില്‍ സംസ്ഥാനനേതാക്കളുമായി ചര്‍ച്ചനടത്തി. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും നാലുദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തുണ്ട്. മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന.

🔳ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച യുവാക്കളില്‍ ചിലര്‍ക്ക് മയോകാര്‍ഡൈറ്റിസ് അഥവാ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം റിപ്പോര്‍ട്ട് ചെയ്തതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം. എന്നാല്‍ സാധാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതലായി വാക്‌സിനെടുത്തവരില്‍ മാത്രം മയോകാര്‍ഡൈറ്റിസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഫൈസര്‍ അറിയിച്ചു.

🔳പുതിയ റെക്കോര്‍ഡുമായി കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഖനന, സംസ്‌കരണ കമ്പനിയായ കോള്‍ ഇന്ത്യ. മെയ് മാസത്തില്‍ റെക്കോര്‍ഡ് അളവിലാണ് കല്‍ക്കരി ഓഫ്‌ടേക്ക് നടത്തിയിരിക്കുന്നത്. കല്‍ക്കരി ഖനനവും സംസ്‌കരണവും നടത്തുന്ന കോള്‍ ഇന്ത്യ ലിമിറ്റഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരാണ്. മെയ് മാസത്തില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഖനനത്തിലും വില്‍പനയിലും വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 55 ദശലക്ഷം ടണ്‍ ആണ് വിറ്റത്. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തിലെ കല്‍ക്കരി ഉത്പാദനം 41.7 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ സപ്ലൈ 38 ശതമാനം കൂടിയിട്ടുണ്ട്.

🔳രാജ്യത്തെ നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങളില്‍ ഇ-ഷോപ്പിംഗ് അനുഭവവും ഓര്‍ഡര്‍ നിറവേറ്റലും പ്രദാനം ചെയ്യാന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിനെ ബിഎല്‍എസ് ഇന്റര്‍നാഷ്ണല്‍ സഹായിക്കും. രാജ്യവ്യാപകമായുള്ള എല്‍എസ് കേന്ദ്രങ്ങളിലൂടെയുള്ള സേവനമാണ് ആമസോണ്‍ പ്രയോജനപ്പെടുത്തുക. ആഗോളതലത്തില്‍ സര്‍ക്കാരിനും നയതന്ത്ര ഉദ്യമങ്ങള്‍ക്കുമായുള്ള ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാക്കളാണ് ബിഎല്‍എസ്. ആമസോണ്‍.ഇനില്‍ ലഭ്യമായ വിശാലമായ ശ്രേണിയില്‍ നിന്ന് ബിഎല്‍എസ് സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താവിനായി ഉല്‍പ്പന്നം ബുക്ക് ചെയ്യും. കൂടാതെ ഉപഭോക്താവിന് ഉല്‍പ്പന്നത്തിന് പണമായി നേരിട്ട് പേമെന്റ് നടത്താം. ബിഎല്‍എസ് സെന്റര്‍ ഓപ്പറേറ്റര്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി പണമടയ്ക്കും. ഉല്‍പ്പന്നം വിതരണം ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താവിന് ബിഎല്‍എസ് കേന്ദ്രത്തില്‍ നിന്ന് അത് വാങ്ങാം.

🔳തീയേറ്ററുകളിലെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെയും വിജയത്തിനുശേഷം മമ്മൂട്ടി ചിത്രം ചിത്രം 'ദി പ്രീസ്റ്റ്' കുടുംബസദസ്സുകളിലേക്ക്. ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാലിന് (വെള്ളിയാഴ്ച) വൈകീട്ട് 7ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇക്കാര്യം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അറിയിച്ചത്. ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

🔳സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി അരം എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍. നടന്‍ നിവിന്‍ പോളിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. പുഞ്ചിരി എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അരവിന്ദ് മനോജും സംഘവും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് അരം. അഴിമതിയും അക്രമവും വിളയാടുന്ന ഒരു ചന്തയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് അരം സംവിധാനം ചെയ്തിരിക്കുന്നത് അരവിന്ദ് മനോജ് ആണ്.

🔳ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അടുത്ത തലമുറ ആര്‍സി 390 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസമോ അടുത്ത മാസത്തിലോ പുതിയ കെടിഎം ആര്‍സി 390 വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വില്പനയിലുള്ള കെടിഎം ആര്‍സി 390യ്ക്ക് 2.66 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. പുതിയ മോഡലിന് കുറഞ്ഞത് 20,000 രൂപ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.
🔲🔲🔲🆅🔲🌍🔲🅸🔲🔲🔲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only