08 ജൂലൈ 2021

105 പേരുടെ ജീവനെടുത്ത കേരളത്തിന്റെ നടുക്കുന്ന ഓർമ്മ; പെരുമൺ ദുരന്തം നടന്നിട്ട് ഇന്ന് 33 വർഷം
(VISION NEWS 08 ജൂലൈ 2021)

കേരളത്തെ നടുക്കിയ പെരുമൺ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് 33 വയസ്. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചുണ്ടായ മഹാദുരന്തത്തിൽ 105 പേർ മരിക്കുകയും ഇരുനൂറിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു.1988 ജൂലൈ എട്ടിന് ആ ഉച്ച നേരത്ത് പെരുമൺ പാലത്തിൽനിന്ന് അഷ്‌ടമുടിക്കായലിലേക്ക് പതിച്ച 6526–ാം നമ്പർ ഐലൻഡ് എക്‌സ്‌പ്രസ് ഇപ്പോഴും അതേ പാതയിലൂടെ അതേ നമ്പറിൽ കുതിച്ചുപായുന്നു. 105 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഇന്നും കേരളത്തിന് നടുക്കുന്ന ഓർമയാണ്. 

1988 ജൂലൈ എട്ടാം തീയതി കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്, ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലേക്ക് കയറിയ ബാംഗ്ലൂർ – കന്യാകുമാരി ഐലന്റ് എക്സ്പ്രസിനെ കാത്ത് വലിയൊരു ദുരന്തം പതുങ്ങിയിരിപ്പുണ്ടായിരുന്നു എന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല… എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 10 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.

ആ പ്രത്യേക നിമിഷം താഴ്‌ന്നുവന്ന കരിഞ്ചുഴലിക്കാറ്റ് ആണ് ദുരന്തത്തിനു കാരണമെന്നു പറഞ്ഞ് ഇന്ത്യൻ റയിൽവേ കൈ കഴുകിയപ്പോൾ അതേച്ചൊല്ലി കേട്ടതൊക്കെ കേരളത്തിന് അദ്‌ഭുതങ്ങളായിരുന്നു. ഐലൻഡ് എക്‌സ്‌പ്രസിന്റെ എൻജിനാണ് ആദ്യം പാളം തെറ്റിയതെന്നും അതു പെരുമൺ പാലത്തിൽ കയറുന്നതിനു വളരെ മുൻപുതന്നെ പാളം തെറ്റിയിരുന്നുവെന്നുമുള്ള അന്നത്തെ പ്രശസ്‌ത ഫൊറൻസിക് വിദഗ്‌ധൻ വിഷ്‌ണു പോറ്റിയുടെ റിപ്പോർട്ടിനു മേലെയാണ് രണ്ടാമതും ‘ചുഴലിക്കാറ്റ് പതിച്ചത്. പോറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ആ കണ്ടെത്തലുകളും ഒലിച്ചുപോയി. പകരം വന്നത് റയിൽവേ സേഫ്‌ടി കമ്മിഷണർ സൂര്യനാരായണന്റെ ചുഴലിക്കാറ്റ് !

എൻജിൻ ആണ് ആദ്യം പാളം തെറ്റിയതെന്നും വലതുവശത്തെ ആദ്യത്തെ ചക്രമാണ് ആദ്യം തെറ്റിയതെന്നും പോറ്റി കൃത്യമായി കണ്ടെത്തി. എന്നാൽ, കരിഞ്ചുഴലിക്കാറ്റ് എന്ന പ്രതിഭാസത്തെ കൂട്ടുപിടിച്ച് സൂര്യനാരായണനും റയിൽവേയും ഉറച്ചുനിന്നു! പിന്നീട് റിട്ട. എയർ മാർഷൽ സി.എസ്. നായികിന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മിഷനെ നിയോഗിച്ചെങ്കിലും പെരുമണിലെ നാട്ടുകാരെപ്പോലും കാണാതെ കമ്മിഷൻ റിപ്പോർട്ട് തയാറാക്കി. ചുഴലിക്കാറ്റിനെ കമ്മിഷൻ തള്ളിക്കളഞ്ഞെങ്കിലും യഥാർഥ കാരണം കണ്ടെത്തിയില്ല.

ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ട്രെയിനുകളിൽ ഒന്നായിരുന്നു ഐലന്റ് എക്സ്പ്രസ്. അതിനാൽ തന്നെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ആളുകളിൽ ദുരന്തമുണ്ടാക്കിയ നടുക്കം ചില്ലറയല്ല. ചുഴലിക്കാറ്റിനെ ഒരു അപസർപക കഥ പോലെ നിലനിർത്തിക്കൊണ്ട് ദുരന്തത്തിന്റെ 33 –ാം വർഷം കടന്നുപോകുകയാണ്. ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം. ജൂലൈ 8 മലയാളികളെ സംബന്ധിച്ചടത്തോളം ആ കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only