27 ജൂലൈ 2021

വാളയാറില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി നേടിയത് 1,70,000 രൂപ
(VISION NEWS 27 ജൂലൈ 2021)
പാലക്കാട് വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് കവറില്‍ സൂക്ഷിച്ച പണം ഏജന്റിന് കൈമാറാൻ ശ്രമിയ്ക്കുന്നതിനിടെ പിടികൂടിയത്.

സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം ഷാജി, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷബീറലി, ജോസഫ് റോഡിഗ്രസ്, അരുണ്‍കുമാര്‍, ഓഫീസ് അസിസ്റ്റന്‍റ് റിഷാദ് എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു

ഇന്നലെ ചെക്ക് പോസ്റ്റില്‍ നിന്നും പിഴയിനത്തിലും മറ്റുമായി സര്‍ക്കാരിന് ലഭിച്ചത് രണ്ടു ലക്ഷത്തി അമ്പതിനായിരത്തി അന്‍പത് രൂപയാണ്. എന്നാല്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 2 മണി വരെ 1,70,000 രൂപയാണ് കൈക്കൂലിയായി പിരിച്ചെടുത്തതെന്ന് വിജിലന്‍സ് പറഞ്ഞു.

പിരിച്ചെടുത്ത പണം ലോറി ഡ്രൈവര്‍ മുഖേന പാലക്കാട്ടെ ഏജന്റിന് എത്തിച്ചു നല്‍കും. ഈ ഏജന്റ് പിന്നീട് ഈ പണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ചെയ്യുക. ഇന്ന് നാമക്കലില്‍ നിന്നും ലോഡുമായി വന്ന ലോറി ഡ്രൈവര്‍ മോഹന സുന്ദരത്തിന് പണം കൈമാറുമ്പോഴാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

മുന്‍പും വാളയാറില്‍ വിജിലന്‍സ് റെയ്ഡ് നടത്തി ലക്ഷങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഓരോ തവണയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെങ്കിലും പണപ്പിരിവ് വീണ്ടും തുടരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only