25 ജൂലൈ 2021

ഏഴുവര്‍ഷത്തെ പ്രണയം, വിളിച്ചിറക്കി വിവാഹം; 22 കാരിയായ നവവധു ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
(VISION NEWS 25 ജൂലൈ 2021)

ശാസ്താംകോട്ട : നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് (22) ആണ് മരിച്ചത്. കുണ്ടറ പേരയം വല്യവിളവീട്ടില്‍ ഷണ്‍മുഖദാസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹിതരായി രണ്ടരമാസം തികയുന്നതിനിടയിലാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സ്ത്രീധനം സംബന്ധിച്ച് പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷും ധന്യയും ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മേയ് ഏഴിനാണ് വിവാഹിതരായത്. രണ്ടു ജാതിയില്‍പ്പെട്ടവരാണ് ഇരുവരും. ധന്യയുടെ അച്ഛന്റെ കുടുംബം രാജേഷിന്റെ വീടിന്റെ തൊട്ടടുത്താണ്. യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തിന് എതിര്‍ത്തതോടെ മേയ് ആദ്യം ധന്യയെ രാജേഷ് വിളിച്ചിറക്കിക്കൊണ്ടുവന്നു. തുടര്‍ന്ന് ഇരുവീട്ടുകാരുംചേര്‍ന്ന് മുളവനയിലെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്തി.

ധന്യ എല്ലാവരുമായി സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നതെന്നും ഭര്‍ത്തൃവീട്ടില്‍ വിഷമകരമായ അവസ്ഥയുള്ളതായി അറിയിച്ചിട്ടില്ലെന്നും അച്ഛന്‍ ഷണ്‍മുഖദാസ് പറഞ്ഞു. ബി.എസ്സി. നഴ്സിങ് ബിരുദധാരിയാണ് ധന്യ. കരുനാഗപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലിക്കുകയറുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

പോലീസ് പറയുന്നത്: സ്ഥിരമായി മദ്യപിക്കാറുള്ള രാജേഷ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ അമിതമായി മദ്യപിച്ചെത്തി. ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടു. രാജേഷ് പുറത്തുകിടന്ന ടിപ്പര്‍ ലോറിയില്‍ ഉറങ്ങി. മഴപെയ്തപ്പോള്‍ ധന്യതന്നെ ഇയാളെ വിളിച്ചുകൊണ്ടുവന്ന് മുറിയില്‍ കിടത്തി.

വഴക്കിട്ടതുകാരണം രാജേഷ് കട്ടിലില്‍ കിടക്കാതെ താഴെയാണ് കിടന്നത്. പുലര്‍ച്ചെ ഉണര്‍ന്നുനോക്കിയപ്പോള്‍ ജനാലക്കമ്പിയില്‍ തൂങ്ങിനില്‍ക്കുന്നതുകണ്ടു. രാജേഷിന്റെ നിലവിളികേട്ടെത്തിയ മാതാപിതാക്കളും അയല്‍വാസികളുംചേര്‍ന്ന് ഷാള്‍ അറത്തിട്ട് ധന്യയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only