10 ജൂലൈ 2021

സഹപാഠിക്കൊരു കൈത്താങ്ങ്‌: കൂടത്തായി സെന്റ്‌ മേരീസ്‌ സ്കൂളിലെ സ്റ്റുഡൻസ്‌ പോലീസ്‌ കേഡറ്റ്‌ വിദ്യാർത്ഥികൾക്ക്‌ നൽകിയത്‌ 59 മൊബൈൽ ഫോണുകൾ.
(VISION NEWS 10 ജൂലൈ 2021)


ഓമശ്ശേരി:കൂടത്തായി സെന്റ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും കുട്ടിപ്പോലീസിന്റെ കരുതലിൽ ഓൺലൈൻ പഠന സൗകര്യം സാധ്യമായി.സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് 'സഹപാഠിക്കൊരു കൈത്താങ്ങ്‌' പദ്ധതിയിൽ ഉൾപ്പെടുത്തി ഓൺലൈൻ പഠനത്തിന്‌ സൗകര്യമില്ലാതിരുന്ന 59വിദ്യാർത്ഥികൾക്ക്‌ 32 ജി.ബി.മെമ്മറി കപ്പാസിറ്റിയും 2 ജി.ബി.റാമും 5000 എം.എ.എച്ച്‌.ബാറ്റരി പവറുമുള്ള ഒരു വർഷ വാറണ്ടിയോട്‌ കൂടിയ മികച്ച കമ്പനിയുടെ 59 മൊബൈൽ ഫോണുകളാണ്‌ കൈമാറിയത്‌.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.വിദ്യാലയത്തെ സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള സ്ഥാപനമായി പ്രഖ്യാപനം നടത്തി.പാഠ്യ-പാഠ്യേതര രംഗത്ത്‌ ഉന്നത നിലവാരം പുലർത്തുന്ന കൂടത്തായി സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻസ്‌ പോലീസ്‌ യൂണിറ്റ്‌ നടത്തിയ സേവനം വളരെ മഹത്തരവും വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.സമർപ്പിതരായ അധ്യാപകരും കർമ്മനിരതരായ വിദ്യാർത്ഥികളും സ്കൂളിനു മാത്രമല്ല സമൂഹത്തിന്‌ തന്നെ മാതൃകയാണ്‌.കോവിഡ്‌ മഹാമാരിയുടെ കാലത്ത്‌ നാല്‌ ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ ചുരുങ്ങിയ സമയത്തിനുള്ളിൽ മഹാ ദൗത്യം ഏറ്റെടുത്ത്‌ പൂർത്തീകരിച്ച സ്റ്റുഡൻസ്‌ പോലീസും അവർക്ക്‌ നേതൃത്വം നൽകുന്ന അധ്യാപകരും അസൂയാവഹമായ പ്രവർത്തനമാണ്‌ കാഴ്ച്ച വെച്ചതെന്നും അവരെ മുക്തകണ്ഠം പ്രശംസിക്കുന്നതായും ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.റവ.ഫാ.തോമസ് തെക്കേൽ അനുഗ്രഹ പ്രഭാഷണം നടത്തി.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് ‌കമ്മിറ്റി ചെയർപേഴ്സൺ സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എസ്‌.പി.സി.അഡ്നോ സന്തോഷ്‌ കുമാർ,കോടഞ്ചേരി എസ്‌.ഐ.ജയരാജ് എം.കെ‌,സ്കൂൾ മാനേജർ ഫാ. ജോർജ് ഏഴാനിക്കാട്ട്,പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ,പി.ടി.എ.പ്രസിഡന്റ്‌ കെ പി സദാശിവൻ,എസ്‌.പി.സി.പി. ടി.എ.പ്രസിഡണ്ട്‌ പി.എം.ജോബി,സ്റ്റാഫ്‌ സെക്രട്ടറി ഗ്രെയ്സൺ ജോസ് സംസാരിച്ചു.

സ്കൂൾ പ്രധാനാധ്യാപിക ഇ.ഡി.ഷൈലജ സ്വാഗതവും,എസ്‌.പി.സി.യുടെ സി.പി.ഒ.റെജി.ജെ.കരോട്ട് നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only