28 ജൂലൈ 2021

'നമ്മുടെ കുട്ടികള്‍ മിടുക്കന്മാരാണ്, അവരുടെ വിജയത്തെ ആക്ഷേപിക്കരുത്'; ട്രോളുകള്‍ക്കെതിരെ വീണ്ടും മന്ത്രി ശിവന്‍കുട്ടി
(VISION NEWS 28 ജൂലൈ 2021)
വളരെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളാണ് നമ്മുടേത്, അവരെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുതെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി. പരീക്ഷാ ഫല പ്രഖ്യാപനത്തിന് ശേഷമുള്ള ട്രോളുകള്‍ കുട്ടികളെ വിഷമിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

‘നമ്മുടെ കുട്ടികള്‍ നല്ല മിടുക്കന്മാരാണ്. എസ്.എസ്.എല്‍.സിക്കും നല്ല റിസള്‍ട്ടായിരുന്നു. നമ്മുടെ കുട്ടികളാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ആക്ഷേപിക്കുന്ന നിലയിലുള്ള സ്ഥിതി ഉണ്ടാകരുത്.

അന്യസംസ്ഥാന തൊഴിലാളിക്ക് എ പ്ലസ് കിട്ടി എന്നൊക്കെ പറഞ്ഞാണ് തമാശകള്‍. തമാശ നല്ലതാണ് അത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യവുമാണ്. പക്ഷേ കുട്ടികളുടെ മനോവീര്യം തകര്‍ക്കുകയും, മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള ട്രോള്‍ എന്ന് പറയുന്ന ചില തമാശകള്‍ സമൂഹം അംഗീകരിക്കുന്നില്ല. ഇത്തരം തമാശകള്‍ ഉത്പാദിപ്പിക്കുന്നവര്‍ അത് ആസ്വദിക്കുന്നുണ്ടെങ്കിലും, ഒരുപാട് കുട്ടികള്‍ക്ക് അത് വിഷമമുണ്ടാക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് പല കുട്ടികളും പരാതിയും പറഞ്ഞിട്ടുണ്ട്,’ ശിവന്‍കുട്ടി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only