22 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 22 ജൂലൈ 2021)

🔳ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിക്കുന്നത്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.

🔳കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്രം സത്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റാവത്തും പറഞ്ഞു.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. കോണ്‍ഗ്രസ് എം.പി. ശശി തരൂരാണ് സമിതി അധ്യക്ഷന്‍. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും കമ്മറ്റി ചോദ്യം ചെയ്യും.

🔳ഫോണ്‍ ചോര്‍ത്തല്‍ അഥവാ നിരീക്ഷണ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഒ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിന് എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ അത് വിശദമായി അന്വേഷിക്കുമെന്ന് എന്‍.എസ്.ഒ. അറിയിച്ചു. അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

🔳ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തി. ഇത് ഇന്ത്യന്‍ സൈന്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു.

🔳ഷാസിയ ഇല്‍മിയെയും പ്രേം ശുക്ലയെയും ബി.ജെ.പി ദേശീയ വക്താക്കളായി നിയമിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ഷാസിയ ഇല്‍മിയെയും പ്രേം ശുക്ലയെയും ബി.ജെ.പി ദേശീയ വക്താക്കളായി നിയമിച്ച് ഉത്തരവിറക്കിയത്.

🔳സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ആനയറ സ്വദേശിയും ആനയറ സ്വദേശിനിയും പേട്ട സ്വദേശിനി എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.  

🔳ബജറ്റ് പാസാക്കാനുള്ള നിയമസഭാസമ്മേളനം ഇന്ന് തുടങ്ങും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

🔳എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

🔳മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി കുണ്ടറയില്‍ പീഡനപരാതി ഉന്നയിച്ച യുവതി. മന്ത്രി ശശീന്ദ്രനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം എന്താണെന്നും അവര്‍ ചോദിച്ചു. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാല്‍ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്നതെന്നും യുവതി പറഞ്ഞു.

🔳പ്രതിനിധികളുടെ എണ്ണംകുറച്ച് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ സി.പി.എം. ഒരുങ്ങുന്നു. ലോക്കല്‍സമ്മേളനംമുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രതിനിധികളുടെ എണ്ണംകുറയ്ക്കും. ഇതുസംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം ഉടനുണ്ടാകും. ഓരോ സമ്മേളനത്തിലും എത്രകണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് നിശ്ചയിച്ചിട്ടില്ല.

🔳നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈ പോലീസ്. കേസില്‍ ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശില്‍പയ്ക്ക് പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും കാര്യം വിശദമായി പരിശോധിക്കുമെന്നും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു.

🔳യോഗ ചെയ്യുന്നതിനിടെ വീണ് തലക്ക് ഗുരുതര പരിക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ.ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി.അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ഫെര്‍ണാണ്ടസിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

🔳ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച ശിവസേന എം.പി. സഞ്ജയ് റാവത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി ബിജെപി. സഞ്ജയ് റാവത്തിന്റേത് മുതലക്കണ്ണീരാണെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ കയറ്റണമെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം.

🔳ബി.ജി.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് മമതയുടെ പ്രസ്താവന. മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. ഇവ മൂന്നിനെയും കീഴടക്കാന്‍ പെഗാസസിന് സാധിച്ചുവെന്നും മമത ആരോപിച്ചു.

🔳പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നടത്തിയ ആരോപണങ്ങളില്‍ മാപ്പ് പറയില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധു. നവജ്യോത് സിങ്ങുമായി അടുത്ത വ്യത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. അതേസമയം തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാതെ നവജ്യോത് സിങ് സിദ്ധുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അമരീന്ദര്‍ സിങ്.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്തി നവജ്യോത് സിങ് സിദ്ധു. 77ല്‍ 62 എംഎല്‍എമാരെയാണ് സിദ്ധു സുവര്‍ണക്ഷേത്രത്തില്‍ ബുധനാഴ്ച അണിനിരത്തിയത്. പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പെന്ന നിലയില്‍ പിസിസി അധ്യക്ഷസ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള നീക്കം ശക്തിപ്രകടനമായാണ് വിലയിരുത്തുന്നത്.

🔳വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ഇന്ത്യയ്ക്കെതിരെ നിലകൊള്ളുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് ആനന്ദ്
സ്വരൂപ് ശുക്ല പറഞ്ഞു. പ്രശസ്ത കവി മുനവ്വര്‍ റാണയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. യോഗി ആദിത്യനാഥ് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായാല്‍ സംസ്ഥാനം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുനവ്വര്‍ റാണ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

🔳ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി. യു.കെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യയില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നീരവ് അപ്പീല്‍ നല്‍കിയത്.

🔳അഫ്ഗാനിസ്ഥാനില്‍ നിന്നും ഉടന്‍ രക്ഷപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് വിഭാഗക്കാര്‍. താലിബാന്‍ അധിനിവേശത്തെ പേടിച്ചുകഴിയുന്ന 150 ഹിന്ദു, സിഖ് മത വിശ്വാസികള്‍ കാബൂളിലുണ്ടെന്നും ഏത് നിമിഷവും ഇവരുടെ ജീവന്‍ അപകടത്തിലാകുമെന്നും സിഖ് മത പ്രതിനിധി ഗുര്‍ണാം സിങ് ദേശീയ മാധ്യത്തോട് വെളിപ്പെടുത്തി.

🔳ജയിച്ചെന്നുറപ്പിച്ച മത്സരം കൈവിട്ടതിന്റെ അരിശം മൈതാന മധ്യത്ത് ടീം ക്യാപ്റ്റനോട് തീര്‍ത്ത് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. രണ്ടാം ഏകദിനത്തില്‍ ദീപക് ചാഹറിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു സംഭവം. മൈതാന മധ്യത്ത് വെച്ച് മിക്കി ആര്‍തറും ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

🔳2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്‌ബെയ്ന്‍.

🔳ഒളിമ്പിക്സ് വനിതാ ഫുട്ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീല്‍ വനിതാ ടീം തകര്‍ത്തത്. അതേസമയം മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അമേരിക്കയെ സ്വീഡന്‍ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അമേരിക്കയുടെ തോല്‍വി.

🔳കേരളത്തില്‍ ഇന്നലെ 1,45,993 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 42 ശതമാനവും കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447.

🔳രാജ്യത്ത് ഇന്നലെ 41,683 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,793 പേര്‍ രോഗമുക്തി നേടി. മരണം 510. ഇതോടെ ആകെ മരണം 4,19,021 ആയി. ഇതുവരെ 3,12,56,839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.03 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,891 പേര്‍ക്കും കര്‍ണാടകയില്‍ 1,639 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,527 പേര്‍ക്കും ഒഡീഷയില്‍ 1,927 പേര്‍ക്കും ആസാമില്‍ 1,547 പേര്‍ക്കും മണിപ്പൂരില്‍ 1327 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,29,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 45,582 പേര്‍ക്കും ബ്രസീലില്‍ 54,213 പേര്‍ക്കും റഷ്യയില്‍ 23,704 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,104 പേര്‍ക്കും സ്പെയിനില്‍ 30,587 പേര്‍ക്കും ഇറാനില്‍ 27,379 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 33,772 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.27 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.33 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,169 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 383 പേരും ബ്രസീലില്‍ 1,302 പേരും റഷ്യയില്‍ 783 പേരും കൊളംബിയയില്‍ 351 പേരും അര്‍ജന്റീനയില്‍ 437 പേരും ഇന്‍ഡോനേഷ്യയില്‍ 1,383 പേരും സൗത്ത് ആഫ്രിക്കയില്‍ 341 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.41 ലക്ഷം.

🔳ബാബരാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പതഞ്ജലിയുടെ ഐപിഒ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ഞജലിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വൈകാതെ ഉണ്ടാവുമെന്ന് ബാബ രാംദേവും പ്രതികരിച്ചു. നിലവിലെ ഓഹരി ഉടമകളുടെ താല്‍പര്യം പരിഗണിച്ചാവും ഐപിഒ നടത്തുക.

20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് കൂടി ഹാള്‍മാര്‍ക്കിംഗ് യുഐഡി രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ന്റെ അംഗീകാരം. 14, 18, 22 കാരറ്റ് ആഭരണങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഹാള്‍മാര്‍ക്ക് യുഐഡി മുദ്ര പതിച്ചിരുന്നത്. എന്നാല്‍, ഇനിമുതല്‍ ആറ് കാരറ്റുകളില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കാന്‍ രാജ്യത്തെ നിര്‍മാതാക്കള്‍ക്ക് സാധിക്കും. ഡയമണ്ട് ആഭരണങ്ങളാണ് 18 കാരറ്റില്‍ നിര്‍മ്മിക്കുന്നത്.

🔳ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളത്തില്‍ അടുത്ത കാലത്തൊന്നും വന്നിട്ടില്ല അബ്സെര്‍ഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ രസകരമായ ആ ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്. ഒരു പക്കാ കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

🔳സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ സിനിമയാണ് റോയ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈന്‍ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം. ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്. അന്തര്‍മുഖനാണ് സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന റോയ് എന്ന കഥാപാത്രം. റോയ്യുടെ ഭാര്യക്ക് വ്യത്യസ്തമായ വീക്ഷണമുണ്ട്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.

🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റി ഇന്ത്യയില്‍ മള്‍ട്ടിസ്ട്രാഡ വി4 മോട്ടോര്‍സൈക്കിളിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ഡുകാറ്റി ഡീലര്‍ഷിപ്പുകളില്‍ ഒരു ലക്ഷം രൂപ നല്‍കി അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം. മള്‍ട്ടിസ്ട്രാഡ വി4, മള്‍ട്ടിസ്ട്രാഡ വി4 എസ് എന്നീ രണ്ട് വേരിയന്റുകളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വേരിയന്റുകളിലും 1,158 സിസി, വി4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹൃദയം.

🔳ഇരുപതാം നൂറ്റാണ്ടിലെ മികച്ച ത്രില്ലര്‍ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എഡ്ഗാര്‍ വാലസിന്റെ മൂന്നു നീണ്ട കഥകളുടെ സമാഹാരം. 'സ്‌കോട്‌ലന്‍ഡ് യാര്‍ഡ് കഥകള്‍'. പരിഭാഷ: സി.വി. സുധീന്ദ്രന്‍. മാതൃഭൂമി. വില 168 രൂപ.

🔳തലമുടി തഴച്ച് വളരാന്‍ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്. മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. ഇലക്കറികള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം തെരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. ചെറുപയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറേ നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ തണ്ണിമത്തന്‍ വില്‍ക്കുയാണ്. കടയുടെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. - ഒരെണ്ണം 30 രൂപ മൂന്നെണ്ണം 100 രൂപ. ഒരു ചെറുപ്പക്കാരന്‍ വന്ന് മൂന്നെണ്ണം ഒരുമിച്ച് വാങ്ങുന്നതിന് പകരം 3 തവണയായി വാങ്ങുകയും ഓരോ തവണയും 30 രൂപ കൊടുക്കുകയും ചെയ്തു, എന്നിട്ട് കടക്കാരനോട് അയാള്‍ ഇങ്ങനെ പറഞ്ഞു' എടോ താന്‍ 3 എണ്ണം 100 രൂപ എന്നെഴുതി വെച്ചിട്ടും 90 രൂപയ്ക്ക് ഞാന്‍ 3 എണ്ണം വാങ്ങിയത് കണ്ടോ.. തനിക്ക് ബിസിനസ്സ് അറിയില്ല. മറ്റ് വല്ല പണിയും നോക്ക്'. അയാള്‍ പോയപ്പോള്‍ കടക്കാരന്‍ ചിരിച്ചു. ഇത് കണ്ട് കടക്കാരന്റെ സുഹൃത്ത് ചോദിച്ചു: അയാള്‍ തനിക്ക് കച്ചവടം അറിയില്ല എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് ചിരിക്കുന്നത്? കടക്കാരന്‍ പറഞ്ഞു: ഈ ബോര്‍ഡ് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കൊണ്ട് എല്ലാവരും ഒന്നിനു പകരം മൂന്നെണ്ണം വാങ്ങി 10 രൂപ ലാഭിച്ചതിന്റെ അഹങ്കാരത്തിലാണ് മടങ്ങുന്നത്. എന്നിട്ട് അവര്‍ പറയും എനിക്ക് ബിസിനസ്സ് അറിയില്ലെന്ന് ഒരു കാര്യത്തോട് എല്ലാവര്‍ക്കും ഒരേ സമീപനമാകില്ല. ചിലര്‍ എല്ലാം പണ്ടുമുതലേ പിന്തുടര്‍ന്നുവന്ന രീതിയില്‍ ചെയ്യും. ചിലര്‍ക്ക് എല്ലാറ്റിനും തനതായ വഴികളും ശൈലികളും ഉണ്ടാകും. എന്ത് അവതരിപ്പിക്കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് അത് എങ്ങിനെ അവതരിപ്പിക്കുന്നു എന്നത്. അത് ഉത്പന്നമായാലും അഭിപ്രായമായാലും. പുതിയ വീക്ഷണകോണുകളും കാഴ്ചപ്പാടുകളുമുളളവര്‍ക്ക് മാത്രമേ ദിനചര്യകളില്‍ പോലും പുതുമ കണ്ടെത്താനാകൂ. - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only