26 ജൂലൈ 2021

സമ്മാന കാർഡ് ചുരണ്ടിയപ്പോൾ നഷ്ടപ്പെട്ടത് അക്കൗണ്ടിലെ പണം
(VISION NEWS 26 ജൂലൈ 2021)

കാസർകോട്: പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരമാണ് ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്. ഇത് തുറന്ന് ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ 4993 രൂപ സമ്മാനം ലഭിച്ചതായും ഫോണിൽ കാണിച്ചു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന്‌ 4993 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു.

പണമിടപാട് രേഖയിൽ അഭിഷേക് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്നാൽ പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒ.ടി.പി.യോ രഹസ്യ നന്പറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലിമ്‌നിത്ത് പറഞ്ഞു. അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെട്ട ഉടൻ സൈബർ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്കി. കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെ ലിമ്‌നിത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിയാലേ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only