05 ജൂലൈ 2021

പോകണമെങ്കില്‍ കുഞ്ഞിനെ തന്നിട്ട് പോകാമായിരുന്നു; നടന്നതൊക്കെ അവിശ്വസനീയമെന്ന് രേഷ്മയുടെ ഭർത്താവ്
(VISION NEWS 05 ജൂലൈ 2021)


തിരുവനന്തപുരം: മറ്റൊരാളുടെ കൂടെ പോകണമെന്നായിരുന്നെങ്കില്‍ കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ചിട്ടുപോകാമായിരുന്നില്ലേ എന്ന് കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. നടന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താനിപ്പോള്‍ ഉളളതെന്നും വിഷ്ണു മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ പ്രതികരിച്ചു.

രേഷ്മയുടേയും വിഷ്ണുവിന്റേയും പ്രണയവിവാഹമാണ്. മൂന്ന്-നാല് വര്‍ഷം പ്രണയച്ചതിനു ശേഷമാണ് വിവാഹം ചെയ്തത്. രേഷ്മയുടെ പത്തൊമ്പതാം വയസ്സിലാണ് വിവാഹം നടന്നത്. വലിയ പ്രശ്‌നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ചാറ്റിങ് ഒക്കെ തുടങ്ങിയത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന പ്രശ്‌നം ഒരു വര്‍ഷത്തോളമായി ഉണ്ടായിരുന്നു. അതിന്റെ പേരില്‍ വലിയ വഴക്കുകള്‍ ഉണ്ടായി. ഒരു തവണ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചിരുന്നു. ഇനി മേലാല്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പുതിയ ഫോണ്‍ വാങ്ങിക്കൊടുത്തത്. പിന്നേയും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. 

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കല പോയെന്ന കാര്യം അറിഞ്ഞിട്ട് പ്രശ്‌നമുണ്ടായി. ചേച്ചീന്റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് രേഷ്മ ഇറങ്ങിയത്. എന്നാല്‍ തന്റെ സുഹൃത്താണ് രേഷ്മ വര്‍ക്കലയിലൂടെ നടന്നുപോവുന്ന കാര്യം വിളിച്ചുപറഞ്ഞത്. അന്നും പ്രശ്‌നമുണ്ടായി. വഴക്കിന്റെ ഇടയില്‍ ഫോണിന്റെ സിം ഒടിച്ചുകളഞ്ഞു. അവസാനം ഫെയ്‌സ്ബുക്ക് സുഹൃത്തായ അനന്തുവിനെ കാണാന്‍ പോയതാണെന്ന് പറഞ്ഞു. പിന്നെ ഫോണ്‍ കൊടുത്തില്ല. അതിനു ശേഷം താന്‍ ഗള്‍ഫിലേക്ക് പോയി. അപ്പോഴാണ് പിന്നേയും ഫോണ്‍ കൊടുത്തത്. 

കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ നിന്ന് കിട്ടിയ ദിവസം ഒരു സംശയവും രേഷ്മയുടെ പെരുമാറ്റത്തില്‍ തോന്നിയില്ല. പോലീസുകാരോട് എല്ലാ കാര്യവും പറഞ്ഞുകൊടുത്തതും കൂടെ നിന്ന് ഓടിനടന്ന് സ്ഥലം കാണിച്ചുകൊടുത്തതുമെല്ലാം രേഷ്മ തന്നെയാണ്. പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ല. വിറക് കീറുന്നതടക്കം എല്ലാ ജോലിയും രേഷ്മ തന്നെയാണ് ചെയ്തത്. കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിനു ശേഷം ഫെബ്രുവരിയില്‍ താന്‍ ഗള്‍ഫില്‍ പോയി. പിന്നീടുള്ള ഫോണ്‍ സംഭാഷണത്തില്‍ ഈ കേസിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഡിഎന്‍എ ടെസ്റ്റിന് പോകുമ്പോഴും ഒരു പ്രശ്‌നവുമില്ലാതെയാണ് രേഷ്മ കൂടെ വന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയില്ല. 

രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം സുഹൃത്താണ് ഡിഎന്‍എ ചേര്‍ന്നിട്ടുണ്ടെന്ന കാര്യം വിളിച്ചുപറഞ്ഞത്. അറസ്റ്റിലായ രേഷ്മയോട് സംസാരിക്കണോ എന്ന് പോലീസ് ചോദിച്ചു. താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഡിഎന്‍എയാക്കാള്‍ വലിയ എന്ത് കാര്യമാണ് ഇനി ചോദിച്ചറിയേണ്ടത്.

രേഷ്മയും ആര്യയും ഗ്രീഷ്മയും നല്ല കൂട്ടാണ് എന്നറിയാം. എന്നാലും ഇങ്ങനെയൊരു തമാശക്കളി എന്തിനാണെന്ന് അറിയില്ല. രേഷ്മ അറസ്റ്റിലായ ദിവസം, ആര്യയേയും ഗ്രീഷ്മയേയും കാണാതായ തലേദിവസമാണ് രേഷ്മയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന കാര്യം അറിഞ്ഞത്. ആര്യയാണ് ഇത് തന്നോട് പറഞ്ഞത്. അനന്തു എന്നൊരാള്‍ ഉണ്ടെന്നാണ് താനും വിശ്വസിച്ചിരുന്നത്. പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും എന്നോട് പറഞ്ഞിരുന്നില്ല. 

മറ്റൊരാളുടെ കൂടെ പോകണമെന്ന് തീരുമാനമെങ്കില്‍ കുഞ്ഞിനെ എന്നെ ഏല്‍പ്പിച്ചിട്ടുപോയിക്കൂടെ, കുഞ്ഞിന്റെ ജീവന്‍ കളയേണ്ടിയിരുന്നില്ല. മൂത്ത മകളുടെ കൈ ഒന്ന് മുറിഞ്ഞാല്‍ പോലും സഹിക്കാന്‍ പറ്റാത്തയാളാണ് താന്‍- വിഷ്ണു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only