👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ജൂലൈ 2021

പ്രാണൻ പകുത്ത് തന്നവളെ തന്റെ പ്രാണനിൽ പാതിയാക്കി വികാസ് എന്ന ചെറുപ്പക്കാരൻ.
(VISION NEWS 28 ജൂലൈ 2021)കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും, യഥാർത്ഥ ജീവിതത്തിൽ നടന്ന ഈ കഥ ത്യാഗം കൊണ്ട് ദിവ്യാനുരാഗത്തിൻ ജീവിതം പടുത്തുയർത്തിയവരുടെതാണ്. നായിക ജ്യോതിയാണ്, നായകൻ വികാസും. തീർത്തും അപരിചിതനായ, ആദ്യമായി കാണുന്ന ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ പകരമായി നിങ്ങളുടെ കൈകൾ മുറിച്ചു നൽകാമോ? ഇതിന് പലരുടെയും ഉത്തരം ഇല്ല എന്നാണെങ്കിൽ, ജ്യോതി എന്ന പെൺകുട്ടിയുടെ ഉത്തരം അതെ എന്ന് തന്നെയാണ്. അത് തന്നെയാണ് ജ്യോതി എന്ന പെൺകുട്ടി തന്റെ ജീവിതത്തിലും ചെയ്തത്. സംഭവം ഇങ്ങനെ,

ചത്തീസ്ഗഡിലെ ബച്ചേലി എന്ന ഗ്രാമം സ്വദേശിയായ ജ്യോതിക്ക് ചെറുപ്പം മുതൽ ഒരു നേഴ്സ് ആകണം എന്നാണ് ആഗ്രഹം. തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ജ്യോതി ആവുവോളം പഠിച്ചു. പ്ലസ് ടുവിൽ ഉന്നത മാർക്ക് കരസ്ഥമാക്കി വീട്ടിൽ നിന്നും 12 മണിക്കൂർ ബസ് യാത്ര ചെയ്താൽ എത്തുന്ന ദുർഗിലെ മൈത്രി കോളേജിൽ ഒടുവിൽ ബി എസ് സി നഴ്സിങ്ങിന് അഡ്മിഷനും കരസ്ഥമാക്കി ഈ മിടുക്കി. അതോടെ ജ്യോതി തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങി. ” ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് ആവുന്നത് ചെയ്യണം” ഇതായിരുന്നു ജ്യോതി പഠിച്ച നഴ്സിങ് കോളേജിൽ ആദ്യമായി അധ്യാപകൻ പകർന്നു നൽകിയ പാഠം. അത് മനസ്സിൽ ഹൃദിസ്ഥമാക്കി ജ്യോതി. ക്ലാസുകൾ ഒന്നൊന്നായി കഴിഞ്ഞു തുടങ്ങി, ജ്യോതിക്ക് വീട്ടുകാരെ കാണാൻ കൊതിയായി തുടങ്ങി.
ഒടുവിൽ അവൾ ജനുവരി മൂന്നിന് തന്റെ ആദ്യത്തെ അവധിക്കായി അക്ഷമയായി കാത്തിരുന്നു, എന്നാൽ ആ ദിവസം ജ്യോതിയുടെ ജീവിതത്തിന്റെ വിധി കുറിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ചിലത് നഷ്ടപ്പെടാനും, പകരം ചിലത് സ്വന്തമാക്കാനുള്ള ദിവസമായിരുന്നു അത്. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ സമയം വീട്ടിലേക്ക് പോകാനായി ജോതി ബസ്സിൽ കയറി. യാത്രകൾ കാണാൻ ആയി സൈഡ് സീറ്റിൽ തന്നെ ഇരുന്നു. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ആ സമയത്താണ് മദ്യപിച്ച് ഡ്രൈവർ തന്റെ ടാങ്കർലോറി വളരെ വേഗത്തിൽ ബസിന്റെ സൈഡ് വശങ്ങളിൽ ഇടിക്കാൻ ആയി ലക്ഷ്യംവെച്ച് വരുന്നത് ജ്യോതി കണ്ടത്. അതോടെ വശങ്ങളിൽ ഇരുന്ന ജ്യോതി ഉൾപ്പെടെ എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു,

എന്നാൽ തൊട്ടു മുൻപിലെ സീറ്റിൽ തല വെളിയിലേക്ക് ഇട്ട് ഉറങ്ങുന്ന യുവാവാണ് ജ്യോതിയുടെ ശ്രദ്ധയിലേക്ക് എത്തിയത്. ഒന്ന് ഒച്ച വെക്കാനോ തട്ടി വിളിക്കാനോ പോലുമുള്ള സമയമില്ല. ഒടുവിൽ ജ്യോതി തന്റെ വലതു കൈ കമ്പിക്കിടയിലൂടെ കടത്തി അയാളുടെ തല തള്ളിമാറ്റി. ആ നിമിഷം ആയിരുന്നു ജ്യോതിയുടെ തലവര മാറ്റിമറിച്ചത്. ജ്യോതിയുടെ കൈകൾ അറ്റുപോയി അവൾ മരവിച്ച അവസ്ഥയിലാണ്. ഉറങ്ങിക്കിടന്ന ആ യുവാവാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, പാലക്കാട് സ്വദേശി വികാസ്. വികാസ് കണ്ടത് രക്തത്തിൽ കുളിച്ച് നിൽക്കുന്ന ജ്യോതിയാണ്. ബസ്സിൽ ഉള്ളവർ, നിനക്ക് വേണ്ടിയാണ് ആ പെൺകുട്ടി കൈകൾ നഷ്ടപ്പെടുത്തിയത് എന്ന് പറഞ്ഞപ്പോൾ വികാസ് ഞെട്ടി. ബസ്സിൽ ഉള്ളവരെല്ലാം ടാങ്കർ ലോറിക്കാരനെ അടിക്കുന്ന തിരക്കിലായിരുന്നു, വികാസ് ആണ് ജ്യോതിയെ ആശുപത്രിയിലെത്തിച്ചത്.

അപകടം കഴിഞ്ഞ് ആറ് മണിക്കൂർ കഴിഞ്ഞതിനാൽ ജ്യോതിയുടെ കൈകൾ തുന്നി പിടിപ്പിക്കാൻ ആകില്ല എന്ന് ഡോക്ടർ പറഞ്ഞു. ജ്യോതി തന്റെ വീട്ടുകാരെ വിളിച്ചു, മറ്റൊരാൾക്ക് വേണ്ടി കൈകൾ നഷ്ടപ്പെടുത്തിയ മകളെ അവർ നിരുപാധികം വേണ്ടെന്നുവച്ചു. അതോടെ വികാസിന്റെ അനിയൻ, ജ്യോതിയെ തന്നെ ചേട്ടൻ സ്വീകരിക്കണം എന്ന് പറഞ്ഞു. എന്നാൽ തനിക്കുമേൽ യാതൊരുവിധ കരുണയുടെയോ സഹതാപത്തിന്റെയോ കൈകൾ നീളുന്നത് ജ്യോതിക്ക് ഇഷ്ടമല്ലായിരുന്നു. ഒടുവിൽ വികാസ് ഞാൻ നിന്നെ മാത്രമേ വിവാഹം കഴിക്കു അല്ലെങ്കിൽ എനിക്ക് ഒരു ജീവിതം വേണ്ട എന്ന് പറഞ്ഞതോടെ ജ്യോതി വികാസിനെ വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ട് മക്കളുമുണ്ട്. വികാസിന്റെ അനിയനെ കാണാൻ യാത്രതിരിച്ചപ്പോഴായിരുന്നു ഈ അപകടമുണ്ടായത്. ജ്യോതിക്ക് വെറും 19 വയസ്സ് മാത്രം പ്രായം. അന്നുമുതൽ വികാസ് ജ്യോതിയെ കൂടെ കൂട്ടി, മുടി കെട്ടി കൊടുക്കുന്നതും, ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം വികാസും,അമ്മയും, അനിയനും ചേർന്നാണ്. ജ്യോതി രാഷ്ട്രീയത്തിലും സജീവമാണ്. ഇപ്പോൾ ഈ വീട് ശരിക്കും ഒരു സ്വർഗം തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only