24 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 24 ജൂലൈ 2021)

🔳കോവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ പൗരന്മാരെല്ലാം പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിനായി യുഎസ് വാക്‌സിന്‍ കമ്പനിയായ ഫൈസറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

🔳അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു അന്തിമ രൂപം നല്‍കിയതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവിണ്‍ പവാര്‍ ലോക്‌സഭയില്‍ അറിയിച്ചു.

🔳കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത് ആലോചനയിലാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവിണ്‍ പവാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

🔳കോവിഡ് കാലത്ത് ഡല്‍ഹിയില്‍ പടക്കം നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡിന് ശേഷം വായു മലിനീകരണം കുറഞ്ഞാല്‍ നിരോധനത്തില്‍ ഇളവ് വരുത്തണമോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു. പടക്കം ഡല്‍ഹിയില്‍ ഉണ്ടാക്കുന്ന മലിനീകരണം അറിയാന്‍ ഐഐടി റിപ്പോര്‍ട്ടുകളുടെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

🔳ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

🔳സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.

🔳വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തില്‍ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

🔳കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാംതരംഗമാണോ എന്ന് പറയാനാവില്ല. കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. നേരത്തെയുള്ള ഡെല്‍റ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳ഐ.സി.എം.ആര്‍ 2021 ജൂണ്‍ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലന്‍സ് പഠനത്തിന്റെ ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി 42.7. സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനം പേര്‍ക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നതെന്നും കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാറ്റഗറി 'സി' യില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിക്കാം. കാറ്റഗറി 'ഡി'യില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ജോലിയില്‍ പ്രവേശിക്കാത്ത ബാക്കി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. ഓരോരുത്തര്‍ക്കും രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക.

🔳വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഎം ലക്ഷകണക്കിന് ആളുകള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണെന്നും കൂട്ടത്തില്‍ ആരെങ്കിലും ചിലര്‍ തെറ്റുകാണിച്ചാല്‍ അത് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ ഏത് സ്ഥാനം വഹിച്ചാലും പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കുരുക്കായി കള്ളപ്പണ കവര്‍ച്ചാ കേസിലെ കുറ്റപത്രം. കൊടകരയില്‍ പിടിച്ച മൂന്നര കോടി രൂപ കള്ളപ്പണമാണെന്നും അത് വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും കുറ്റപത്രിലുണ്ടെന്നാണ് വിവരം. കേസില്‍ കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധര്‍മരാജന്‍ സുരേന്ദ്രന്റേയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റേയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

🔳പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. സ്വതന്ത്ര ജമ്മുകശ്മീരിന് വേണ്ടിയുള്ള ബാനര്‍ താഹ ഫസലില്‍ നിന്ന് കണ്ടെത്തിയതായി എന്‍ഐഎ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അതെ സമയം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോയെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് ആരാഞ്ഞു.

🔳കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

🔳കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനന്യ മരിച്ച ദിവസം ജിജുവും ഫ്‌ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുളള സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്.

🔳കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

🔳സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടി. തിങ്കള്‍ മുതല്‍ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവര്‍ത്തനസയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.

🔳മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്' നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു.

🔳നിക്ഷേപ പദ്ധതിയുടെ പേരില്‍ 600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരേ കേസ്. 'ഹെലിക്കോപ്റ്റര്‍ സഹോദരങ്ങള്‍' എന്നപേരില്‍ തഞ്ചാവൂരില്‍ അറിയപ്പെട്ട എം.ആര്‍. ഗണേഷ്, എം.ആര്‍.സ്വാമിനാഥന്‍ എന്നിവര്‍ക്കേതിരെയാണ് പോലീസ് കേസെടുത്തത്.

🔳അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ് ഷിന്ദേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം പിന്‍വലിച്ചത്. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്. അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിന്ദേ ചൂട്ടിക്കാട്ടി.

🔳ഭര്‍ത്താവ് രാജ്കുന്ദ്ര നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇന്നലെ വൈകീട്ടാണ് മുംബൈയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്തത്. ഭര്‍ത്താവ് രാജ്കുന്ദ്രയുടെ നീലചിത്ര നിര്‍മാണവുമായി നടിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നതാണ് പോലീസ് ആരാഞ്ഞത്.
നീലചിത്ര നിര്‍മാണ വിവാദത്തിലെ പ്രധാന കേന്ദ്രമായ രാജ്കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ എന്ന കമ്പനയുടെ ഡയറക്ടറായിരുന്നു ശില്‍പ. ഇതിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് 2020-ല്‍ ശില്‍പാ ഷെട്ടി രാജിവെച്ചിട്ടുണ്ട്.

🔳ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ 47 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🔳മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

🔳ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം. ജൂണില്‍ ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്.

🔳നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അമരക്കാനായി ഔദ്യോഗികമായി ചുമതലയേറ്റു. തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ സാന്നിധ്യത്തിലാണ് സിദ്ധു പദവി ഏറ്റെടുത്തത്. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ സിദ്ധു, രാഷ്ട്രീയത്തില്‍ പുതിയ ചുമതല ഏറ്റെടുത്തത് ക്രിക്കറ്റ് സ്റ്റൈലിലായിരുന്നു.

🔳അടുത്ത മൂന്ന് മാസം ഡല്‍ഹിയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് കേസുകളില്‍ വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം ഡല്‍ഹി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

🔳ഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം.പി സുദീപ് ബന്ദ്യോപാധ്യയയില്‍ നിന്നാണ് മമത ബാനര്‍ജി സ്ഥാനമേറ്റെടുക്കുന്നത്. ഡെറിക് ഒബ്രയിനാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

🔳പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യ ഊര്‍ജോല്പാദന നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലുണ്ടായ പ്രളയം ഇന്ത്യക്ക് ഒരു
മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇത്തവണ ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

🔳താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ യു.എസ് വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഈ വ്യോമാക്രമണങ്ങളില്‍ ചുരുങ്ങിയത് 5 താലിബാന്‍ തീവ്രവാദികളെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

🔳ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാന്‍, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദിലെ ജെ. സുമരിവാല. ബെംഗളൂര്‍ സായ് കേന്ദ്രത്തില്‍ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ടോക്യോ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും എന്നാല്‍ ഇരുവരുടേയും പരിശീലകര്‍ മികച്ച പ്രകടനം ഉറപ്പ് നല്‍കിയതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സുമരിവാല വ്യക്തമാക്കുന്നു.

🔳ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയവുമായി ശ്രീലങ്ക. 226 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 48 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. 76 റണ്‍സെടുത്ത അവിശ്ക ഫെര്‍ണാണ്ടോയും 65 റണ്‍സ് അടിച്ച ഭാനുക രാജപക്‌സയുമാണ് ലങ്കയുടെ വിജയശില്‍പികള്‍. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ 46 റണ്‍സെടുത്ത് പുറത്തായി.

🔳കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കൊറോണയില്‍ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും ഇനി ഒരു വേദിയില്‍ മത്സരിക്കും. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്നലെ ഇന്ത്യന്‍ സമയം 4.30നായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി. ഗ്രീസിലൂടെ തുടക്കമിട്ട അത്‌ലറ്റ്‌സ് പരേഡില്‍ അവസാനമെത്തിയ രാജ്യം ജപ്പാനാണ്.

🔳കേരളത്തില്‍ ഇന്നലെ 1,28,489 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226.

🔳രാജ്യത്ത് ഇന്നലെ 39,496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,124 പേര്‍ രോഗമുക്തി നേടി. മരണം 541. ഇതോടെ ആകെ മരണം 4,20,043 ആയി. ഇതുവരെ 3,13,31,202 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.03 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,830 പേര്‍ക്കും കര്‍ണാടകയില്‍ 1,705 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,747 പേര്‍ക്കും ഒഡീഷയില്‍ 1,917 പേര്‍ക്കും ആസാമില്‍ 1,621 പേര്‍ക്കും മണിപ്പൂരില്‍ 1284 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,91,560 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 54,621 പേര്‍ക്കും റഷ്യയില്‍ 23,811 പേര്‍ക്കും ഫ്രാന്‍സില്‍ 19,561 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,389 പേര്‍ക്കും സ്പെയിനില്‍ 31,171 പേര്‍ക്കും ഇറാനില്‍ 21,814 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 49,071 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.38 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.37 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,875 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 381 പേരും റഷ്യയില്‍ 795 പേരും കൊളംബിയയില്‍ 354 പേരും ഇന്‍ഡോനേഷ്യയില്‍ 1,566 പേരും മെക്സിക്കോയില്‍ 419 പേരും സൗത്ത് ആഫ്രിക്കയില്‍ 450 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.57 ലക്ഷം.

🔳ജൂണ്‍ 30ന് അവസാനിച്ച 2021 - 22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്ന പ്രവര്‍ത്തനലാഭം 22 ശതമാനമാണ് വര്‍ധിച്ചത്. 8.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.41 ശതമാനം വര്‍ധിച്ച് 1,418 കോടി രൂപയിലുമെത്തി.

🔳സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 10.31 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ അറ്റാദായം 81.65 കോടി രൂപയായിരുന്നു. അതേസമയം, മുന്‍ ത്രൈമാസത്തിലെ അറ്റാദായത്തെക്കാള്‍ കൂടുതല്‍ നേടാനായിട്ടുണ്ട്. 87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ത്രൈമാസ പ്രവര്‍ത്തന ലാഭം 512.12 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 28.68 ശതമാനം. ഉപഭോക്തൃ നിക്ഷേപങ്ങളില്‍ 10 ശതമാനം വര്‍ധനയുണ്ട്. സേവിങ്‌സ് നിക്ഷേപം 18 ശതമാനം വര്‍ധിച്ചു. എന്‍ആര്‍ഐ നിക്ഷേപത്തിലെ വര്‍ധന 8 ശതമാനം.

🔳മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്ന സിനിമകള്‍ക്ക് ശേഷം പുതിയ സിനിമയുമായി വേണു എത്തുന്നു. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി'യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചിത്രം. 'കാപ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ മുതലായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ മൂവി ആയിട്ടാവും സിനിമ ഇറങ്ങുക.

🔳ഷാഫി എപ്പിക്കാട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'ചെക്കന്‍' എന്ന സിനിമയിലെ മാപ്പിളപ്പാട്ട് പുറത്ത്. പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ 'മലര്‍ കൊടിയേ ഞാന്‍ എന്നും' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അനു സിത്താര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്ത ഗാനം മില്ലേനിയം ഓഡിയോസാണ് പ്രേക്ഷകരില്‍ എത്തിച്ചത്. അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തില്‍ നായകന്‍ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലായ ഫാസിനോ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച് വിപണിയില്‍ എത്തി. ഒരുമാസം മുമ്പ് വിര്‍ച്വല്‍ ലോഞ്ചിലൂടെ അവതരിപ്പിച്ച വാഹനമാണ് ഇപ്പോള്‍ നിരത്തില്‍ എത്തിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളില്‍ പുതിയ ഫാസിനോ ഹൈബ്രിഡ് ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡലിന് 70,000 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 76,530 രൂപയുമാണ് എക്സ്ഷോറൂം വില.

🔳മനുഷ്യരാശിയുടെ ചരിത്രവും സംസ്‌കൃതിയും വിശകലനം ചെയ്യുന്ന, സമകാലികപ്രസക്തിയുള്ള ക്ലാസിക് കൃതിയുടെ ആദ്യ പരിഭാഷ. 'ഹോമോസാപിയന്‍സിന്റെ വിധി'. എച്ച്.ജി. വെല്‍സ്. പരിഭാഷ: പി.പി.കെ. പൊതുവാള്‍. മാതൃഭൂമി. വില 264 രൂപ.

'സ്‌ട്രെസ്' അമിതമായി അനുഭവിക്കുമ്പോള്‍ ചിലര്‍ അമിതമായി ഭക്ഷണവും കഴിച്ചുശീലിക്കും. സത്യത്തില്‍ ഇവിടെ വില്ലനാകുന്നത് 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ ആണ്. 'സ്‌ട്രെസ് ഹോര്‍മോണ്‍' എന്നും അറിയപ്പെടുന്ന ഹോര്‍മോണ്‍ ആണിത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അഡ്രിനാല്‍ ഗ്രന്ഥി ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നു. കോര്‍ട്ടിസോള്‍ ആകട്ടെ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത് നമ്മുടെ ശരീരം എങ്ങനെയാണ് കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നതിനെ സ്വാധീനിക്കുന്നു. ബിപി നിയന്ത്രിക്കുന്നു. ഷുഗര്‍ നില ഉയര്‍ത്തുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്നു. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. സമ്മര്‍ദ്ദത്തിന്റെ സമയം തീരുമ്പോള്‍ കോര്‍ട്ടിസോള്‍ അളവ് സാധാരണനിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഏറെ പഴകിയ സാഹചര്യത്തില്‍ (ക്രോണിക് സ്‌ട്രെസ്) കോര്‍ട്ടിസോള്‍ അളവ് എപ്പോഴും വര്‍ധിച്ചിരിക്കുകയും അത് ദഹനം തുടങ്ങി പ്രത്യുത്പാദനം, ഉറക്കം മുതല്‍ ശരീരഭാരം കൂടുന്നത്, തലവേദന മുതല്‍ ഹൃദ്രോഗം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. കോര്‍ട്ടിസോള്‍ അളവ് വര്‍ധിച്ചിരിക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഉണ്ടായിരിക്കും. ഇതിനനുസരിച്ച് വിശപ്പും വര്‍ധിക്കും. അതുപോലെ ഇന്‍സുലിന്‍ ഉത്പാദനം കാര്യക്ഷമമാകുന്നതോടെ രക്തത്തിലെ ഷുഗര്‍നില താഴുന്നു. ഇതും വിശപ്പിനെ അധികരിപ്പിക്കുന്നു. ആരോഗ്യകരമായി ഡയറ്റ് ക്രമീകരിക്കുക, വ്യായാമം ചെയ്യുക, യോഗ- മൈന്‍ഡ്ഫുള്‍നെസ് എന്നിവ പരിശീലിക്കുക, ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍ ചെയ്യുക എന്നീ കാര്യങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കാന്‍ സഹായകമാണ്.

*ശുഭദിനം*

വിശ്രമജീവിതം നയിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ഒരു സ്ത്രീ. അവരുടെ രചനകളെല്ലാം ദു:ഖമയമായിരുന്നു. എന്നും മദ്യപിക്കുകയും അവരോട് സ്ഥിരമായി കലഹിക്കുകയും ചെയ്യുമായിരുന്നു അവരുടെ ഭര്‍ത്താവ്. അവരുടെ ചെറുപ്പകാലത്തുതന്നെ അയാള്‍ മരിക്കുകയും ചെയ്തു. ഓമനിച്ചുവളര്‍ത്തിയ ഏകമകന്‍ അവരെ തനിച്ചാക്കി ദൂരെ കുടുംബമായി താമസിക്കുകയാണ്. എല്ലാം ദുഃഖകാരണങ്ങളാണ്. സുഹൃത്തുക്കളുടെ ആഘോഷങ്ങളില്‍ അവര്‍ പങ്കെടുക്കില്ല. ശിഷ്യന്മാരെയൊന്നും വീട്ടില്‍ സ്വീകരിക്കാറില്ല. അതെല്ലാം തന്റെ ഏകാന്തതയെ കൂടുതല്‍ മുറിപ്പെടുത്തും എന്നായിരുന്നു അവരുടെ ന്യായീകരണം. അവര്‍ ആ ജീവിതം മുഴുവന്‍ ഈ ഏകാന്തതയില്‍ തന്നെ കഴിച്ചുകൂട്ടി. തിരഞ്ഞെടുത്ത ചില ജീവിതങ്ങളെ ഓര്‍മ്മച്ചെപ്പിലാക്കിയാണ് ഓരോ ജീവിതവും മുന്നോട്ട് പോകുന്നത്. എന്തുതരം ഓര്‍മ്മകളെയാണ് ഓരോരുത്തരും തലോലിക്കുന്നത് എന്ന് അവരവരുടെ വര്‍ത്തമാനകാലം നമ്മോട് പറയും. സന്തോഷിക്കുന്നവര്‍ ഗുണകരമായവയെ കൊണ്ടുനടക്കുകയും ദുഃഖിക്കുന്നവര്‍ ദുരന്തങ്ങളെ കൊണ്ടുനടക്കുകയും ചെയ്യും. മറക്കാനാകാത്ത അനുഭവങ്ങള്‍ പറയാന്‍ പറഞ്ഞാല്‍ പലരും നങ്കൂരമിടുന്നത് സങ്കടങ്ങളുടെ തീരത്തായിരിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, മറവി കൂട്ടാനും ചിലപ്പോള്‍ മരുന്നു നല്ലതാണ്. ഓര്‍ക്കാന്‍ കഴിയുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മറക്കാന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ നമുക്ക് എഴുതി സൂക്ഷിക്കാം, എന്നാല്‍ മറക്കേണ്ടതോ? ഏതൊരാളോട് ചോദിച്ചാലും അവര്‍ മറന്നതോ, മറക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളോ ആയിരിക്കും പറയുക.. സത്യത്തില്‍ നാം ഒന്നും മറന്നിട്ടില്ല, മറവി ഒരു മനോഭാവമാണ്, പലതിനേയും അംഗീകരിച്ചു എന്നും, ഇനി അവയില്‍ കുടുങ്ങി കിടക്കില്ല എന്നുമുള്ള നിലപാട്. നവരസങ്ങളില്‍ എല്ലാ രസങ്ങള്‍ക്കുമുള്ള സാധ്യത നമ്മുടെ ജീവിതത്തിലില്ലേ... പിന്നെന്തിനാണ് ദുഃഖമെന്ന രസത്തിനെ മാത്രം ബലം പിടിച്ചുനിര്‍ത്തി മറ്റുള്ളവയെ നിഷേധിക്കുന്നത്. ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത് എന്താണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉളളൂ.. മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ് അവയെ മാത്രം. - *ശുഭദിനം*

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only