13 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 13 ജൂലൈ 2021)


🔳രാജ്യം മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു.

🔳മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി ജീവിതം നരേന്ദ്ര മോദി സര്‍ക്കാര്‍ ദുസ്സഹമാക്കിയെന്ന് നോബല്‍ സമ്മാന ജോതാവും സാമ്പത്തികവിദഗ്ധനുമായ അമര്‍ത്യ സെന്‍ ആരോപിച്ചു. സ്റ്റാന്‍ സ്വാമി ഒരു മനുഷ്യസ്‌നേഹിയായിരുന്നുവെന്നും മറ്റുള്ളവരെ സഹായിക്കാനായി അക്ഷീണം പ്രവര്‍ത്തിച്ചയാള്‍ക്ക് സുരക്ഷ നല്‍കുന്നതിനു പകരം സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയായിരുന്നുവെന്നും അമര്‍ത്യസെന്‍ പറഞ്ഞു.

🔳കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ അക്കൗണ്ടിനു 'ബ്ലൂ ടിക്' ചിഹ്നം നഷ്ടമായി. വെരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ 'ബ്ലൂ ടിക്' ചിഹ്നം അനുവദിക്കുന്നത്. തിങ്കളാഴ്ച രാവിലെ ചിഹ്നം നഷ്ടമായെങ്കിലും മണിക്കൂറുകള്‍ക്കകം ഇത് ട്വിറ്റര്‍ തിരികെ. നല്‍കി. അതേസമയം
തങ്ങളുടെ നയപ്രകാരം ഒരു ഉപയോക്താവ് യൂസര്‍ നെയിമില്‍ മാറ്റം വരുത്തിയാല്‍ സ്വാഭാവികമായും ബ്ലൂ ടിക് ചിഹ്നം നീക്കം ചെയ്യപ്പെടുമെന്ന് അവര്‍ അറിയിച്ചു.

🔳രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ബോളിവുഡ് താരം അമീര്‍ഖാനെ പോലെയുള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി, മധ്യപ്രദേശിലെ മന്ദ്‌സൗറില്‍നിന്നുള്ള ബി.ജെ.പി. എം.പി. സുധീര്‍ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമീര്‍ഖാന്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചുവെന്നും ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നുവെന്നും രണ്ട് ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ടെന്ന് പറഞ്ഞ സുധീര്‍ ഗുപ്ത ഇതാണോ ഇന്ത്യ ലോകത്തിനു നല്‍കുന്ന സന്ദേശമെന്ന് ചോദിച്ചു.

🔳പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പികെ മിശ്രയുമായും സംസാരിക്കും. കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. അതിവേഗ റെയില്‍ പാതയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിവരം.

🔳കോവിഡ് കേസുകളില്‍ കാര്യമായ കുറവുവരാത്ത സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീളുന്നതില്‍ ജനങ്ങളില്‍ അമര്‍ഷം പുകയുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിതമായ സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ച് തിക്കും തിരക്കും സൃഷ്ടിച്ച ശേഷം മറ്റു ദിവസങ്ങളില്‍ അടച്ചിടുന്നതിലെ ശാസ്ത്രീയതയാണ് ചോദ്യംചെയ്യപ്പെടുന്നത്.

🔳സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. ഓരോ സബ് സെന്റര്‍ പ്രദേശത്തുള്ള മുഴുവന്‍ ഗര്‍ഭിണികളും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🔳പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ. സൂരജിനെതിരേ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ആര്‍ഡിഎസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം സൂരജിന്റെ മകന്‍ 17 സെന്റ് ഭൂമി വാങ്ങിയെന്നും യഥാര്‍ഥ വിലയായ 3.30 കോടി മുടക്കി ഇടപ്പള്ളിയില്‍ വാങ്ങിയ ഭൂമിയുടെ രേഖകളില്‍ കാണിച്ചത് 1.04 കോടി രൂപ മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

🔳വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

🔳വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

🔳സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂലായ് 14, ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചോംബറില്‍വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.

🔳കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ന് വൈകീട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

🔳തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമില്ലെന്ന് ബി.ജെ.പി. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍
നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

🔳ലക്‌നൗവില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരര്‍ അറസ്റ്റിലായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിനെയും സര്‍ക്കാരിനെയും വിശ്വാസമില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അതേസമയം, പോലീസിന്റെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ അത് ഗൗരവമേറിയ വിഷയമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രതികരിച്ചു. സംഭവത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും അവര്‍ പറഞ്ഞു.

🔳ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് തുറന്ന കത്തുമായി മുന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍. മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും മുന്‍ ജഡ്ജിമാരും അടക്കമുള്ളവരാണ് സര്‍ക്കാരിന് തുറന്ന കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്‌നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാന്‍ ജനങ്ങള്‍ക്കുനേരെ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇരുന്നൂറിലധികം പേര്‍ കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

🔳ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് മോദി സര്‍ക്കാരിന് ജമ്മുകശ്മീരിനെ കൊള്ളയടിക്കാനെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മുകശ്മീരിലെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കിയ സംഭവത്തെയും മെഹബൂബ രൂക്ഷമായി വിമര്‍ശിച്ചു.

🔳കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ താരത്തിന്റെ തുറന്നുപറച്ചില്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.

🔳ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തേ ജൂലായ് 15-ന് ശേഷം സര്‍വീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

🔳ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🔳കേരളത്തില്‍ ഇന്നലെ 85,307 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,11,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129

🔳രാജ്യത്ത് ഇന്നലെ 30,554 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 48,527 പേര്‍ രോഗമുക്തി നേടി. മരണം 2015. ഇതോടെ ആകെ മരണം 4,10,807 ആയി. ഇതുവരെ 3,09,04,470 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.25 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,603 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,652 പേര്‍ക്കും കര്‍ണാടകയില്‍ 1,386 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,578 പേര്‍ക്കും ഒഡീഷയില്‍ 1993 പേര്‍ക്കും ആസാമില്‍ 2,575 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,64,672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 9,021 പേര്‍ക്കും ബ്രസീലില്‍ 17,031 പേര്‍ക്കും റഷ്യയില്‍ 25,140 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,471 പേര്‍ക്കും കൊളംബിയയില്‍ 18,650 പേര്‍ക്കും ഇറാനില്‍ 20,829 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 40,427 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 11,182 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.80 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.19 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,967 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 81 പേരും ബ്രസീലില്‍ 687 പേരും റഷ്യയില്‍ 710 പേരും അര്‍ജന്റീനയില്‍ 474 പേരും കൊളംബിയയില്‍ 509 പേരും ഇന്‍ഡോനേഷ്യയില്‍ 891 പേരും സൗത്ത് ആഫ്രിക്കയില്‍ 220 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.55 ലക്ഷം.

🔳ആമസോണിനെയും ജിയോമാര്‍ട്ടിനെയും നേരിടാന്‍ ഫ്ളിപ്കാര്‍ട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരില്‍ നിന്ന് 27,000 കോടി രൂപ (360 കോടി ഡോളര്‍) ഫ്ളിപ്കാര്‍ട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളര്‍)യായി. കാനഡ പെന്‍ഷന്‍ പദ്ധതി നിക്ഷേപ ബോര്‍ഡ്(സിപിപി ഇന്‍വെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, ടൈഗര്‍ ഗ്ലോബല്‍ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായില്‍ വാള്‍മാര്‍ട്ട് 120 കോടി ഡോളര്‍ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയര്‍ന്നിരുന്നു.

🔳വിപണിയില്‍ കിറ്റെക്സ് ഓഹരികള്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച്ചയും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് 18 ശതമാനത്തിലേറെ നേട്ടവുമായി വ്യാപാരം നടത്തുകയാണ്. തെലങ്കാനയില്‍ നിക്ഷേപ പദ്ധതികള്‍ക്കുള്ള നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് കിറ്റെക്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. രാവിലെ 158.40 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്സിന്റെ ഓഹരി വില ഉച്ചയോടെ 168.65 രൂപയിലെത്തി (19.99 ശതമാനം നേട്ടം). ഇന്നലെ മാത്രം കമ്പനിയുടെ ഓഹരി വില 28 രൂപയോളം വര്‍ധിച്ചു. ഇതോടെ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കും കിറ്റെക്സ് വന്നെത്തി.

🔳അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ. 1971ലെ ഇന്ത്യാ- പാക്കിസ്ഥാന്‍ യുദ്ധം പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ എയര്‍ഫോഴ്സ് ഓഫീസറായ വിജയ് കര്‍ണിക് ആയാണ് അജയ് ദേവ്ഗണ്‍ വേഷമിടുന്നത്. മധപാര്‍ ഗ്രാമത്തിലെ മുന്നൂറോളം സ്ത്രീകളുടെ സഹായത്തോടെ ഐഎഎഫ് എയര്‍ബേസ് വിജയകരമായി പുനര്‍നിര്‍മിക്കുകയാണ് വിജയ് കര്‍ണിക് ചിത്രത്തില്‍. വിജയ് കര്‍ണികിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. സോനാക്ഷി സിന്‍ഹയാണ് നായികയായി എത്തുന്നത്. സഞ്ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആകാശകാഴ്ചകളും യുദ്ധവുമാണ് സിനിമയുടെ ട്രെയിലറില്‍ നിറയുന്നത്.

🔳നാസയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷന്‍ ആണ് സ്‌കൈലാബ്. 75-ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന്‍ 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു. 1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതേ പേരില്‍ നിത്യാ മേനോന്‍ നായികയായിട്ടുള്ള സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സ്പേസ് സ്റ്റേഷനായ സ്‌കൈലാബ് തന്നെയാണ് സിനിമയിലും പരാമര്‍ശവിധേയകമാകുന്നത്. സ്‌കൈലാബ് ശിഥിലമാകുമെന്ന് ഭയപ്പെടുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീഴുമെന്നാണ് മുന്നറിയിപ്പ്. വൈഷ്ണവ് ഖന്ദേറാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

🔳ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡസന്റെ ഏറ്റവും പുതിയൊരു ബൈക്ക് കൂടി നിര്‍ത്തില്‍ എത്താന്‍ ഒരുങ്ങുകയാണ്. എച്ച് ഡി സ്പോര്‍ട്സ്റ്റര്‍ എസ് എന്ന ഈ മോഡല്‍ ജൂലൈ 13ന് നിരത്തിലെത്തും. ഹാര്‍ലിയുടെ തന്നെ പാന്‍ അമേരിക്ക അഡ്വഞ്ചര്‍ ബൈക്കില്‍ ഉപയോഗിച്ച അതേ 1250 സി സി ലിക്വിഡ് കൂള്‍ഡ് എഞ്ചിനായിരിക്കും ഈ ബൈക്കിന്റെയും ഹൃദയം. അതേസമയം സ്പോര്‍ട്സ്റ്ററില്‍ എത്തുമ്പോള്‍ എഞ്ചിന്റെ ഔട്ട് പുട്ടില്‍ വ്യത്യാസമുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വരെ ബൈക്ക് കുതിക്കും.

🔳ബ്ലൂ ഗാര്‍ഡന്‍ ഏഴാം വില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അലീന ബെന്‍ ജോണ്‍. ഒരപകടം കാരണം അവളിപ്പോള്‍ വീല്‍ചെയറിലാണ് ജീവിക്കുന്നത്. ത്രില്ലര്‍ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേര്‍ന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാല്‍ക്കണിയാണ്. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍. ശ്രീപാര്‍വതിയുടെ പുതിയ ക്രൈം ത്രില്ലര്‍. 'വയലറ്റു പൂക്കളുടെ മരണം'. മാതൃഭൂമി. വില 200 രൂപ.

🔳ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകര്‍. കാഴ്ചയില്‍ ഏറ്റവും ചെറിയ കൊതുകാണ് ഈഡിസ് വിഭാഗത്തിലുള്ളത്. സീബ്രയുടേതുപോലെ പുറത്തു വെളുത്ത വരകള്‍ ഉണ്ടാകും. പ്രധാനമായി കാലിലാണു കടിക്കുന്നത്. വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇരുന്നാല്‍ ശല്യം കൂടുതലായിരിക്കും. പകലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. സന്ധ്യാനേരത്തും ശ്രദ്ധിക്കണം. പനി, ദേഹത്തു ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവ. വൈറസ് ബാധയുള്ള എല്ലാവര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. സിക വൈറസിനു പ്രതിരോധ മരുന്നോ പ്രത്യേക ചികിത്സയോ ഇല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണു നല്‍കുന്നത്. അപൂര്‍വമായേ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഗര്‍ഭസ്ഥ ശിശുവിന്റെ തല ചുരുങ്ങുകയും നാഡീവ്യൂഹത്തിനു തകരാര്‍ സൃഷ്ടിക്കുകയും ചെയ്യും. സിക വൈറസ് ബാധയുടെ ഫലമായി സുഷുമ്ന നാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം കാണാറുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ലൈംഗികബന്ധത്തിലൂടെ പകര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയാറെടുക്കുന്നവര്‍, കുട്ടികള്‍ എന്നിവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. വീടിനുള്ളില്‍ കൊതുകു കടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകലോ വൈകിട്ടോ ഉറങ്ങുമ്പോള്‍ കൊതുകു വല ഉപയോഗിക്കണം. കൊതുകിന്റെ ഉറവിട നശീകരണം ഉറപ്പാക്കണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. വീടിനകത്തു വയ്ക്കുന്ന ചെടിച്ചട്ടികള്‍, ഫ്രിജ് ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
മരണശേഷം തന്റെ അടുത്തെത്തിയ ആളെ ദൈവം സ്വര്‍ഗ്ഗം മുഴുവനും ചുറ്റിനടന്നു കാണിക്കുകയാണ്. പൂട്ടിക്കിടക്കുന്ന ഒരു മുറിയുടെ അടുത്തെത്തിയപ്പോള്‍ ദൈവം പറഞ്ഞു: നീ ഈ മുറിയില്‍ കയറേണ്ട. അവിടുത്തെ കാഴ്ചകള്‍ നിന്നെ ദുഃഖിപ്പിക്കും. ഒടുവില്‍ അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി ദൈവം ആ മുറി തുറന്നു. ആ മുറിക്കുള്ളില്‍ നിറയെ അമൂല്യവസ്തുക്കളായിരുന്നു. ഇതൊക്കെ എങ്ങനെയാണ് എന്നെ ദുഃഖിപ്പിക്കുക? അയാള്‍ ചോദിച്ചു. അപ്പോള്‍ ദൈവം പറഞ്ഞു: ഇതെല്ലാം ഞാന്‍ ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കാന്‍ ഇരുന്നതാണ്. പക്ഷേ, വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതുകൊണ്ട് ഇതെല്ലാം ഇവിടെ തന്നെ സൂക്ഷിച്ചു. കുറെ മുന്നോട്ട് നടന്നപ്പോള്‍ തന്റെ പേരെഴുതിയ കോടികള്‍ വിലയുളള ഒരു കാര്‍ അയാള്‍ കണ്ടു. അതുകണ്ട് അയാള്‍ ചോദിച്ചു: ഞാന്‍ എന്നും കാറിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നതല്ലേ, പിന്നെന്താണ് എനിക്കിതു തരാഞ്ഞത്. അപ്പോള്‍ ദൈവം പറഞ്ഞു: നീ എന്നോട് ചെറിയകാറാണ് ആവശ്യപ്പെട്ടത്. പിന്നെങ്ങനെ നിനക്ക് ഈ ആഡംബര കാര്‍ നല്‍കും! പ്രതീക്ഷകളെല്ലാം ഫലിക്കണമെന്നില്ല, പക്ഷേ, പ്രതീക്ഷകള്‍ ഉളളവര്‍ക്ക് മാത്രമേ നേട്ടങ്ങള്‍ പ്രാപ്യമാകൂ. സ്വപ്നങ്ങള്‍ എത്രവലുതാകുന്നോ പ്രയത്‌നങ്ങളും അത്രയും വലുതായിരിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനകളില്‍ പോലും ആ തീവ്രത നമുക്ക് അനുഭവപ്പെടും. മികച്ചത് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ മെച്ചപ്പെട്ടത് ലഭിക്കൂ. ചെറിയ ലക്ഷ്യങ്ങളുള്ളവര്‍ക്ക് ചെറിയ പ്രയ്തനങ്ങളേ ഉണ്ടാകൂ. വലിയ സ്വപ്നങ്ങള്‍ കാണണമെങ്കില്‍ അത്രയും ഉയര്‍ന്ന ചങ്കൂറ്റവും വേണം. വലിയ സ്വപ്നങ്ങള്‍ കണ്ടവരേ, അവിടേക്ക് എത്തിപ്പെട്ടിട്ടൂള്ളൂ.. എല്ലാ സാധ്യതകളുണ്ടായിട്ടും ആദ്യപടിയില്‍ തന്നെ നിലനിന്നുപോകുന്നതിന് കാരണം ഉയര്‍ന്ന സ്വപ്നങ്ങളുടെ അപര്യാപ്തതയാണ്. പരിശ്രമിച്ചാല്‍ എന്തിനേയും കൈപ്പിടിയില്‍ ആക്കാന്‍ തക്കവണ്ണം പര്യാപ്തമായാണ് ഈശ്വരന്‍ എല്ലാവരേയും സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ പ്രതീക്ഷകളുടെ ഉയരം ഇനിയും കൂടട്ടെ, നമുക്ക് പരിശ്രമത്തിന്റെ ചവിട്ടുപടിയിലൂടെ അവിടെയെത്താം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only