08 ജൂലൈ 2021

ജീവനെടുക്കുന്ന മരണക്കളികൾ !! ഊണും ഉറക്കവും ഇല്ലാതെ ഗെയിം; ഫ്രീഫയര്‍’ മരണം തിരുവനന്തപുരത്തും
(VISION NEWS 08 ജൂലൈ 2021)

ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിയിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍‌ ഗെയിം കളിച്ചിരുന്നതായി അമ്മ സാക്ഷ്യപ്പെടുത്തുന്നു.
മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്‍റെ സ്വഭാവം മാറ്റി. 

 ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ടു വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കായിരുന്നു. ഉയര്‍ന്ന തുകയ്ക്കു റീചാര്‍ജ് ചെയ്യണമെന്നായിരുന്നു ആവശ്യമെന്നും 'അമ്മ പറയുന്നു. 

ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളാണ് മരണക്കെണിയാകുന്ന ഗെയിമുകളിൽ അടിമപ്പെട്ട് ജീവനും ജീവിതവും ഇല്ലാതാക്കുന്നത്. ഇതിനെതിരെ രക്ഷകർത്താക്കളും അധ്യാപകരും ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസം പോലും ഓൺലൈൻ ആകുന്ന ഇന്നത്തെ കാലത്ത് കുട്ടികൾ അധിക സമയം മൊബൈലിലോ ലാപ്ടോപ്പിലോ ഓൺലൈൻ ലോകത്ത് ചിലവഴിക്കുന്നതിനെതിരെ അതീവ ജാഗ്രത പുലർത്തണം. നിങ്ങളുടെ അശ്രദ്ധ ചിലപ്പോൾ കുട്ടികളുടെ വിലപ്പെട്ട ജീവനെടുത്തേക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only