09 ജൂലൈ 2021

വിദേശത്തു പോകുന്നവരാണോ...; വാക്‌സിനും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ ചെയ്യേണ്ടത് എന്തൊക്ക അറിഞ്ഞിരിക്കുക!
(VISION NEWS 09 ജൂലൈ 2021)

ഇന്ന് വിദേശ യാത്രകൾ മുൻപത്തെ പോലെ അത്ര എളുപ്പമല്ല. വിസയും പാസ്‌പോർട്ടും പിന്നെ കോവിഡ് സർട്ടിഫിക്കറ്റും. കടക്കേണ്ട കടമ്പകൾ നിരവധിയാണ്. വിദേശത്തു പോകുന്നവര്‍ക്ക് വാക്‌സിനും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ എന്ന സംശയം ഇപ്പോഴും എല്ലാവര്‍ക്കും ഉണ്ട്. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വിദേശത്ത് പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആദ്യം www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി യാത്രാ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ നല്‍കുന്ന വിവരങ്ങളും രേഖകളും ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രവും സമയവും ഉള്‍പ്പെടെയുള്ള എസ്.എം.എസ് അയയ്ക്കും.

എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകും. രജിസ്‌ട്രേഷനും രേഖകള്‍ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല. വിദേശത്തു പോകേണ്ടവര്‍ക്ക് ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാo ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസിനും covid19.kerala.gov.in/vaccine മുഖേന ബുക്ക് ചെയ്യണം. രണ്ടു ഡോസുകളും സ്വീകരിച്ചുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇതേ വെബ്‌സൈറ്റിലെ VACCINE CERTIFICATE(FOR GOING ABROAD) എന്ന ഓപ്ഷന്‍ മുഖേന അപേക്ഷ നല്‍കണം. വരും ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നതിന് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുന്നത് സംബന്ധിച്ച് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങാനാണ് സാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only