09 ജൂലൈ 2021

കോപ്പ അമേരിക്ക: ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയ പെറുവിനെ നേരിടും
(VISION NEWS 09 ജൂലൈ 2021)
 
കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ നാളെ കൊളംബിയ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ 5:30നാണ് മത്സരം. അര്‍ജന്റീനയോട് പൊരുതിത്തോറ്റ കൊളംബിയയും ബ്രസീലിനെ വിറപ്പിച്ച പെറുവും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലിലെ പോരാട്ടം. ബ്രസീല്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ മുഖാമുഖം വന്നപ്പോള്‍ 2-1 ന് വിജയം പെറുവിനൊപ്പം നിന്നു. പോരാട്ട വീര്യവും മികച്ച ഒത്തിണക്കവുമാണ് പെറുവിയന്‍ ടീമിന്റെ കരുത്ത്.

അതേ സമയം പോരാട്ട വീര്യത്തില്‍ കൊളംബിയ പെറുവിന് മുന്നില്‍ നില്‍ക്കും. മധ്യനിരയില്‍ അതിശയകരമായി കളി നിയന്ത്രിക്കുന്ന ജുവാന്‍ ക്വാഡ്രാഡോയാണ് കൊളംബിയയുടെ പ്ലേമേക്കര്‍. സപാറ്റ ഉള്‍പ്പെട്ട മുന്നേറ്റനിര ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ അസാധ്യമായ ആംഗിളുകളില്‍ നിന്നു പോലും ഗോളുകള്‍ നേടി ആരാധകര്‍ക്ക് വിസ്മയമായി മാറിയ വിംഗര്‍ ലൂയിസ് ഡയസിലാണ് പരിശീലകന്‍ റുയ്ഡയ്ക്ക് പ്രതീക്ഷ.

ഇരു ടീമുകളും ആകെ 67 തവണ മുഖാമുഖം വന്നപ്പോള്‍ 26 തവണ വിജയം കൊളംബിയക്കൊപ്പം നിന്നു.19 മത്സരങ്ങളില്‍ കൊളംബിയ പരാജയപ്പെട്ടപ്പോള്‍ 22 എണ്ണം സമനിലയില്‍ പിരിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only