👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 ജൂലൈ 2021)
🔳സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതിയ റെക്കോഡ്. ട്വിറ്ററില്‍ ഏഴുകോടിപ്പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തനകനെന്ന നേട്ടം മോദി ബുധനാഴ്ച സ്വന്തമാക്കി. ഏറ്റവും കൂടുതലാളുകള്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവെന്ന നേട്ടം മോദി നേരത്തെ സ്വന്തമാക്കിയിരുന്നു.

🔳എന്‍ജിനിയറിങ് കോഴ്‌സ് പഠനം 11 പ്രാദേശിക ഭാഷകളില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരെയും ദളിതുകളെയും മറ്റ് പിന്നാക്കവിഭാഗങ്ങളെയും ഈ തീരുമാനം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

🔳മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസിക്ക് 27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പ് അധ്യയന വര്‍ഷം മുതല്‍ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവക്കും ബാധകമാണ്.


🔳ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ഓഫീസില്‍ ഇസ്രയേല്‍ അധികൃതരുടെ പരിശോധന. ബുധനാഴ്ചയാണ് ഇസ്രയേലിലെ എന്‍.എസ്.ഒയുടെ ഓഫീസുകളില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയത്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ പ്രമുഖരുടെ ഫോണുകള്‍ പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റെയ്ഡ്.

🔳ലോക്‌സഭയില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ രണ്ട് ബില്ലുകള്‍ കൂടി പാസാക്കി ലോക്‌സഭ. എയര്‍പോര്‍ട്‌സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്‍, ഉള്‍നാടന്‍ ജലഗതാഗത ബില്‍ എന്നിവയാണ് ലോക്‌സഭ ഇന്നലെ പാസാക്കിയത്.

🔳കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികിത്സാ രീതികള്‍ ആവിഷ്‌കരിച്ചതാണ് രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

🔳കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനെ സഹായിക്കാന്‍കേന്ദ്രം ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേരളത്തിലെത്തും. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ ഇവര്‍ സന്ദര്‍ശിക്കും. സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.

🔳സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി, പേട്ട സ്വദേശിനി, നേമം സ്വദേശിനി, വെള്ളയമ്പലം സ്വദേശിനി, എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്.

🔳സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സമയങ്ങളില്‍ ഏറെ ജാഗ്രത പാലിക്കണമെന്നും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

🔳നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി ചര്‍ച്ചയാകുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി കേസിലെ പ്രതി കൂടിയായ സിപിഎം നേതാവ് ഇ.പി. ജയരാജന്‍. യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചുവെന്നും ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നുവെന്നും ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും പറഞ്ഞ ഇ.പി. ജയരാജന്‍ ഭരണപക്ഷ എംഎല്‍എമാര്‍ വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദേഹം ബോധംകെട്ടു വീണെന്നും ആരോപിച്ചു.

🔳മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള നിയമസഭാ സാമാജികര്‍ പ്രതികളായ കൈയാങ്കളിക്കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് ഒമ്പതിനു പരിഗണിക്കും. കേസ് പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതിയടക്കം തള്ളിയ സാഹചര്യത്തിലാണ് കേസ് വീണ്ടും സി.ജെ.എമ്മിന്റെ പരിഗണനയില്‍വരുന്നത്. സുപ്രീംകോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തില്‍ കീഴ്‌ക്കോടതിയില്‍നിന്ന് പ്രതികള്‍ക്കനുകൂലമായ നിലപാട് ഉണ്ടാകാനിടയില്ല. ഹര്‍ജി തള്ളിയാല്‍ പ്രതികള്‍ വിചാരണ നേരിടേണ്ടിവരും.

🔳നിയമസഭാ അതിക്രമക്കേസില്‍ വിചാരണ നേരിേടണ്ടേിവരുന്ന മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കും. ഇന്നലെ കോണ്‍ഗ്രസ് ജില്ലാകേന്ദ്രങ്ങളില്‍ സമരം നടത്തി. വരുംദിവസങ്ങളില്‍ യു.ഡി.എഫ്. നേതൃത്വത്തിലും സമരം നടത്താനാണ് തീരുമാനം. മന്ത്രി രാജിവെക്കേണ്ടെന്ന രാഷ്ട്രീയതീരുമാനം സി.പി.എം. എടുത്തിട്ടുള്ളതിനാല്‍ ശിവന്‍കുട്ടി ഉടനടി സ്ഥാനമൊഴിയുമെന്ന് യു.ഡി.എഫ്. കരുതുന്നില്ല. എന്നാല്‍, മന്ത്രി ക്രിമിനല്‍ക്കേസിലെ പ്രതിയായി നില്‍ക്കുന്നത് പരമാവധി തുറന്നുകാട്ടുകയാണ് പ്രതിപക്ഷലക്ഷ്യം. കെ.എം. മാണിയെ തടഞ്ഞ കേസില്‍ സി.പി.എമ്മിനെ ന്യായീകരിക്കേണ്ട ഗതികേട് ഓര്‍മിപ്പിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം കേരള കോണ്‍ഗ്രസിനെ കുത്തിനോവിക്കാനും യു.ഡി.എഫ് നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.

🔳കാസര്‍കോട്ടെ രണ്ടു സംസ്ഥാനപാതകള്‍കൂടി ദേശീയപാതയായി വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെ അറിയിച്ചു. ഹോസ്ദുര്‍ഗ്-പാണത്തൂര്‍- ബാഗമണ്ഡല- മടിക്കേരി, ചെര്‍ക്കള-കല്ലടുക സംസ്ഥാനപാതകളാണ് വികസിപ്പിക്കുക.

🔳പറമ്പിക്കുളം ഉള്‍പ്പെടെ രാജ്യത്തെ 14 കടുവസങ്കേതങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സി.എ./ടി.എസ്. അക്രഡിറ്റേഷന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കടുവദിനത്തോടനുബന്ധിച്ചായിരുന്നു ഇത്.

🔳ലാസ്റ്റ് ഗ്രേഡ് പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. നിലവിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 29 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ട്രൈബ്യൂണല്‍ പുറത്തിറക്കി.

🔳രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. ഇരുപത് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.

🔳പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും. മസ്തിഷ്‌കാഘാത ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു വര്‍ഷമായി ചികിത്സയിലായിരുന്നു.

🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കുറവുള്ള 25 ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചന നല്‍കി മഹാരാഷ്ട്രാ സര്‍ക്കാര്‍. മുംബൈയില്‍ അടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്രചെയ്യാന്‍ അനുമതി നല്‍കിയേക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ മാധ്യമങ്ങളോട് പറഞ്ഞു.

🔳മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചതിനെതിരെ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമന ഉത്തരവ് പിന്‍വലിക്കണമെന്നും അസ്താനയ്ക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

🔳മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാട്ടിയാവും ബിജെപി അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് സൂചന. കേന്ദ്ര നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മറ്റൊരാളെ പകരക്കാരനായി കണ്ടെത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. 2022 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

🔳ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തറും നടി ഷബാന ആസ്മിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് ഒരു മാറ്റം അനിവാര്യമാണ്. മാറ്റത്തിനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഡല്‍ഹിയിലുണ്ടായ കലാപം നിര്‍ഭാഗ്യകരമാണ്. ഭയത്തിന്റെ ഒരു അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് മാറണം', അക്തര്‍ മാധ്യമങ്ങളോടു പറഞ്ഞു. പശ്ചിമ ബംഗാള്‍ ഒരു മാതൃകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യമായ ഖേലാ ഹോബേയും അഥവാ കളി തുടങ്ങി എന്ന് അദ്ദേഹം ഉദ്ധരിച്ചു. 2024-ല്‍ വരാന്‍ പോകുന്ന ലോക് സഭാ ഇലക്ഷന്‍ രാജ്യവും മോദിയും തമ്മിലായിരിക്കുമെന്നും ആ മത്സരത്തിനൊരു തുടര്‍ച്ചയുണ്ടാവുമെന്നും മമത പറഞ്ഞു.

🔳വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം-മിസോറാം അതിര്‍ത്തി തര്‍ക്കം ഇടവേളയ്ക്ക് ശേഷം വീണ്ടും അക്രമത്തില്‍ കലാശിച്ചു. നുഴഞ്ഞ് കയറ്റം ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ പരസ്പരം അക്രമങ്ങള്‍ നടത്തുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പോലെ, വൈരാഗ്യം അതിന്റെ പാരമ്യത്തിലാണ് ഇവിടുത്തുകാര്‍ പരസ്പരം വെച്ച് പുലര്‍ത്തുന്നത്. അക്രമ സംഭവങ്ങള്‍ പോലീസുകാരുടെ കൊലപാതകത്തിലേക്ക് എത്തിതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് പുറംലോകം അറിയുന്നത്.

🔳ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും. ചൈനീസ് എംബസി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തത്. ഫോര്‍വേഡ് ബ്ലോക് നേതാവ് ജി. ദേവരാജനും ലോക്‌സഭാ എം.പി എസ്. സെന്തില്‍കുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

🔳ക്യൂബയ്ക്കെതിരായ അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കുക, ഇന്ത്യ ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റിന് മുന്നില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം. സി.പിഎം, സിപിഐ, സിപിഐ (എംഎല്‍) എന്നീ പാര്‍ട്ടികള്‍ക്ക് പുറമേ ദളിത് നേതാവ് തിരുമാവളവന്റെ വിടുതലൈ സിരുതൈ കക്ഷികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

🔳ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. അവസാന മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ പരമ്പര നേടിയത്. ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 81 റണ്‍സിലൊതുങ്ങി. 14.5 ഓവറില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🔳കോവിഡ് എന്ന മഹാമാരി ക്രീസിലിറങ്ങി കളിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചത് മൂന്ന് മലയാളികള്‍. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, സന്ദീപ് വാര്യര്‍. രണ്ടാം ട്വന്റി-20യ്ക്ക് മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്രുണാലുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന എട്ടു മുന്‍ നിര താരങ്ങള്‍ ഐസൊലേഷനില്‍ പോയതോടെയാണ് ഇത്തരമൊരു അവസരം ലഭിച്ചത്.

🔳മെഡലോടെ ഒളിമ്പിക്‌സില്‍ നിന്ന് വിടപറയാമെന്ന ഇന്ത്യന്‍ ബോക്‌സിങ് താരം മേരി കോമിന്റെ മോഹം പൊലിഞ്ഞു. ടോക്യോ ഒളിമ്പിക്്‌സ് 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയയോട് ഇന്ത്യന്‍ താരം തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി.

🔳ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നീന്തല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മലയാളി താരം സജന്‍ പ്രകാശ് സെമി ഫൈനല്‍ കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച സജന്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ മികച്ച 16 പേരില്‍ ഒരാളായി സെമി ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ യോഗ്യതാ റൗണ്ട് പോലും പിന്നിടാന്‍ കഴിയാതെയാണ് ഇന്ത്യന്‍ നീന്തല്‍ താരങ്ങള്‍ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. മികച്ച പ്രകടനം ആവര്‍ത്തിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

🔳കേരളത്തില്‍ ഇന്നലെ 1,63,098 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426.

🔳രാജ്യത്ത് ഇന്നലെ 44,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,107 പേര്‍ രോഗമുക്തി നേടി. മരണം 549. ഇതോടെ ആകെ മരണം 4,23,244 ആയി. ഇതുവരെ 3,15,71,295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,859 പേര്‍ക്കും കര്‍ണാടകയില്‍ 2,052 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,107 പേര്‍ക്കും ഒഡീഷയില്‍ 1,615 പേര്‍ക്കും ആസാമില്‍ 1,299 പേര്‍ക്കും മണിപ്പൂരില്‍ 1,000 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,28,342 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 79,587 പേര്‍ക്കും ബ്രസീലില്‍ 41,853 പേര്‍ക്കും റഷ്യയില്‍ 23,270 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,117 പേര്‍ക്കും ഫ്രാന്‍സില്‍ 25,190 പേര്‍ക്കും സ്പെയിനില്‍ 26,689 പേര്‍ക്കും തുര്‍ക്കിയില്‍ 22,161 ഇറാനില്‍ 34,433 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 43,479 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.45 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,601 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 341 പേരും ബ്രസീലില്‍ 1,225 പേര്‍ക്കും റഷ്യയില്‍ 799 പേരും അര്‍ജന്റീനയില്‍ 291 പേരും കൊളംബിയയില്‍ 325 പേരും ഇറാനില്‍ 292 പേരും ഇന്‍ഡോനേഷ്യയില്‍ 1,893 പേരും സൗത്ത് ആഫ്രിക്കയില്‍ 523 പേരും മെക്സിക്കോയില്‍ 537 ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.12 ലക്ഷം.

🔳അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2021-22 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. രാജ്യത്ത് കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധികളെ തുടര്‍ന്നാണ് മൂന്ന് ശതമാനം പോയിന്റ് വളര്‍ച്ചാ പ്രവചനം താഴ്ത്തിയത്. ഐഎംഎഫിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) അനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി തുടരും. ഐഎംഎഫ് നടത്തിയ വളര്‍ച്ചാ പ്രവചനങ്ങളില്‍ ഏറ്റവും വലിയ ഇടിവ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലാണ് പ്രവചിക്കുന്നത്.

🔳2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ മാരുതി സുസുകി. 440.8 കോടി രൂപയാണ് ഇക്കാലയളവിലെ രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 249 കോടി രൂപയായിരുന്നു. ഒന്നാം പാദത്തില്‍ 828 കോടി രൂപയുടെ അറ്റാദായം കമ്പനി നേടുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 4.8 ശതമാനമായിരുന്നു. മുന്‍ പാദത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 17,770 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്.

🔳സംവിധായകന്‍ നിതിന്‍ ലുക്കോസിന്റെ 'പക' ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. മൂത്തോന്‍, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്റോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഫെസ്റ്റിവലില്‍ ഡിസ്‌കവറി വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

🔳ആമസോണ്‍ പ്രൈം റിലീസ് ആയെത്തി വന്‍ പ്രേക്ഷക പ്രതികരണം നേടിയ 'സര്‍പട്ട പരമ്പരൈ'യ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നച്ചത്തിരം നഗര്‍ഗിരത്'. ചിത്രത്തില്‍ 'സര്‍പട്ട'യില്‍ നായികാ കഥാപാത്രമായ മാരിയമ്മയെ അവതരിപ്പിച്ച ദുഷറ വിജയന്‍ ആയിരിക്കും ചിത്രത്തിലെ നായികയെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനെക്കുറിച്ചും വിവരങ്ങള്‍ എത്തുകയാണ്. കാളിദാസിനാണ് അന്തിമമായി നറുക്ക് വീണിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് 'ജോയ് ഇ-ബൈക്കി'ന്റെ നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ 'ജോയ് ഇ-കണക്റ്റ്' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ് അനുഭവം നല്‍കുന്നതിനായുള്ള ക്ലൗഡ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനാണിത്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ് ഉപയോക്താക്കള്‍ക്ക് അനായാസം ഡൗണ്‍ലോഡ് ചെയ്യാം.

🔳സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം എന്ന ഈ ചെറിയ നോവല്‍ കേരളത്തില്‍ നിന്നും കാനഡയിലേയ്ക്ക് കുടിയേറിയ ഒരു മലയാളി കുടുംബത്തിന്റെ രണ്ടാം തലമുറയിലെ കഥയാണ്. 'സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം'. ടോം ഏറത്ത്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 70 രൂപ.

🔳പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആല്‍മണ്ട് ഓയില്‍ അഥവാ ബദാം ഓയില്‍. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. സണ്‍ടാന്‍ തടയാന്‍ ബദാമില്‍ അടങ്ങിയിട്ടുള്ള സംയുക്തങ്ങള്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ ബദാം ഓയിലില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്തിടുക. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാനും ആല്‍മണ്ട് ഓയില്‍ ഏറെ ഫലപ്രദമാണ്. ആല്‍മണ്ട് ഓയില്‍ ഒരു പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വയ്ക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കുന്നു. കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആല്‍മണ്ട് ഓയില്‍. ചര്‍മ്മത്തില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതില്‍ അടങ്ങിയിട്ടുള്ള സിങ്കാണ് ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം. മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഇത് മുഖത്ത് പുരട്ടിയ ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരവധിക്കാലത്ത് അപ്പൂപ്പന്‍ മകന്റെ വീട്ടില്‍ വന്ന് താമസിക്കുകയാണ്. ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ ദുര്‍ഗന്ധം, വരാന്തയില്‍ ചെന്നിരുന്നപ്പോള്‍ അവിടെയും ദുര്‍ഗന്ധം, മരുമകളെ വിളിച്ച് വീട് വൃത്തിയാക്കാന്‍ പറഞ്ഞ് അദ്ദേഹം പുറത്തേക്കിറങ്ങി. അപ്പോഴും അവിടെയെല്ലാം ഈ ദുര്‍ഗ്ഗന്ധം. സഹികെട്ട് അയാള്‍ വീട്ടിലേക്ക് മടങ്ങി. അപ്പൂപ്പന് വീട്ടിലെ കുട്ടികളോട് നാട്ടുകാരോടും എല്ലാ ദേഷ്യം തോന്നി. എന്തൊരു നാട്, ഒട്ടും ശുചിത്വമില്ലാത്ത ജനങ്ങള്‍ , അപ്പൂപ്പന്‍ അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. ഇത്രയുമായപ്പോള്‍ കുട്ടികള്‍ ആ രഹസ്യം അപ്പൂപ്പനോട് പറഞ്ഞു: അപ്പൂപ്പന്‍ ഉറങ്ങുമ്പോള്‍ അപ്പൂപ്പന്റെ മീശയില്‍ അവര്‍ മീനിന്റെ നെയ്യ് പുരിട്ടിയിരുന്നു. ഇത് കേട്ട് അപ്പൂപ്പനും ഒരു ചമ്മലോടെ ചിരിച്ചു. പലപ്പോഴും നമ്മളും ഇറങ്ങനെയല്ലേ.. എവിടെ എന്ത് തകരാറ് വന്നാലും അതിന് കാരണം മറ്റാരെങ്കിലുമാണെന്ന് നാം അങ്ങ് വിശ്വസിച്ചുകളയും. ആരെങ്കിലും നമ്മെ പഴിക്കാന്‍ ശ്രമിച്ചാല്‍ നാം വീറോടെ എതിര്‍ക്കും, അതില്‍ സത്യമെന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കാന്‍ നമുക്ക് ക്ഷമയുണ്ടാകാറുമില്ല. സ്വയം മാറുന്നതിന്റെ തുടക്കം എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉള്ളില്‍ സ്‌നേഹവും കാരുണ്യവും ഉറപ്പിച്ചാല്‍ പെരുമാറ്റവും തനിയെ മാറുന്നത് നമുക്ക് കാണാം. സ്വയം മാറാന്‍ ആര്‍ക്കും അവസരമുണ്ട്, അതിന് മനസ്സിനെപാകപ്പെടുത്തിയെടുക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only