19 ജൂലൈ 2021

സംസ്ഥാനത്ത് എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്
(VISION NEWS 19 ജൂലൈ 2021)
സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കൊവിഡ്-19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കൊവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

 ഈയൊരു ഗുരുതരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചത്. ജില്ലകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 39,822 ഗര്‍ഭിണികളാണ് വാക്‌സിന്‍ എടുത്തത്. എന്നാല്‍ ചില ഗര്‍ഭിണികള്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നതായി അറിയുന്നു. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only