21 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 21 ജൂലൈ 2021)
🔳ത്യാഗത്തിന്റേയും സഹനത്തിന്റേയും സന്ദേശം ഉയര്‍ത്തി വീണ്ടും ഒരു ബലി പെരുന്നാള്‍. എല്ലാവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ ബക്രീദ് ആശംസകള്‍.

🔳ബി.ജെ.പിയാണ് അധികാരത്തില്‍ എന്ന സത്യം മനസ്സിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോണ്‍ഗ്രസ് 'കോമ'യില്‍ നിന്ന് പുറത്തുകടന്നിട്ടില്ലെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി മറുപടി നല്‍കിയത്. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം പാടില്ലെന്നും സംസ്ഥാനങ്ങളോട് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

🔳ആക്ടിവിസ്റ്റുകളുടെ ഫോണ്‍ വിവരങ്ങളും ഇസ്രയേലി ചാരസോഫ്റ്റ്വെയറായ 'പെഗാസസ്' ഉപയോഗിച്ച് വ്യാപകമായി ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍.വാര്‍ത്താ പോര്‍ട്ടലായ 'ദ വയര്‍' തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

🔳രാജ്യത്തെ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡികളില്ലെന്നും അതായത് രാജ്യത്തെ 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും നാലാംഘട്ട സീറോ സര്‍വേയിലെ വിവരങ്ങള്‍ പങ്കുവെയ്ച്ച് അദ്ദേഹം പറഞ്ഞു.

🔳കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്‌സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും എന്നാല്‍, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

🔳രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. എല്ലാവര്‍ക്കും സത്യമറിയാം, കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. തെറ്റായ വിവരങ്ങള്‍ വരച്ചുകാട്ടി കേന്ദ്ര ആരോഗ്യ സഹമന്ത്രി വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും വിഷയത്തില്‍ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

🔳കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്ന വിമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രംഗത്ത്. കോവിഡില്‍ രാഷ്ട്രീയം കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും വിജയമുണ്ടായാല്‍ സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും നേട്ടം അവകാശപ്പെടുകയും, എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് പ്രധാനമന്ത്രിയുടെ പരാജയമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

🔳രാജ്യത്ത് 94 കോടി പേര്‍ 18 വയസ്സിനു മുകളിലുള്ളതായി കണക്കാക്കുന്നുവെന്നും ഇവര്‍ക്ക് നല്‍കാന്‍ 188 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്നും
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഭാവിയില്‍ ഒറ്റ ഡോസ് വാക്‌സിനുകള്‍ക്ക് ഉപയോഗ അനുമതി ലഭിക്കുന്നപക്ഷം ആവശ്യമായ വാക്‌സിന്‍ ഡോസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്നും സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

🔳കോവിഡ് അടച്ചിടലിന് ശേഷം ഇന്ത്യയില്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കാന്‍ ആരംഭിക്കുമ്പോള്‍ ആദ്യം പ്രൈമറി സ്‌കൂളുകളാണ് തുറക്കേണ്ടതെന്ന് ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ. വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി അധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

🔳കോവിഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും ശിരോമണി അകാലിദളും. രണ്ട് സഭകളിലെയും എംപിമാരെയാണ് യോഗത്തിലേക്കായി പ്രധാനമന്ത്രി വിളിച്ചിരുന്നത്. കോവിഡ് വിഷയം സഭയ്ക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കര്‍ഷകരും കേന്ദ്രവും തമ്മിലുളള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാവാത്തതിന്റെ പശ്ചാത്തലത്തിലാണ് ശിരോമണി അകാലി ദള്‍ യോഗം ബഹിഷ്‌കരിച്ചത്.

🔳രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ 45,000 കടന്നു. ജൂലായ് 15 വരെയുള്ള കണക്ക് പ്രകാരം 45,432 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലാണ് രാജ്യത്ത് ഏറെ പേര്‍ ബ്ലാക്ക് ഫംഗസ് ബാധിതരായത്. രാജ്യത്ത് ഗുജറാത്തിലാണ് ആദ്യമായി ബ്ലാക്ക് ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 4252 ജീവനുകള്‍ ബ്ലാക്ക് ഫംഗസ് മൂലം പൊലിഞ്ഞു.

🔳സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍ വാരാന്ത്യലോക്ഡൗണ്‍ പിന്‍വലിക്കേണ്ട എന്നാണ് അവലോകന യോഗത്തില്‍ തീരുമാനം എടുത്തത്.

🔳യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മന്ത്രിക്ക് പിന്തുണയുമായി തോമസ് കെ. തോമസ് എംഎല്‍എ. എന്‍.സി.പിയുടെ ബ്ലോക്ക് പ്രസിഡന്റിനെയാണ് മന്ത്രി വിളിച്ചതെന്നും ഒത്തുതീര്‍പ്പാക്കാനായി വിളിച്ചതല്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. മന്ത്രിയുടെ സംസാരം കേട്ടാല്‍ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കുണ്ടറ പീഡന പരാതിയില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ദക്ഷിണ മേഖല ഐജി ഹര്‍ഷിതയ്ക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

🔳സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയ കോവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി പരാമര്‍ശമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ സമ്മര്‍ദ്ദശക്തികള്‍ക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സര്‍ക്കാരിന് നല്‍കിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳മരംമുറി കേസില്‍ വിവരാവകാശ പ്രകാരം ഫയല്‍ നല്‍കിയ ഉദ്യോഗസ്ഥക്കെതിരേ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റി. റവന്യൂ വകുപ്പില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വകുപ്പിലേക്കാണ് മാറ്റിയത്. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

🔳മകന്‍ അഭിനന്ദിനെയും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി കെ.കെ. രമ എംഎല്‍എ. എം.എല്‍.എ ഓഫീസിന്റെ മേല്‍വിലാസത്തില്‍ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നും എന്നാല്‍ മറഞ്ഞുനിന്നുള്ള ഇത്തരം ഭീഷണികള്‍ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുതെന്നും ഒരറ്റത്ത് മരണം ദര്‍ശിച്ചു തന്നെയാണ് ഞങ്ങളീ വഴി തിരഞ്ഞെടുത്തതെന്നും രമ പറഞ്ഞു.

🔳18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങി. ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് മടക്കം. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.

🔳ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍
കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സാ പിഴവുണ്ടായെന്നും അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു.

🔳ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അവര്‍
ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

🔳കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ ഫോണ്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ജനതാദള്‍ സെക്കുലര്‍- കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന 'ഓപ്പറേഷന്‍ താമര'യുടെ സമയത്താണ് ഈ ചോര്‍ത്തല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്ക്ക് പിന്തുണയുമായി ലിംഗായത്ത് വിഭാഗം. യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാല്‍ ബിജെപിയില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് വീരശൈവ - ലിംഗായത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യദ്യൂരപ്പയെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലിംഗായത്ത് മത, രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് (80) യോഗ ചെയ്യുന്നതിനിടെ വീണു പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

🔳നീലച്ചിത്രനിര്‍മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്‌ക്കെതിരേ മൊഴി നല്‍കിയവരില്‍ ബോളിവുഡ് നടി പൂനം പാണ്ഡെയും നടി സാഗരിക ഷോണ സുമനും. രാജ് കുന്ദ്രയും സംഘവും തന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടി സാഗരിക ഷോണ സുമന്‍ പറഞ്ഞത്. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം പോലീസില്‍ പരാതി നല്‍കിയത്. അതേസമയം രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ട്രീമിങ് ആപ്ലിക്കേഷനായ ഹോട്ട് ഷോട്ട് ഗൂഗീള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കി.

🔳ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമര്‍ശം വിവാദത്തില്‍. അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ നിന്ന് പോലീസുകാരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഉള്‍പ്പെടെ വിളിച്ച മുഴുവന്‍ ശബ്ദരേഖയും കൈവശമുണ്ടെന്നാണ് പുറത്തുവന്ന വീഡിയോയില്‍ സുവേന്ദു അധികാരി പറയുന്നത്. പെഗാസസ് വിവാദം കത്തിനില്‍ക്കെ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് സുവേന്ദുവിന്റെ പരാമര്‍ശങ്ങള്‍.

🔳'2008 GO20' എന്ന ഛിന്നഗ്രഹം ജൂലായ് 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഈ ഛിന്നഗ്രഹത്തിന് ഒരു സ്റ്റേഡിയത്തോളമോ അല്ലെങ്കില്‍ താജ്മഹലിന്റെ മൂന്നിരട്ടിയോളമോ വലുപ്പമുണ്ട്. മണിക്കൂറില്‍ 18,000 മൈല്‍ വേഗതയിലാണ് ഇത് ഭൂമിയിലേക്ക് അടുക്കുന്നതെന്നും നാസ വ്യക്തമാക്കി. അതേസമയം ഇതിന്റെ സഞ്ചാര പാതയില്‍ ആശങ്കപ്പെടാനില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ്
പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം.

🔳ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. ആവേശകരമായ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിസ്മരണീയയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. 276 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 193 ന് 7 എന്ന നിലയിലായിരുന്നു. തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹര്‍ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. ചാഹര്‍ 69 റണ്‍സെടുത്തും ഭുവനേശ്വര്‍ 19 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

🔳മുന്‍ ശ്രീലങ്കന്‍ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ലങ്കന്‍ താരങ്ങളായ ദിമുത് കരുണരത്‌നയും എയ്ഞ്ചലോ മാത്യൂസും. ശ്രീലങ്കന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനൊപ്പം നിന്ന് മുരളീധരന്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെതിരേ എന്ത് അറിഞ്ഞിട്ടാണ് ഇത്തരമൊരു വിമര്‍ശനമുന്നയിച്ചതെന്ന് ചോദിച്ച് മാത്യൂസും കരുണരത്‌നയും രംഗത്തെത്തിയത്.

🔳ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. 'വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്' എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ഇന്നലെ ടോക്യോയില്‍ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന് അംഗീകാരം നല്‍കിയത്.

🔳കേരളത്തില്‍ ഇന്നലെ 1,41,431 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,855 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,052 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,26,398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240.

🔳രാജ്യത്ത് ഇന്നലെ 42,114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,857 പേര്‍ രോഗമുക്തി നേടി. മരണം 3,998. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 3,656 മരണമാണ്. ഇതോടെ ആകെ മരണം 4,18,511 ആയി. ഇതുവരെ 3,12,15,142 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.01 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,904 പേര്‍ക്കും കര്‍ണാടകയില്‍ 1,464 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,498 പേര്‍ക്കും ഒഡീഷയില്‍ 2,085 പേര്‍ക്കും ആസാമില്‍ 1,798 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,74,186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 38,157 പേര്‍ക്കും ബ്രസീലില്‍ 27,592 പേര്‍ക്കും റഷ്യയില്‍ 23,770 പേര്‍ക്കും ഇംഗ്ലണ്ടില്‍ 46,558 പേര്‍ക്കും സ്പെയിനില്‍ 27,286 പേര്‍ക്കും ഇറാനില്‍ 27,444 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 38,325 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.21 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.32 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,601 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 213 പേരും ബ്രസീലില്‍ 1,303 പേരും റഷ്യയില്‍ 784 പേരും കൊളംബിയയില്‍ 378 പേരും അര്‍ജന്റീനയില്‍ 426 പേരും ഇന്‍ഡോനേഷ്യയില്‍ 1,280 പേരും സൗത്ത് ആഫ്രിക്കയില്‍ 596 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.23 ലക്ഷം.

🔳കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രത്യാഘാതത്തെത്തുടര്‍ന്ന് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനത്തില്‍ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 11 ശതമാനത്തില്‍ നിന്ന് എഡിബി 10 ശതമാനമായി കുറച്ചു. ഏപ്രില്‍ മാസത്തിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ന്നിരുന്നു.

🔳ആഗോള വ്യാപകമായി ഐടി സേവനമേഖലയില്‍ ഡിമാന്‍ഡ് കുത്തനെ വര്‍ധിച്ചതിനാല്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക. 150 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളില്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാംകൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ടിസിഎസ് ജൂണ്‍ പാദത്തില്‍ 20,400 പേരെയാണ് നിയമിച്ചത്. ഇന്‍ഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്സിഎല്‍ 7,500 പേരെയും ഈ കാലയളവില്‍ പുതിയതായി നിയമിച്ചു.

🔳പ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം 'നീരവം' റിലീസിന് ജൂലായ് 22-ന് ഒ.ടി.ടിയില്‍ റിലീസാകുന്നു. അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രം മല്‍ഹാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. 19 ഓളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാവുളന്മാരുടെ ജീവിതത്തില്‍ ആകൃഷ്ടയായ ശ്രീദേവി അവരെപ്പോലെ ജീവിക്കാന്‍ ആഗ്രഹിച്ചു. തെരുവിലിറങ്ങി ഭിക്ഷയാചിച്ച് ഉപജീവനം നടത്തുന്നവര്‍ക്കേ ബാവുളായി ജീവിക്കാന്‍ സാധിക്കൂവെന്ന് പാര്‍വ്വതി ബാവുള്‍ ശ്രീദേവിയെ ഉപദേശിക്കുന്നു. അത്യന്തം സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നീരവത്തിന്റെ തുടര്‍ന്നുള്ള കഥ മുന്നേറുന്നത്.

🔳സാമൂഹികപ്രസക്തമായ പ്രമേയം കൊണ്ട് ശ്രദ്ധ നേടി 'ഇവള്‍ വിസ്മയ' എന്ന ഹ്രസ്വചിത്രം. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളുടെയും വാര്‍ത്തകളാണ് ഈ കൊച്ചു ചിത്രത്തിന് ആധാരം. സ്ത്രീ തന്നെ ധനം എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ പൊന്നിന്റെയും പണത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. എന്നാല്‍ അവള്‍ തോറ്റ് പോയവളല്ല എന്ന വ്യത്യാസം മാത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിമിക്രി കലാകാരനായ ശശാങ്കന്‍ മയ്യനാട് ആണ്.

🔳പുതിയ ബ്രാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് കീഴിലെ ആദ്യ വാഹനവും ടാറ്റ അവതരിപ്പിച്ചു. ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ ടിഗോറാണ് ടാറ്റ എക്‌സ്പ്രസിനു കീഴിലെ ആദ്യ വാഹനം. എക്‌സ്പ്രസ്-ടി ഇലക്ട്രിക് എന്നായിരിക്കും പുതിയ ടിഗോറിന്റെ പേര്. ഇന്ത്യയിലെ ഫ്‌ളീറ്റ് വാഹന ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ടാറ്റ മോട്ടോഴ്‌സ് ഈ പുതിയ ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ വ്യവസായിക ആവശ്യങ്ങള്‍ക്കും വന്‍കിട ടാക്‌സി സേവനങ്ങള്‍ക്കും ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഫ്‌ളീറ്റ് വാഹനങ്ങള്‍ ബ്രാന്‍ഡിന് കീഴിലായിരിക്കും വില്‍പ്പനയ്ക്ക് എത്തുക.

🔳വ്യത്യസ്തവും കൗതുകകരവുമായ അനുഭവലോകങ്ങളിലൂടെ കടന്നുപോകുന്ന ബോബന്‍ എന്ന യുവാവിലൂടെ ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പുതുമ നിറഞ്ഞൊരന്വേഷണം. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെപ്പോലും നര്‍മം തേച്ച് നേര്‍പ്പിച്ചെടുക്കുന്ന ലളിതസുന്ദരമായ ശൈലി ബോബന്‍ സഞ്ചരിക്കുന്ന ഓരോ വരികളേയും പ്രസാദാത്മകമാക്കുന്നു. അജിത് കരുണാകരന്റെ ആദ്യനോവല്‍. 'ബോബന്‍ കഥകള്‍'. മാതൃഭൂമി. വില 112 രൂപ.

🔳കൊവിഡ് 19 മഹാമാരി ഓരോ വ്യക്തികളെയും ബാധിക്കുന്നത് അവരുടെ ആകെ ആരോഗ്യാവസ്ഥയും രോഗപ്രതിരോധ ശേഷിയും പ്രായവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണെന്ന് നമുക്കറിയാം. ഇപ്പോഴിതാ ഇതുമായി സാമ്യമുള്ള മറ്റൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണ്. മാനസിരോഗങ്ങള്‍ ഉള്ളവരെ കൊവിഡ് എത്തരത്തിലാണ് ബാധിക്കുകയെന്നാണ് പഠനം വിശദീകരിക്കുന്നത്. 'യൂറോപ്യന്‍ കോളേജ് ഓഫ് ന്യൂറോസൈക്കോഫാര്‍മക്കോളജി'യില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. 'ലാന്‍സെറ്റ് സൈക്യാട്രി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. മാനസികരോഗികളില്‍ കൊവിഡ് 19 ദോഷകരമായ രീതിയില്‍ ബാധിക്കാനിടയുണ്ടെന്നും മിക്കവാറും കേസുകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും പഠനം പറയുന്നു. എന്ന് മാത്രമല്ല, ഈ വിഭാഗക്കാരില്‍ കൊവിഡ് മൂലമുള്ള മരണസാധ്യതയും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 'മൂഡ് ഡിസോര്‍ഡര്‍' പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പോലും ഈ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വിഷാദം- ഉത്കണ്ഠ, മറ്റ് മാനസികരോഗങ്ങള്‍ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അവരില്‍ അപകടസാധ്യത വീണ്ടും കൂടുമെന്നും പഠനം പറയുന്നു. ഇവരിലാണ് മരണസാധ്യതയും കൂടുതലായി കല്‍പിക്കപ്പെടുന്നത്. ബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്കും, മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും, ലഹരി മരുന്നിന് അടിമകളായി മനസിന്റെ സമനില തെറ്റിയവര്‍ക്കുമെല്ലാം വാക്‌സിന്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്നാണ് പഠനം മുന്‍നിര്‍ത്തി ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ഈ വിഭാഗക്കാരെ മഹാമാരിയില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും കരുതലും മറ്റുള്ളവര്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only