12 ജൂലൈ 2021

സിക്ക വൈറസ്: ആക്ഷൻ പ്ലാൻ ഒരുക്കി ആരോഗ്യവകുപ്പ്, എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം
(VISION NEWS 12 ജൂലൈ 2021)

സിക്ക വൈറസ് ബാധ കേരളത്തിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കും. കൊതുകിന്‍റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കി. 

സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിഎംഒ വാർത്താസമ്മേളനം നടത്തിയത്. രോഗബാധയിൽ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡിഎംഒ അറിയിക്കുന്നു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു. 

തിരുവനന്തപുരത്ത് പാറശ്ശാലയിലാണ് കേരളത്തിൽ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. പാറശ്ശാലയിൽ ഒരു ഗർഭിണി ശരീരത്തിൽ ചുവന്ന പാടുകളടക്കമുള്ള സിക്ക വൈറസ് ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ മാസം 28-നാണ് രോഗം സ്ഥിരീകരിച്ചത്. പുനെ എൻഐവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനകളിലാണ് രോഗബാധ സിക്കയാണെന്ന് വ്യക്തമായത്. ദിവസങ്ങൾക്ക് ശേഷം യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ഇതുവരെ സംസ്ഥാനത്ത് മൊത്തം 17 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരു കുഞ്ഞുമുണ്ട്. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only