22 ജൂലൈ 2021

കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണം; ക്ലബ് ഹൗസിനെതിരെ നടപടിയുമായി ബാലാവകാശസംരക്ഷണ കമ്മീഷൻ
(VISION NEWS 22 ജൂലൈ 2021)




സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ഉത്തരവായി. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചത്. 

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ചാലിയം പുറപ്പെടുവിച്ച ഉത്തരവിൽ ഐ.ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണം. 

പ്രായ പരിമിതി ഇല്ലാതെ ക്ലബ്ബ് ഹൗസ് അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും കമ്മീഷൻ പരിശോധനയിൽ കണ്ടെത്തി. അതേസമയം, ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമികവിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം കമ്മീഷനെ അറിയിച്ചത്. 

ഒരുകൂട്ടം ആളുകൾക്ക് പരസ്പരം സംസാരിക്കുവാനും സംവദിക്കുവാനും കഴിയുന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. രക്ഷാകർത്താവിൻ്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താവിൻ്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടൻ്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only