11 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 11 ജൂലൈ 2021)


🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. കോവിഡ് കേസുകള്‍ കുറയുകയല്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതില്‍നിന്ന് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

🔳കോവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. വിനോദ സഞ്ചാര മേഖലകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇക്കാര്യം പറഞ്ഞത്. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

🔳കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്ത് പത്തുകോടിയിലേറേ പേരുടെ തൊഴില്‍ നഷ്ടമായതായി തൊഴിലാളി സംഘടനകള്‍. 40 കോടിപേര്‍ ദാരിദ്ര്യഭീതിയിലാണ്. തൊഴിലാളി യൂണിയനുകളും വ്യവസായരംഗത്തെ സംഘടനകളുമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ നിരത്തിയത്.

🔳ഐപിസി സെക്ഷന്‍ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ സുപ്രിം കോടതിയെ സമീപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷനായി മാറിയെന്ന് ശശികുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ആയിഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമര്‍ശിച്ചായിരുന്നു ശശി കുമാറിന്റെ ഹര്‍ജി.

🔳78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നാലുപേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനും കേസുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുളളത്. 24 മന്ത്രിമാര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കേസുകളാണ് ഉളളത്. 78 കേന്ദ്രമന്ത്രിമാരില്‍ 70 പേരും കോടീശ്വരന്മാരാണ്.

🔳കേരളം നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്‌സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളതെന്നും ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരളം വിടുന്നുവെന്ന പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ വിമാനം വരുന്നു, കിറ്റക്‌സ് മുതലാളി പോകുന്നു. തുടര്‍പ്രഖ്യാപനങ്ങള്‍ ഉണ്ടാവുന്നു.. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. മറ്റൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവാനിടയില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. വിജയരാഘവന്‍ പറഞ്ഞു. വ്യവസായങ്ങളോടുള്ള സമീപനം എന്താണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയതാണ്. വ്യവസായ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതതെന്നും അദ്ദേഹം വിശദീകരിച്ചു.

🔳നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി പി.എസ്. സരിത്തിനു ജയിലില്‍ പീഡനവും സമ്മര്‍ദവുമുള്ളതായി മൊഴി. കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കള്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്നുപറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തുന്നതായാണ് സരിത്തിന്റെ മൊഴിയെന്നാണ് സൂചന. രഹസ്യമൊഴിയെടുത്ത എന്‍.ഐ.എ. കോടതി പ്രതിക്ക് സുരക്ഷയുറപ്പാക്കാന്‍ ജയിലധികൃതരോടു നിര്‍ദേശിച്ചു.

🔳പാര്‍ട്ടിയംഗങ്ങള്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് കുറ്റമായി കാണുന്നരീതി സി.പി.എം. ഇത്തവണ മാറ്റി. അതിനാല്‍, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രി അടക്കമുള്ള മൂന്ന് പാര്‍ട്ടിയംഗങ്ങള്‍ക്കെതിരേ സംസ്ഥാനസമിതി നടപടി കൈക്കൊണ്ടില്ല. കമ്യൂണിസ്റ്റ് മൂല്യബോധത്തിലുള്ള കുറവുകൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിശദീകരണം. മന്ത്രി വീണാജോര്‍ജ്, എം.എല്‍.എ.മാരായ ദലീമ, ആന്റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

🔳മുന്‍ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭയില്‍ നടത്തിയ അതിക്രമത്തിനെടുത്ത കേസില്‍ നല്‍കിയ അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ അപ്പീല്‍ പിന്‍വലിക്കാനാണ് ആലോചന. ബജറ്റവതരണത്തിനെതിരേ അന്നത്തെ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ അതിക്രമം ക്ഷമിക്കാവുന്നതല്ലെന്നും എം.എല്‍.എ.മാര്‍ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വാക്കാല്‍ അഭിപ്രയപ്പെട്ടിരുന്നു.

🔳പാലായിലെയും കല്‍പറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. അമ്പലപ്പുഴയിലേത് വ്യക്തിപരമായ പരിശോധനയല്ലെന്നും കാര്യങ്ങള്‍ ആകെ പരിശോധിക്കുന്നത് പാര്‍ട്ടി ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

🔳നിയമസഭാതിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേരളത്തിലെ എന്‍.ഡി.എ. സംവിധാനം തളര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരാജയം വിലയിരുത്താന്‍ യോഗംചേരാന്‍പോലും സാധിച്ചിട്ടില്ലെന്നും നേതാക്കളെ ഫോണില്‍പോലും കിട്ടാനില്ലെന്നും ഘടകകക്ഷികള്‍ പരാതിപ്പെടുന്നു. അവലോകനം നടത്താത്തതില്‍ ബി.ജെ.പി.ക്കുള്ളിലും ശക്തമായ അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳ബേക്കറി യൂണിറ്റ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ നഗരകാര്യ ഡയറക്ടറോട് നിര്‍ദേശിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചത്.

🔳ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. പ്രതിദിനം വെര്‍ച്വല്‍ ക്യൂവിലൂടെ 5000 പേര്‍ക്ക് പ്രവേശനം നല്‍കും. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമായിരിക്കും പ്രവേശനം.

🔳കോവിഡ്കാലത്ത് കേരളത്തില്‍മാത്രം പൂട്ടിയത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങള്‍. പൂട്ടിയ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നല്‍കിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഹോട്ടലുകളാണ്. ഏതാണ്ട് 12,000 ഹോട്ടലുകളാണ് അടച്ചുപൂട്ടലിനുശേഷം ജി.എസ്.ടി. രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കിയത്. വിനോദസഞ്ചാരമേഖലകളിലെ വ്യാപാരസ്ഥാപനങ്ങള്‍, ചെറുകിട ജൂവലറികള്‍, മാളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടത്തുന്ന ബ്രാന്‍ഡഡ് വസ്ത്രശാലകള്‍, കരകൗശലവില്പനശാലകള്‍ എന്നിവയാണ് അപേക്ഷ നല്‍കിയ മറ്റു സ്ഥാപനങ്ങള്‍.

🔳തമിഴ്‌നാടിനെ രണ്ടുസംസ്ഥാനമായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്ന് തമിഴ് പത്രം വാര്‍ത്ത ഇന്നലെ പുറത്തുവിട്ടതോടെ വിഷയം ട്വിറ്ററിലും ചര്‍ച്ചയായി മാറി. ഡി.എം.കെ. സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

🔳തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. റെസ്റ്റോറന്റുകള്‍, ടീ ഷോപ്പ്, ബേക്കറികള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ രാത്രി ഒന്‍പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സ്‌കൂളുകള്‍, കോളേജുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍, മൃഗശാലകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. സാംസ്‌കാരിക രാഷ്ട്രീയ പരിപാടികള്‍ക്കും അനുമതിയില്ല.

🔳തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈ വെക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

🔳ഉത്തര്‍പ്രദേശില്‍ രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവില്ലെന്ന് വ്യവസ്ഥചെയ്യുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് പുറത്തിറങ്ങി. സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കി.

🔳ശബ്ദമലിനീകരണത്തിന് ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിച്ച് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി. നഗരത്തില്‍ ശബ്ദമലിനീകരണം ഉണ്ടാക്കിയാല്‍ സര്‍ക്കാരിന് ഇനി ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താം. പുതിയ ചട്ടമനുസരിച്ച് വ്യവസ്ഥ ചെയ്തിരിക്കുന്ന സമയത്തിന് ശേഷം ജനവാസമേഖലയിലോ വാണിജ്യമേഖലയിലോ പടക്കം പൊട്ടിച്ചാല്‍ ആയിരം രൂപയും നിശബ്ദമേഖലയില്‍ പടക്കം പൊട്ടിച്ചാല്‍ മൂവായിരം രൂപയും പിഴ ഈടാക്കും.

🔳ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിന്‍ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാന്‍ സ്വദേശിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് ഏകദേശം 2500 കോടി രൂപ വിലവരുമെന്നും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധമുളളവരാണ് പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

🔳വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. ചെന്നൈ സ്‌പോര്‍ട്‌സ് അക്കാദമി തലവനായ പി നാഗരാജിനെതിരേയാണ് ഏഴു പേര്‍ കൂടി പരാതിയുമായി രംഗത്തെത്തിയത്. ഇയാളുടെ കീഴില്‍ പരിശീലനം നേടിയതാണ് ഏഴു പെണ്‍കുട്ടികളും. തന്റെ കീഴില്‍ പരിശീലനം നേടുന്നവര്‍ക്കു മാത്രമേ നാഗരാജ് വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാറുണ്ടായിരുന്നുള്ളു.

🔳ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ജൂലായ് 18-ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജൂലായ് 13-ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18-ലേക്ക് മാറ്റിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്.

🔳ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ തകര്‍ത്ത് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി. 25-കാരിയായ ബാര്‍ട്ടിയുടെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബാര്‍ട്ടിയുടെ ജയം. ഇതോടെ കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടവും ബാര്‍ട്ടി സ്വന്തമാക്കി.

🔳ഡെന്‍മാര്‍ക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിനിടെയുണ്ടായ വിവാദ സംഭവങ്ങളുടെ പേരില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് ഏകദേശം 26,81,550 രൂപ പിഴചുമത്തി യുവേഫ. ഡെന്‍മാര്‍ക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക പെനാല്‍റ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ സ്‌മൈക്കളിന്റെ മുഖത്ത് കാണികളില്‍ നിന്നൊരാള്‍ ലേസര്‍ രശ്മികള്‍ പതിപ്പിച്ചിരുന്നു. മാത്രമല്ല ഡെന്‍മാര്‍ക്കിന്റെയും ജര്‍മനിയുടെയും ദേശീയ ഗാനത്തിനിടെ വെംബ്ലിയിലെ കാണികള്‍ കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുവേഫ ടീമിന് പിഴ ചുമത്തിയത്.

🔳ഫുട്‌ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന് കിക്കോഫ്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ പൊരുതുന്നു. സ്വന്തം മണ്ണില്‍ ഒരിക്കല്‍കൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അര്‍ജന്റീന ഇറങ്ങിയിട്ടുള്ളത്.

🔳കേരളത്തില്‍ ഇന്നലെ 1,31,682 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313.

🔳രാജ്യത്ത് ഇന്നലെ 41,463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41,595 പേര്‍ രോഗമുക്തി നേടി. മരണം 898. ഇതോടെ ആകെ മരണം 4,08,072 ആയി. ഇതുവരെ 3,08,36,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.48 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,913 പേര്‍ക്കും കര്‍ണാടകയില്‍ 2,162 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,925 പേര്‍ക്കും ഒഡീഷയില്‍ 2,334 പേര്‍ക്കും ആസാമില്‍ 2,391 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,07,817 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 14,107 പേര്‍ക്കും ബ്രസീലില്‍ 48,504 പേര്‍ക്കും റഷ്യയില്‍ 25,082 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,367 പേര്‍ക്കും അര്‍ജന്റീനയില്‍ 11,561 പേര്‍ക്കും കൊളംബിയയില്‍ 20,915 പേര്‍ക്കും സ്‌പെയിനില്‍ 21,879 പേര്‍ക്കും ഇറാനില്‍ 11,664 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 35,094 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 21,610 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,944 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 114 പേരും ബ്രസീലില്‍ 1,116 പേരും റഷ്യയില്‍ 752 പേരും അര്‍ജന്റീനയില്‍ 353 പേരും കൊളംബിയയില്‍ 567 പേരും ഇന്‍ഡോനേഷ്യയില്‍ 826 പേരും സൗത്ത് ആഫ്രിക്കയില്‍ 265 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.41 ലക്ഷം.

🔳കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വോഡഫോണ്‍-ഐഡിയ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ അവസാന ശ്രമവുമായി രംഗത്ത്. ടെലികോം കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്ന അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനവുമായി കരാറിലെത്താനാണ് കമ്പനിയുടെ ശ്രമം. 22,400 കോടിയാണ് അപ്പോളോ വോഡഫോണ്‍-ഐഡിയയില്‍ നിക്ഷേപിക്കുക. നിലവില്‍ കമ്പനിയില്‍ വോഡഫോണിന് 44.39 ശതമാനവും ഐഡിയക്ക് 27.66 ശതമാനം ഓഹരിയുമാണ് ഉള്ളത്.

🔳ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ പേടിഎമ്മില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയര്‍ന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനം വിട്ടത്. പ്രസിഡന്റ് അമിത് നയ്യാര്‍, ചീഫ് എച്ച്ആര്‍ ഓഫീസര്‍ രോഹിത് താക്കൂര്‍ ഉള്‍പ്പടെയുള്ളവരാണ് രാജി വെച്ചത്. ഇതോടെ പേടിഎമ്മില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുര്‍ ഡിയോറമാത്രമാണ്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്.

🔳കമല്‍ ഹാസനെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. മൂവരുടെയും ക്ലോസപ്പുകള്‍ അടങ്ങിയതാണ് പോസ്റ്റര്‍. കമല്‍ഹാസന്റെ 232-ാം ചിത്രമാണ് വിക്രം. ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ നരെയ്‌നും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.

🔳അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത വെബ്സീരീസ് 'മോണിക്ക'യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത്, ടിനി ടോം. എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയില്‍ ട്രെയ്ലര്‍ തരംഗമായിക്കഴിഞ്ഞു. അപ്പാനി ശരത്തും ഭാര്യ രേഷ്മയും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന കൗതുകം കൂടിയാണ് മോണിക്ക. ഇരുവരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ഇനിമുതല്‍ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനില്‍ വാങ്ങാം. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ഫാക്ടറിയില്‍ നിന്ന് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനായി വാങ്ങാമെന്നും സി5 എയര്‍ക്രോസ് എസ്യുവി വീട്ടില്‍ എത്തിച്ചു നല്‍കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021 ഏപ്രിലിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറക്കിയത്. കാര്‍ വാങ്ങുന്നത്, രജിസ്‌ട്രേഷന്‍, വാഹന വായ്പ തുടങ്ങിയവയെല്ലാം ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. വാഹനം കമ്പനി വീട്ടുമുറ്റത്ത് എത്തിച്ചുതരും. സമര്‍പ്പിത ഇ- കൊമേഴ്‌സ് സൈറ്റു വഴിയാണ് കാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക.

🔳കഥകളി എന്ന ദൃശ്യാകലാ പ്രസ്ഥാനത്തിന്റെ ആചാര്യനും മഹാനടനുമായിരുന്ന പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ ജീവിത ചരിത്രം. 'നാട്യാചാരന്റെ ജിവിതമുദ്രകള്‍'. കലാമണ്ഡലം പത്മനാഭന്‍ നായര്‍, ഞായത്ത് ബാലന്‍. ഡിസി ബുക്സ്. വില 166 രൂപ.

🔳കോവിഡ് ബാധിച്ചവര്‍ വൃക്കകളുടെ ആരോഗ്യം പതിവായി നിരീക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ശ്വാസകോശവും കരളും മാത്രമല്ല വൃക്കയെയും കൊറോണ വൈറസ് സാരമായി ബാധിക്കുമെന്നാണ് എയിംസിന്റെ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ന്യുമോണിയ മൂലം ഓക്സിജന്‍ നില താഴുന്നത് വൃക്ക കുഴലുകളില്‍ തകരാറുണ്ടാക്കുകയും എടിഎന്‍ (അക്യൂട്ട് ടൂബുലാര്‍ നെക്രോസിസ്) എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. അതേസമയം കോവിഡ് മൂലം വൃക്കകള്‍ക്കുണ്ടാകുന്ന പൂര്‍ണ്ണമായ ആഘാതം ഇപ്പോള്‍ വ്യക്തമായിട്ടില്ല. വൃക്കകളിലെ കോശങ്ങളില്‍ കൊറോണ വൈറസിനെ അവയോട് ചേര്‍ത്തുനിര്‍ത്തുന്ന റിസെപ്റ്ററുകള്‍ ഉണ്ട്. ഇവ വൈറസിന് ആക്രമിക്കാനും പെരുകാനുമുള്ള സാഹചര്യം ഒരുക്കുന്നതാണ്. ഇതുവഴി അവിടെയുള്ള കോശഘടന തകരും. സമാനമായ റിസെപ്റ്ററുകള്‍ ശ്വാസകോശത്തിലെയും ഹൃദയത്തിലെയും കോശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് 19 രക്തത്തില്‍ ചെറിയ കട്ടകള്‍ രൂപപ്പെടാന്‍ കാരണമാകും. ഇത് വൃക്കയിലെ ഏറ്റവും ചെറിയ രക്തദമനിയില്‍ പോലും തടസ്സമുണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നതാണ്. കോവിഡ് സാരമായി ബാധിച്ച പല കേസുകളിലും വൃക്ക തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യാതൊരു വൃക്ക രോഗവും ഇല്ലാതിരുന്നവര്‍ക്ക് പോലും പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഫുട്ബോള്‍ ടീമിന് പുതിയ പരിശീലകന്‍ വന്നു. ഒരു പന്ത് പോലും കയ്യിലില്ലാതെയാണ് അദ്ദേഹം മൈതാനത്ത് എത്തിയത്. അപ്പോള്‍ കളിക്കാര്‍ ചോദിച്ചു: പന്തില്ലാതെ എങ്ങനെയാണ് ഫുട്ബോള്‍ പരിശീലിക്കുന്നത്? പരിശീലകന്‍ അപ്പോള്‍ ഒരു മറുചോദ്യം ചോദിച്ചു: ' ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു സമയത്ത് എത്രപേരുണ്ട്? ' ഒരു ടീമില്‍ പതിനൊന്ന് പേര്‍ വീതം മൊത്തം ഇരുപത്തിരണ്ട് പേര്‍ എന്നായിരുന്നു മറുപടി. ഒരു സമയത്ത് എത്ര പേര്‍ പന്തില്‍ തൊടുന്നുണ്ട്? പരിശീലകന്‍ അടുത്ത ചോദ്യം ചോദിച്ചു. ഒരാളെന്ന് ഉത്തരവും വന്നു. പരീശീലകന്‍ പറഞ്ഞു: ശരിയാണ് അതുകൊണ്ട് ബാക്കി ഇരുപത്തിയൊന്ന് പേര്‍ എന്തു ചെയ്യുന്നു എന്ന കാര്യമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. ഒരാളുടെ കയ്യില്‍ മാത്രം പന്തുള്ളപ്പോഴും മറ്റുള്ളവര്‍ നടത്തുന്ന നിരീക്ഷണവും ചുവടുവെയ്പുകളും പ്രതിരോധങ്ങളും മുന്നേറ്റങ്ങളും കൂടി ചേരുന്നതാണ് ഓരോ കാല്‍പന്ത് കളിയും. ആര്‍ക്കും അധികനേരം തനിച്ച് കളിക്കാനാവില്ല. ആര്‍ക്കും അധികനേരം നോക്കിനില്‍ക്കാനുമാകില്ല. ജാഗ്രതയുള്ള ഇടപെടലുകള്‍ എപ്പോഴും അനിവാര്യമാണ്. ഇതുപോലെ തന്നെയാണ് ജീവിതവും, കളിക്കളത്തിലെ ഈ പൊതുധാരണ ജീവിതത്തിലും ആവശ്യമാണ്. കൂടെ നില്‍ക്കുന്നവരുടെ കാല്‍പെരുമാറ്റമാണ് കളിച്ചുകയറുന്നവന്റെ ആത്മവിശ്വാസം. അല്‍പം അകലെയാണെങ്കിലും അവരും ഒപ്പമുണ്ടെന്ന ധൈര്യത്തിലാകും ഓരോരുത്തരും മുന്നേറുന്നത്. ഒരുമിച്ച് നിന്നാല്‍ മാത്രം ജയിക്കുന്ന കളികള്‍ ഒറ്റയ്ക്ക് കളിച്ചാല്‍ പരാജയപ്പെടും. ബാലപാഠങ്ങളിലൂടെ വേണം കഠിന പാഠങ്ങളിലെത്താന്‍. മുന്നേറ്റം മാത്രമല്ല, പ്രതിരോധവും കളിയാണ്. ചവിട്ടുപടിയിലെ ആദ്യത്തെ പടിയാകാന്‍ എളുപ്പമല്ല. ഒരിക്കലെങ്കിലും ആ വേഷം ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ എത്തിച്ചേരുന്ന ഉയര്‍ന്ന പദവികളോട് നീതിപുലര്‍ത്താനാകൂ. നമുക്ക് ഒരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം അയാളുടെ പ്രചോദനവും പ്രേരകശക്തിയുമായിത്തീരുക എന്നതാണ്. മുന്നില്‍ നില്‍ക്കാനല്ല, ഒപ്പം നില്‍ക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only