09 ജൂലൈ 2021

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന കോടിക്കണക്കിന് രൂപ തട്ടി: മലയാളി അറസ്റ്റിൽ
(VISION NEWS 09 ജൂലൈ 2021)

 
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന കോടിക്കണക്കിന് രൂപ തട്ടിയ മലയാളി ദില്ലിയിൽ അറസ്റ്റിൽ. ജോലി വാഗ്ദാനം ഉൾപ്പടെ നൽകി മലയാളികളിൽ നിന്നടക്കം പത്തു കോടിയിലേറെ രൂപ തട്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി സത്യസുന്ദരം അറിയിച്ചു.കാസർകോട് സ്വദേശി സിദ്ദിഖ് അബ്ദുൾ റഹ്മാനാണ് പിടിയിലായത്. 

2014 മുതൽ ദില്ലി കേന്ദ്രീകരിച്ച് ഇയാൾ തട്ടിപ്പ് നടത്തി വരികയാണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയിരുന്ന സിദ്ദിഖ് അടുത്തകാലത്ത് സൗദി എംബസിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. വിദേശത്തും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം നൽകിയാണ് ഇയാൾ പണം തട്ടിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ . 

ദിൽഷാദ് ഗാർഡൻ, മയൂർവിഹാർ എന്നിവിടങ്ങളിൽ ഇയാളുടെ തട്ടിപ്പിൽ പെട്ട മലയാളികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ മണാലിക്ക് കടന്നിരുന്നു. പിന്നാലെ പൊലീസ് സംഘം മണാലിയിൽ എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ അഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. കാസർകോട് സ്വദേശിയാണെന്നു വ്യക്തമാക്കുന്ന ആധാർ കാർഡിനു പുറമേ ആലപ്പുഴ സ്വദേശിയായ ഷൈൻ ജ്യോതിയെന്ന പേരിലും ആധാർ കാർഡ് ഇയാളുടെ കൈയിൽ നിന്നും കണ്ടെത്തി. കൂടാതെ റിസർവ് ബാങ്ക്, സൗദി എംബസി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിൽ തയാറാക്കിയ വ്യാജ രേഖകളും പിടിച്ചെടുത്തു. വിദേശകാര്യമന്ത്രലായത്തിന്റെ പേരിലുള്ള വ്യാജ തിരിച്ചറിൽ കാർഡും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only