👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 ജൂലൈ 2021

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍
(VISION NEWS 30 ജൂലൈ 2021)


സംസ്ഥാനത്ത് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്ത് ടി.പി.ആർ അനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഇത് പിൻവലിക്കാനുള്ള നിർദേശമുണ്ടാകണമെന്നുമാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിക്കുന്നത്.

ലോക്ഡൗൺ കാരണം കടകൾ തുറക്കാൻ കഴിയാതെ വന്നതോടെ വ്യാപാരികൾ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഇളവുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികൾ. ബക്രീദിന് ശേഷം ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതോടെ ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒൻപത് മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാനുമാണ് തീരുമാനം.


നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതൽ ദിവസം കടകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുറന്ന് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ വലിയ ആൾക്കൂട്ടമുണ്ടാകുന്നുവെന്നും ഇത് രോഗവ്യാപനം വർധിപ്പിക്കുന്നുവെന്നുമാണ് മറ്റൊരു ആരോപണം. കടകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അഭിപ്രായപ്പെടുന്നത്. മുൻപ് കടുത്ത നിലപാടിലേക്ക് പോകാത്തത് മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെന്നും എന്നാൽ അദ്ദേഹം വാക്ക് പാലിച്ചില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only