20 ജൂലൈ 2021

ബലിപെരുന്നാളിന്ന് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് മത നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ല. ഡോ.ഹുസൈൻ മടവൂർ
(VISION NEWS 20 ജൂലൈ 2021)
ബലി പെരുന്നാളിന്ന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് മുസ്ലിം മത നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ദീർഘകാലം കട കമ്പോളങ്ങൾ അടച്ചിടുന്നത് മൂലമുള്ള പ്രയാസങ്ങൾ പരിഗണിച്ച് അവ തുറന്ന് പ്രവർത്തിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ടത് വ്യാപാരികളാണ്. സർക്കാർ വ്യാപാരികളുടെ ആവശ്യം പരിഗണിക്കുകയും ചെയ്തു. അത് മുസ്ലിംകൾക്ക് ചെയ്ത് കൊടുത്ത ആനുകൂല്യമൊന്നുമല്ല. വ്യാപാരികൾക്ക് നൽകിയ ഇളവുകളെ ബക്രീദ് പ്രമാണിച്ച് എന്ന രീതിയിൽ പ്രസിദ്ധം ചെയ്തതാണ് വിഷയം സുപ്രീം കോടതിയിൽ വരെ എത്തിച്ചത്. ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്താനാവശ്യമായ മിനിമം എണ്ണം ആളുകൾക്ക് എല്ലാ നിയന്ത്രണങ്ങളും പാലിച്ച് പ്രവേശനം അനുവദിക്കണമെന്നാണ് മുസ്ലിംകൾ ആവശ്യപ്പെട്ടത്. കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് സാമൂഹിക അകലം പാലിച്ച് കൊണ്ട് മറ്റിടങ്ങളിലേത് പോലെ എണ്ണം അനുവദിക്കാവുന്നതുമാണ്. ആരാധാനലയങ്ങളിൽ പോലും കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നതിൽ സർക്കാറിനോട് സഹകരിച്ച് പോരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുന്നിൽ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണിത്.
പെരുന്നാൾ നമസ്കാരവും ആഘോഷങ്ങളും ബലികർമ്മവും നിയന്ത്രണങ്ങൾ പാലിച്ച് ലളിതമായി നിർവ്വഹിക്കാൻ മുസ്ലിംകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only