16 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 16 ജൂലൈ 2021)


🔳കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമര്‍ജന്‍സി കമ്മിറ്റി വ്യക്തമാക്കി.

🔳രാജ്യത്ത് ഇന്ധനവില അതിരൂക്ഷമായി ഉയരുന്നതിനിടെ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ട് പുതിയ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളുമായാണ് അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഊര്‍ജ്ജ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തെന്നും മന്ത്രി വ്യക്തമാക്കി.


🔳സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് നടപടി.

🔳കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറെടുക്കുന്നു. ജൂലായ് 25ന് ഡല്‍ഹിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ തുടരുന്ന മമത ഹാട്രിക് വിജയത്തിന് ശേഷം ആദ്യമായി രാജ്യതലസ്ഥാനത്ത് എത്തുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പ് സഖ്യസാധ്യത തുറന്നുകൊണ്ടാണ്.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹം. വ്യാഴാഴ്ച സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കമല്‍നാഥ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.

🔳സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

🔳എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അഞ്ഞൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപെടല്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശം നല്‍കാനാണ് മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

🔳അഴിമതിക്കാരനായ ധനകാര്യമന്ത്രിക്കെതിരേ ഉണ്ടായ പ്രതിഷേധമാണ് നിയമസഭാ കയ്യാങ്കളിക്ക് കാരണമെന്ന മുന്‍ നിലപാടില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ മലക്കം മറിഞ്ഞു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായപ്പോള്‍ പ്രതിപക്ഷനിരയിലെ വനിതാ അംഗങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായെന്നും വനിതാ അംഗങ്ങളെ സ്ട്രെച്ചറില്‍ സഭയ്ക്കു പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതോടെയാണ് നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കി.

🔳ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

🔳ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിന് ലഭിച്ചിരുന്ന ആനുകൂല്യത്തെ കേരള ഗവണ്‍മെന്റ് ഇല്ലാതാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ആരോപിച്ചു. മന്ത്രിസഭാ തീരുമാനത്തോടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് മുസ്ലിം സമൂഹത്തിന് കൊടുക്കേണ്ട ആനുകൂല്യമാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.

🔳മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ല സര്‍ക്കാര്‍ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പാലോളി കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കുകയെന്നാല്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശം നടപ്പാക്കുക എന്നാണര്‍ത്ഥം. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നത് സമിതിയുടെ നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമാണെന്നും ഇവര്‍ വ്യക്തമാക്കി. ഈ രണ്ട് കമ്മിറ്റികള്‍ ന്യൂനപക്ഷങ്ങളുടെയല്ല, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.മുസ്ലീങ്ങള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിര്‍ദേശിച്ച ശുപാര്‍ശ മുസ്ലീങ്ങള്‍ക്ക് മാത്രമായി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായം കൂടുതല്‍ പിന്നാക്കം തള്ളപ്പെടും. ഇക്കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

🔳കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഭിന്നത രൂക്ഷമെന്ന് സൂചന. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപ്പിള്ള തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല.

🔳കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് സ്ഥലം മാറ്റം. ബിവാണ്ടി ജിഎസ്ടി കമ്മീഷണര്‍ ആയാണ് മാറ്റം. നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തിന്റെ അന്വേഷണ ചുമതല സുമിത് കുമാറിനായിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോണ്‍സുലേറ്റിന്റെ എതിര്‍പ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. രാജേന്ദ്രകുമാറാണ് പുതിയ കൊച്ചി കസ്റ്റംസ് കമ്മീഷണര്‍.

🔳ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതേസമയം റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു. കൃത്യമായ നികുതി അടയ്ക്കാന്‍ തയ്യാറാണെന്നും നടപടിക്രമങ്ങള്‍ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീല്‍ നല്‍കുകയെന്നും അഭിഭാഷകന്‍ സൂചിപ്പിച്ചു.

🔳മാധ്യമങ്ങളെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാക്കുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ ആയിരുന്നു പരാമര്‍ശം. മാധ്യമങ്ങളെ മറന്നേക്കൂവെന്നും അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകുമെന്നുമാണ് അണ്ണാമലൈ പറഞ്ഞത്.

🔳ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ഗോവ രാജ്ഭവനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സംസ്ഥാനത്തെ 33-മത് ഗവര്‍ണറാണ് ശ്രീധരന്‍ പിള്ള. മുന്‍പ് മിസോറാം ഗവര്‍ണറായിരുന്നു അദ്ദേഹം.

🔳ഹരിയാണയില്‍ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു.. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗംഗ്വയുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

🔳കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.


🔳വരാണസിയില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. രുദ്രാക്ഷ് എന്ന് പേരിട്ടിരിക്കുന്ന ഈ കേന്ദ്രം കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വരാണസിയെ മാറ്റുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ശിവലിംഗത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ കെട്ടിടത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവെച്ചു.

🔳കര്‍ഷകസമരത്തിലെ നേതാക്കളെ വിമര്‍ശിച്ച് ഹരിയാന ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അനില്‍ വിജ്. കേന്ദ്രവുമായി ചര്‍ച്ച നടത്തി പ്രശ്‌നം
പരിഹരിക്കാന്‍ പല നേതാക്കള്‍ക്കും താത്പര്യമില്ല. 2012ല്‍ അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാവും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പോലെ രാഷ്ട്രീയ മോഹവുമായി നടക്കുന്നവരാണ് പല നേതാക്കളുമെന്നും അദ്ദേഹം ആരോപിച്ചു.

🔳ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെതിരെ മമത ബാനര്‍ജി. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് പകരം ചോര്‍ത്തുകയാണ് കമ്മിഷന്‍ ചെയ്തതെന്ന് മമത ആരോപിച്ചു.

🔳ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ പാതിവഴിയില്‍ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 6600 കോടിയുടേതാകും ഇടപാടെന്നാണ് സൂചന.

🔳ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്തായി ചൈന കോണ്‍ക്രീറ്റ് കെട്ടിടങ്ങളടങ്ങിയ സ്ഥിരം ക്യാമ്പുകള്‍ സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്.. സിക്കിമിലെ നകു ലായില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറിയാണ് ചൈനയുടെ നിര്‍മാണ പ്രവ്രത്തനങ്ങള്‍.

🔳1980ന് ശേഷം ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് അയല്‍രാജ്യമായ ചൈനയെക്കാള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ പ്രത്യുല്‍പ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

🔳അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ജോണ്‍സണ്‍ & ജോണ്‍സണ്‍ന്റെ ന്യൂട്രോജെന, അവീനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള സണ്‍സ്‌ക്രീന്‍ ലോഷനുകളാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്.

🔳ക്യൂബയിലെ ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. ഭക്ഷണത്തിനും മരുന്നിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതിച്ചുങ്കം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി. അടുത്ത തിങ്കളാഴ്ച മുതല്‍ വര്‍ഷാവസാനം വരെ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് യാത്രികര്‍ക്കു മേല്‍ നിയന്ത്രണമുണ്ടാവില്ല. ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യതക്കുറവ്, വിലക്കയറ്റം, സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളിലെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച ക്യൂബന്‍ തെരുവുകളില്‍ ഇറങ്ങിയത്. അവര്‍ മുന്നോട്ടുവെച്ച ഒരാവശ്യം, ക്യൂബയിലേക്ക് വരുന്നവര്‍ കൊണ്ടുവരുന്ന അവശ്യവസ്തുക്കള്‍ക്കു മേല്‍ കസ്റ്റംസ് നികുതി ചുമത്തരുത് എന്നായിരുന്നു.

🔳കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

🔳ഗോകുലം കേരള എഫ്.സിയ്ക്ക് ചരിത്ര നേട്ടം എ.എഫ്.സി വനിതാ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം എഫ്.സി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വുമണ്‍സ് ലീഗില്‍ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെണ്‍പട എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുക. ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക..

🔳കേരളത്തില്‍ ഇന്നലെ 1,25,742 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,370 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.  

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265.

🔳രാജ്യത്ത് ഇന്നലെ 39,068 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,819 പേര്‍ രോഗമുക്തി നേടി. മരണം 544. ഇതോടെ ആകെ മരണം 4,12,563 ആയി. ഇതുവരെ 3,10,25,875 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.24 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 2,405 പേര്‍ക്കും കര്‍ണാടകയില്‍ 1,977 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,526 പേര്‍ക്കും ഒഡീഷയില്‍ 2,110 പേര്‍ക്കും ആസാമില്‍ 1,992 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,38,804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 30,856 പേര്‍ക്കും ബ്രസീലില്‍ 52,789 പേര്‍ക്കും റഷ്യയില്‍ 25,293 പേര്‍ക്കും ഇംഗ്ലണ്ടില്‍ 48,553 പേര്‍ക്കും അര്‍ജന്റീനയില്‍ 17,295 പേര്‍ക്കും കൊളംബിയയില്‍ 18,070 പേര്‍ക്കും സ്‌പെയിനില്‍ 27,688 ഇറാനില്‍ 23,655 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 56,757 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 16,435 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.96 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.24 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,103 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 315 പേരും ബ്രസീലില്‍ 1,444 പേരും റഷ്യയില്‍ 791 പേരും അര്‍ജന്റീനയില്‍ 445 പേരും കൊളംബിയയില്‍ 496 പേരും ഇന്‍ഡോനേഷ്യയില്‍ 982 പേരും സൗത്ത് ആഫ്രിക്കയില്‍ 377 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.82 ലക്ഷം.

🔳ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6,600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ വാങ്ങിക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ മുന്‍ നിരയിലുള്ള കമ്പനിയാണ് ജസ്റ്റ് ഡയല്‍. മാനേജിംഗ് ഡയറക്ടര്‍ വിഎസ്എസ് മണിയും കുടുംബവുമാണ് കമ്പനിയുടെ 35.5 ശതമാനം ഓഹരികളുടെയും ഉടമകള്‍ ഇതിന്റെ മൊത്ത മൂല്യം 2,387.9 കോടി രൂപയാണ്. റിലയന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ 60 ശതമാനത്തിന് ഓഹരികളും റിലയിന്‍സിന്റെ കീഴിലാകും.

🔳രാജ്യത്തെ കമ്പനികള്‍ ഐപിഒ വഴി നടത്തിയ മൂലധനസമാഹരണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധന. 2007 ന് ശേഷം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മൂലധനം സമാഹരിച്ച വര്‍ഷമായിരിക്കുകയാണ് 2021. അടുത്തു തന്നെ നടക്കുന്ന സൊമാറ്റോയുടെ ഐപിഒ കൂടിയാകുമ്പോള്‍ ഈ വര്‍ഷം വിവിധ കമ്പനികള്‍ സമാഹരിച്ച തുക 19277 കോടി രൂപയാകും. കൂടാതെ തുടര്‍ വില്‍പ്പനയിലൂടെ 20024 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. 2007 ആണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ചു നിന്ന വര്‍ഷം. 32102 കോടി രൂപയാണ് വിവിധ കമ്പനികള്‍ അന്ന് ഐപിഒയിലൂടെ മൂലധനം സമാഹരിച്ചത്.

🔳മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണോ കല്യാണി എന്ന് തോന്നിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. തെലുങ്കാനയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

🔳നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജി ചിത്രം 'നവരസ'യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ പേര് 'എതിരി' എന്നാണ്. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.'യാതോ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ക്കി ആണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്നു. പാടിയത് ചിന്മയി ശ്രീപാദ.

🔳വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒല ഡോട്ട് കോം എന്ന കമ്പനി വെബ്സൈറ്റ് വഴി 499 രൂപ അടച്ച് ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

🔳നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ? നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടെയും അന്തര്‍ലിന ശക്തികളെ പരാമാവധി ഉപയോഗിക്കണമെന്നുണ്ടോ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. 'നിന്നില്‍ത്തന്നെ വിശ്വസിക്കുക'. ഡോ ജോസഫ് മര്‍ഫി. മന്‍ജുല്‍ പബ്ളിഷിംഗ് ഹൗസ്. വില 109 രൂപ.

🔳കഴിഞ്ഞവര്‍ഷം രാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനം മദ്യപാനം മൂലമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളില്‍ ഇത് 23 ശതമാനമാണ്. അന്നനാളം, കരള്‍, ബ്രെസ്റ്റ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുകയില പോലുള്ള മറ്റ് വസ്തുക്കളുടെ ഉപയോഗം കാരണമുണ്ടാകുന്ന കാന്‍സറിനെ മദ്യപാനം കൂടുതല്‍ ഗുരുതരമാക്കുന്നു. പ്രതിദിനം രണ്ട് പെഗ് മദ്യം കഴിക്കുന്നത് മിതമായ മദ്യപാനമെന്നാണ് കണക്കാക്കുന്നത്. ആറ് പെഗുവരെ കഴിക്കുന്നത് അപകടകരമായ മദ്യപാനമാണെന്നും ആറ് പെഗിന് മുകളില്‍ കഴിക്കുന്നത് അതീവ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സറിന് കൂടുതല്‍ കാരണമാകുന്നത് ഇത്തരത്തിലുള്ള അമിത മദ്യപാനമാണ്. അമിത മദ്യപാനം 39ശതമാനം പേര്‍ക്കാണ് കാന്‍സര്‍ വരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ മിതമായ മദ്യാപാനം കാരണം 14 ശതമാനം പേര്‍ക്കും രോഗം വന്നിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
മനോഹരമായ ഉദ്യോനത്തിന്റെയും കൃഷിയിടത്തിന്റെയും നടുക്കായിരുന്നു അയാളുടെവീട്. ധാരാളം പൂക്കളും ഫലവൃക്ഷങ്ങളുമായി നില്‍ക്കുന്ന ആ വീടിന് ഒരു പ്രത്യേക ഭംഗിയായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം, ഒരേ കാഴ്ച സ്ഥിരമായി. കണ്ട് അയാള്‍ക്ക് വല്ലാതെ മടുപ്പ് തോന്നി. ഈ സ്ഥലം വിറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ അയാള്‍ തീരുമാനിച്ചു. അയാള്‍ ഒരു സ്ഥലകച്ചവടക്കാരനെകണ്ട് തന്റെ ആവശ്യം അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ അതിസുന്ദരമായ ഒരു വീടും പറമ്പും വില്‍ക്കാനുണ്ട് എന്ന പരസ്യം കണ്ട് അയാള്‍ വിളിച്ചു. ഫോണെടുത്ത സ്ഥലകച്ചവടക്കാരന്‍ പറഞ്ഞു: അത് നിങ്ങള്‍ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞ വീടിന്റെ പരസ്യമാണ്! എന്നും കണ്ടുമുട്ടുന്നവയെ എളുപ്പത്തില്‍ മടുക്കുന്നതിന്റെ കാരണം അവയെ ഒരേ ദൃഷ്ടികോണില്‍ നിന്നുമാത്രം കാണുന്നതുകൊണ്ടും ഒരേ ശൈലിയില്‍ അവയോട് ഇടപെടുന്നതുകൊണ്ടുമാണ്. ഈ ആവര്‍ത്തനവിരസത മാറ്റാന്‍ ആസ്വാദകന് മാത്രമേ സാധിക്കൂ. പുതുമയ്ക്ക് വേണ്ടി എന്നും പുതിയ സ്ഥലങ്ങള്‍ തേടാനാകില്ല. അതുപോലെ തന്നെ വ്യത്യസ്തതയ്ക്ക് വേണ്ടി വ്യക്തികളേയോ വ്യക്തിബന്ധങ്ങളേയോ വേണ്ടെന്നുവെയ്ക്കുന്നതും ശരിയല്ല. സമീപനത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്തുക എന്നതാണ് അതിനൊരു പരിഹാരം. ഒരു വീക്ഷണകോണില്‍ നിന്നുമാത്രം കണ്ടിരുന്നവയെ മറ്റു വീക്ഷണകോണുകളില്‍ നിന്നുകൂടി കാണാന്‍ ശ്രമിക്കുക. പറിച്ചുനടാവുന്നവയ്ക്ക് പുതിയ നിലമൊരുക്കുക, പുതുനിറങ്ങളും രൂപമാറ്റങ്ങളും അനുവദിക്കുക. അകലെയുള്ളവയെ ആരാധിക്കുന്ന അതേ കണ്ണുകളിലൂടെ അടുത്തുള്ളവയെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അനാവശ്യപ്രലോഭനങ്ങള്‍ നമുക്ക് ഒഴിവാക്കാം. - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only