09 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 09 ജൂലൈ 2021)

🔳ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

🔳കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഇതില്‍ 15000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 8000 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക.

🔳രാജ്യത്തിന്റെ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ ഐ.ടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയതായി ചുമതലയേറ്റ ഐടി മന്ത്രിയുടെ ട്വിറ്ററിനുള്ള താക്കീത്.

🔳ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി. പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു.

🔳സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും.

🔳സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനും ഇന്നലെ ലഭിച്ചു. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

🔳കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്. അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

🔳മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍മുതല്‍ ഏഴു കളക്ടര്‍മാരെവരെ നിയമിച്ച് ബുധനാഴ്ച പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രിയുടെ നടപടി അസാധാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ.എ.എസുകാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മുഖ്യമന്ത്രിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ചട്ടമെങ്കിലും സാധാരണ മന്ത്രിസഭ പരിഗണിച്ചശേഷമാണ് ഉത്തരവിറക്കുക. അടിയന്തര സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെമാത്രം അനുമതിയോടെ നിയമനം നടത്തുമെങ്കിലും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രിതന്നെ മന്ത്രിസഭയെ ബോധ്യപ്പെടുത്തുന്നതും കീഴ്‌വഴക്കമാണ്. ഇതു മറികടന്നാണ് ഇന്നലെ 35 ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചത്.

🔳കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടലായ റെറ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനിമുതല്‍ ഈ വെബ്പോര്‍ട്ടല്‍ വഴി അറിയാനാകും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാനാണ് വെബ്പോര്‍ട്ടല്‍ സജ്ജമാകുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

🔳സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കത്തിന് ഏകീകൃതസംവിധാനം വരുന്നു. നിലവില്‍ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ക്കു പകരമായാണിത്. കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷന്‍ സര്‍വീസ് എന്ന പ്ലാറ്റ്‌ഫോം സി-ഡിറ്റാണ് വികസിപ്പിക്കുക. ഇതോടെ, സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം കൂടുതല്‍ സുതാര്യവും വേഗത്തിലുമാവും.

🔳പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ജി സ്യൂട്ട് എന്ന പൊതു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാകുന്നു. ഗൂഗിളിന്റെ സഹകരണത്തോടെയാണ് കൈറ്റ് പുതിയ പഠന മാനേജ്‌മെന്റ് സിസ്റ്റത്തിന് രൂപം നല്‍കിയത്. കൈറ്റും ഗൂഗിള്‍ ഇന്ത്യാ ലിമിറ്റഡും ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പിട്ടു. ആദ്യം വി.എച്ച്.എസ്.ഇ. ക്ലാസുകളിലാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പരീക്ഷിക്കുക.

🔳വോട്ടര്‍പട്ടിക ചോര്‍ന്ന സംഭവത്തില്‍ കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ട ഡാറ്റ എല്ലാം കെല്‍ട്രോണ്‍ ആണ് സൂക്ഷിച്ചിരുന്നത്. ഇരട്ട വോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു അന്വേഷണം നടത്തി. തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇരട്ട വോട്ട് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

🔳ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് രണ്ട് കമ്മിറ്റികള്‍ വീതം രൂപവത്കരിക്കുന്നു. 100 ബൂത്തുകള്‍ക്ക് ഒരു കമ്മിറ്റി എന്നനിലയിലായിരിക്കും വിഭജനം. നിയോജകമണ്ഡലം കമ്മിറ്റിയെ എ, ബി എന്നിങ്ങനെ വിഭജിക്കുകയോ ഏരിയ, മേഖലാ കമ്മിറ്റികള്‍ രൂപവത്കരിക്കുകയോ ചെയ്യും. വലിയ പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികളും വിഭജിക്കാനാണ് ആലോചന. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വിഭജനം സഹായകമാകുമെന്ന നിര്‍ദേശംെവച്ചത് കേന്ദ്രനേതൃത്വമാണ്.

🔳പാലാ അടക്കം കേരള കോണ്‍ഗ്രസ് (എം) പരാജയപ്പെട്ട മണ്ഡലങ്ങളില്‍ ഇടതുമുന്നണിയോ സി.പി.േേഎമ്മാ നടത്തുന്ന അന്വേഷണം മാത്രം മതിയെന്ന് നേതൃത്വം. കേരള കോണ്‍ഗ്രസ് കമ്മിഷനെ അന്വേഷണത്തിന് വെയ്ക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നതെങ്കിലും അതുണ്ടാകില്ല. തോല്‍വിക്ക് കാരണമായി പ്രാദേശിക നേതൃത്വം കണ്ടെത്തിയ ഒരുകാര്യവും ചര്‍ച്ചയ്ക്കുവെയ്ക്കാത്ത നേതൃത്വത്തിന്റെ തീരുമാനത്തില്‍ അണികള്‍ക്കിടയില്‍ അമ്പരപ്പുണ്ട്.

🔳ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. തിരുവനന്തപുരത്തെ എം.എല്‍.എ.ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിക്കത്തു ലഭിച്ചത്. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. സമാനമായതരത്തിലുള്ള വധഭീഷണി കഴിഞ്ഞമാസം അവസാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യ്ക്കു നേരെയും ഉണ്ടായിരുന്നു.

🔳തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി പിടിയില്‍. മുഹമ്മദുണ്ണിയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുണ്ണിയാണ്. രണ്ടിടങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. 2019ലാണ് സംഭവം നടന്നത്.

🔳എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്ണമക്കെതിരേ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആനി ശിവയെ അധിക്ഷേപിക്കുന്ന സംഗീത ലക്ഷ്മണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.

🔳പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ മാത്രമാണ് നിരന്തരം ചോദ്യംചെയ്യുന്നതെന്നും തന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്തതെന്നും ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

🔳ചെരിപ്പ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളെക്കൊണ്ട് ചുമലിലെടുപ്പിച്ചതിന് തമിഴ്‌നാട് മന്ത്രി വിവാദത്തില്‍. ഫിഷറീസ്-മൃഗക്ഷേമ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണനെയാണ് ബോട്ടില്‍നിന്ന് കരയിലിറങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ ചുമലിലേറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

🔳അസംസ്‌കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. പ്രധാനമന്ത്രിയുടെ സ്വയംപര്യാപ്ത ഭാരതമെന്ന കാഴ്ചപ്പാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ മകന്‍ പ്രവീണ്‍ നിഷാദിനെ ഉള്‍പ്പെടുത്താത്തില്‍ നീരസം പ്രകടിപ്പിച്ച് ബി.ജെ.പി.യുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ്. തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🔳ഇന്ത്യ 'ശാസ്ത്ര'ങ്ങളാലല്ല, നിയമങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ജനാധിപത്യ രാജ്യമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ക്ഷേത്രത്തില്‍ നിന്ന് തത്സമയ സംപ്രേഷണം നടത്താന്‍ പാടില്ലെന്ന് ഐ.ടി. നിയമത്തില്‍ എവിടെയെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് കാണിച്ചുതരാന്‍ കോടതി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചാര്‍ധാം യാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ആചാരാനുഷ്ഠാനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആചാരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ശാസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ എസ്.എന്‍. ബബുല്‍ക്കര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.

🔳കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകള്‍. കോപ്പയിലെ ഗോള്‍വേട്ടയില്‍ ഒന്നാമത് എത്താന്‍ ഇനി മെസ്സിക്ക് വേണ്ടത് നാല് ഗോളുകള്‍ മാത്രമാണ്. ആറു കോപ്പ അമേരിക്കയില്‍ നിന്നായി ഇതുവരെ 13 ഗോളുകളാണ് മെസ്സി നേടിയത്.

🔳വിംബിള്‍ഡണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ അഷ്‌ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും. രണ്ടാം സീഡ് അറൈന സബലെങ്കയെ തോല്‍പ്പിച്ചാണ് പ്ലിസ്‌കോവ ഫൈനലിലെത്തിയത്. നേരത്തെ നടന്ന സെമിയില്‍ ബാര്‍ട്ടി ജര്‍മനിയുടെ ആഗ്വെലിക് കെര്‍ബറെ തോല്‍പ്പിച്ചിരുന്നു.

🔳വിംബിള്‍ഡണില്‍ സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 14-ാം സീഡ് പോളിഷ് താരം ഹുബേര്‍ട്ട് ഹുര്‍കാച്ച് ആണ് ഫെഡററെ പരാജയപ്പെടുത്തിയത്. റാഫേല്‍ നദാലിന് ശേഷം 6-0ത്തിന് ഫെഡററെ വീഴ്ത്തുന്ന താരമെന്ന റെക്കോഡ് ഹുര്‍കാച്ചും സ്വന്തമാക്കി.

🔳കോവിഡ് സാഹചര്യം നേരിടാന്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സിന് കാണികളുണ്ടാവില്ല. കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേ മതിയാവൂ എന്നും അല്ലാത്തപക്ഷം രാജ്യം മറ്റൊരു കോവിഡ് തരംഗത്തെക്കൂടി നേരിടേണ്ടിവരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 1,27,152 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,414 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,10,136 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278.

🔳രാജ്യത്ത് ഇന്നലെ മഹാരാഷ്ട്രയിലെ കണക്കുകള്‍ കൂടാതെ 34,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35,330 പേര്‍ രോഗമുക്തി നേടി. മരണം 468. ഇതോടെ ആകെ മരണം 4,05,527 ആയി. ഇതുവരെ 3,07,43,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.53 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയിലെ ഇന്നലത്തെ കോവിഡ് കണക്കുകള്‍ ഇതുവരെ ലഭ്യമല്ല. തമിഴ്നാട്ടില്‍ 3,211 പേര്‍ക്കും കര്‍ണാടകയില്‍ 2,530 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,982 പേര്‍ക്കും ഒഡീഷയില്‍ 2,542 പേര്‍ക്കും ആസാമില്‍ 2,644 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,54,540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 16,313 പേര്‍ക്കും ബ്രസീലില്‍ 53,725 പേര്‍ക്കും റഷ്യയില്‍ 24,818 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,551 പേര്‍ക്കും അര്‍ജന്റീനയില്‍ 19,256 പേര്‍ക്കും കൊളംബിയയില്‍ 23,275 പേര്‍ക്കും സ്പെയിനില്‍ 17,317 പേര്‍ക്കും ഇറാനില്‍ 23,391 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 38,391 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 22,910 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.62 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.18 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,818 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 231 പേരും ബ്രസീലില്‍ 1,568 പേരും റഷ്യയില്‍ 734 പേരും അര്‍ജന്റീനയില്‍ 465 പേരും കൊളംബിയയില്‍ 577 പേരും ഇന്‍ഡോനേഷ്യയില്‍ 852 പേരും സൗത്ത് ആഫ്രിക്കയില്‍ 460 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.25 ലക്ഷം

🔳ഇന്ത്യന്‍ ബാങ്കുകളുടെ സമ്മര്‍ദ്ദിത വായ്പകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തിനുശേഷം ഉയരുമെന്ന് ഫിച്ച് റേറ്റിംഗിന്റെ വിലയിരുത്തല്‍. നിലവില്‍ കോവിഡ് 19 സമാശ്വാസത്തിന്റെ ഭാഗമായി ആസ്തി ഗുണനിലവാര നടപടികള്‍ ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ് എന്നതാണ് ഇതിന് പ്രധാന കാരണം. ചെറുകിട ബിസിനസ്സുകളില്‍ നിന്നും ചില്ലറ വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ബാങ്കുകള്‍ പൂര്‍ണമായി കണക്കാക്കിയിട്ടില്ല. ഇതിന്റെ ഫലമായാണ് കഴിഞ്ഞ വര്‍ഷത്തെ നിഷ്‌ക്രിയ വായ്പാ അനുപാതം 7.5 ശതമാനം എന്ന കുറഞ്ഞ അളവില്‍ രേഖപ്പെടുത്തിയതെന്നും ആഗോള റേറ്റിംഗ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.  

🔳ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയുടെ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) അടുത്ത ആഴ്ച വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 19 ന് ഓഫര്‍ ആരംഭിക്കാനുള്ള മുന്‍ പദ്ധതിയില്‍ കമ്പനി മാറ്റം വരുത്തി. 9,375 കോടി രൂപയുടെ ഐപിഒ അടുത്ത ആഴ്ച മധ്യത്തില്‍ സമാരംഭിക്കാന്‍ സാധ്യതയുണ്ട്, മിക്കവാറും ജൂലൈ 14 ന് ഐപിഒ ഇഷ്യു ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകരുടെ ആവശ്യം കണക്കിലെടുത്ത് കമ്പനിയും ബാങ്കര്‍മാരും ഓഹരി വില്‍പ്പന നേരത്തെ നടത്താന്‍ തീരുമാനിച്ചതായാണ് ലഭിക്കുന്ന സൂചന.

🔳നജീബ് അലി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. പുതുമുഖങ്ങളായ അമര്‍നാഥ്, വിനീഷ് വിജയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സുനില്‍ സുഗത, ബിനീഷ് ബാസ്റ്റിന്‍, ചാളമേരി, വി.കെ ബൈജു, ശിവജി ഗുരുവായൂര്‍, അനീഷ് രവി, അനിയപ്പന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഹാസ്യത്തിനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രം അന്തരിച്ച നടന്‍ ശശി കലിംഗ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്.

🔳അമിത് ചക്കാലക്കല്‍ നായകനാകുന്ന 'പാസ്‌പോര്‍ട്ട്' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. അസിം കോട്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ.എം ശ്രീലാല്‍ പ്രകാശന്‍ ആണ് നിര്‍മ്മിക്കുന്നത്. ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. കെ.പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ.എം ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനം അവതരിപ്പിച്ച ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളാണ് മെഴ്‌സേഡസ് ബെന്‍സ്. ഇക്യുസി എന്ന ഇലക്ട്രിക് എസ്യുവിയാണ് നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ആഗോളതലത്തില്‍ അടുത്ത മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 22 മോഡലുകള്‍ അവതരിപ്പിക്കും. ഇവയില്‍ ഓള്‍ ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടും.

🔳വഞ്ചനയും കാപട്യവും ഹിംസയും മുഖമുദ്രയാകുന്ന 'സത്യാനന്തര കാല'ത്തിന്റെ ആഖ്യാനങ്ങളാണിവ. മൗലികത കൊണ്ടും വൈവിധ്യം കൊണ്ടും സരളമായ ആഖ്യാന വൈഭവം കൊണ്ടും ശ്രദ്ധേയമായ 5 നോവലൈറ്റുകളുടെ സമാഹാരം. 'കൂറകളുടെ ഗായത്രി'. എം സുധാകരന്‍. സൈന്‍ ബുക്സ്. വില 123 രൂപ.

🔳കേരളത്തില്‍ ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ഡെങ്കി, ചിക്കുന്‍ ഗുനിയ വൈറസുകള്‍ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. പനി, ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. ഗര്‍ഭിണികള്‍, ഗര്‍ഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു ആചാരമുണ്ട്. സത്യത്തില്‍ ഇതൊരു പ്രാര്‍ത്ഥനാരീതിയാണ്. മരണം സത്യമാണെന്നും ആ മരണത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണിത്. ആ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പറയുന്നു. ഒരു പക്ഷി നമ്മുടെ തോളില്‍ വന്നിരിക്കുന്നതായി വിചാരിക്കുക. ആ പക്ഷി നമ്മളോട് 3 ചോദ്യങ്ങള്‍ ചോദിക്കും. ഇന്നാണോ ആ ദിവസം? ആ യാത്രയ്ക്കായി ഒരുങ്ങിയോ? ആരോടെങ്കിലുമുള്ള പരിഭവം ഇനിയും പറഞ്ഞു തീര്‍ക്കാനുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആ ദിവസത്തെ ജീവിതം എന്ന് അവര്‍ വിശ്വസിക്കുന്നു. ഏത് സാഹചര്യങ്ങളോടും താദാത്മ്യം പ്രാപിക്കാനും അതിനെ അതിജീവിക്കാനും കഴിയുന്നവര്‍ക്കുമാത്രമാണ് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുക. അനുദിനം ചെയ്യുന്ന കര്‍മ്മങ്ങള്‍ അനുയോജ്യമാണെങ്കില്‍ പിന്നെ അലങ്കാരപ്രവൃത്തികള്‍ക്ക് വേണ്ടി പ്രത്യേക സമയമോ ശ്രമമോ ആവശ്യമായി വരികയില്ല. നല്ല ആരോഗ്യശീലം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മഴക്കാലത്തേക്ക് വേണ്ടി പ്രത്യേകമായി ഒരുങ്ങേണ്ടതില്ല. അതുപോലെ തന്നെ എന്നും കൃത്യമായി കണക്കുസൂക്ഷിക്കുന്നവര്‍ക്ക് വാര്‍ഷിക കണക്കെടുപ്പിന്റെ തലേദിവസം ഉറക്കം നഷ്ടപ്പെടുകയില്ല. ദിവസവും വീട് വൃത്തിയാക്കുന്ന ശീലമില്ലാത്തവര്‍ക്ക് അവിടെ ഒരു വിരുന്നുകാര്‍ വരുമെന്നറിയുമ്പോള്‍ ഒരുപാട് വിയര്‍ക്കേണ്ടി വരും. നമ്മള്‍ കാലങ്ങളായി ജീവിച്ചിരുന്ന ഒരിടത്തുനിന്നും വിടപറയുമ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങളില്ലേ.. എല്ലാവരോടും യാത്രപറയും, ആവശ്യമുള്ളത് മാത്രം കൂടെ കരുതും, പിണക്കമുളളവരോട് പോലും കൈകൊടുക്കും, നമ്മുടെ ജീവിതത്തിലെ അവസാന ദിവസം എന്നാണെന്ന് നമുക്കറിയില്ലെങ്കില്‍ പിന്നെ എല്ലാദിവസവും അവസാന ദിവസമാകുമെന്നുകരുതി ഉത്തരവാദിത്തത്തോടെയും, ഉത്സാഹത്തോടെയും വിശാലമനസ്സോടെയും ജീവിച്ചുകൂടെ.. കടപ്പാടുകള്‍ ഇല്ലാതെ ജീവിക്കാന്‍ ആകില്ല, പക്ഷേ മുറിപ്പാടുകള്‍ സൃഷ്ടിക്കാതെയാണ് നാം ജീവിക്കുന്നതെന്ന് നമുക്ക് ഉറപ്പ് വരുത്താം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only