05 ജൂലൈ 2021

കോപ്പ അമേരിക്ക; സെമി ഫൈനലില്‍ ബ്രസീൽ പെറുവിനെ നേരിടും
(VISION NEWS 05 ജൂലൈ 2021)





കോപ്പ അമേരിക്കയിൽ ഫൈനല്‍ തേടി മഞ്ഞപ്പട നാളെ ഇറങ്ങും. പുലര്‍ച്ചെ 4:30 ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളി. റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ബ്രസീലിന്റെ ലക്ഷ്യം. ചിലിക്കെതിരെ ടീം പുറത്തെടുത്ത പ്രകടനം പരിശീലകന്‍ ടിറ്റെയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
റെഡ്കാര്‍ഡ് കണ്ട ഗബ്രിയേല്‍ ജെസ്യൂസിന് സെമി പോരാട്ടം നഷ്ടമാകും. നെയ്മറും ഫിര്‍മിന്യോയും റിച്ചാര്‍ലിസണും താളം കണ്ടെത്തിയാല്‍ ബ്രസീലിന് അനായാസം കൈപ്പിടിയിൽ ഒതുക്കാം. 

അതേസമയം കഴിഞ്ഞതവണത്തെ ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ ഉറച്ചാണ് പെറുവിന്റെ പടയൊരുക്കം. പരാഗ്വയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന പോരാട്ട വീര്യമാണ് പെറുവിയന്‍ ടീമിന്റെ ശക്തി. റെഡ് കാര്‍ഡ് കണ്ട സ്‌ട്രൈക്കര്‍ ആന്‍ദ്രേ കാറില്ലോ സെമിയില്‍ കളിക്കില്ല. ലാപാഡുലയും യോട്ടുനും പെനയും ഉള്‍പ്പെടുന്ന ആക്രമണ നിരയിലാണ് ടീമിന്റെ പ്രതീക്ഷ. സെല്‍റ്റാവീഗോതാരം റെനാറ്റോ ടാപ്പിയയാണ് പെറുവിന്റെ പ്ലേമേക്കര്‍. റാമോസിനും സാന്‍ടാ മരിയയ്ക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാന്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ പെഡ്രോ ഗല്ലെസെ പുറത്തെടുക്കുന്നത് വണ്ടര്‍ പ്രകടനമാണ്. മുഖാമുഖം പോരാട്ടങ്ങളിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഉറച്ച് ബ്രസീലും സമീപകാല തോല്‍വികള്‍ക്ക് പകരം ചോദിക്കാന്‍ ഉറച്ച് പെറുവും കൊമ്പ് കോര്‍ക്കുമ്പോള്‍ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയം ആവേശക്കടലാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only