02 ജൂലൈ 2021

വനനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ
(VISION NEWS 02 ജൂലൈ 2021)
വനകുറ്റകൃത്യങ്ങളിലും മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ . വനമഹോത്സവത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന 'സ്ഥാപന വനവത്കരണം', 'നഗരവനം' എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

വന സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ചില പ്രവർത്തനങ്ങൾ നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വളരെ ജാഗ്രതയോടുകൂടിയ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.പൊതു ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തിൽ ശക്തമായ നടപടികളുണ്ടാവും.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവർ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പുവരുത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. തൈനടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.അധികാര പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉറപ്പവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി ഷോഭിത ആശംസയർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only