25 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 25 ജൂലൈ 2021)🔳ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊര്‍ജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും. യൂറോപ്യന്‍ മേഖലയില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം.

🔳കോവിഡ് വാക്സിനേഷന്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. ജനം ജീവിക്കുന്നത് അതിര്‍വരമ്പിലാണെന്നും സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നതെന്നും നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

🔳പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍/ നിരീക്ഷണ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ, ന്യായീകരണവുമായി പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍.എസ്.ഒ. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, നിയമം നടപ്പാക്കുന്നതിനായി നിലകൊളളുന്ന ഏജന്‍സികള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്നും സുരക്ഷിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ സഹായിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും എന്‍.എസ്.ഒ. വക്താവ് പറഞ്ഞു.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നും സുതാര്യമായ അന്വേഷണം നടത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭാ അംഗമായ താന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

🔳കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ സ്വരം കടുപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ടിക്കായത്ത് വ്യക്തമാക്കി.


🔳സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്നലെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇന്നലെ വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവര്‍ക്കും എടുക്കാന്‍ പോലും തികയില്ല. ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം 10 ലക്ഷം വാക്സിന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

🔳തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പതോളം നഴ്‌സുമാര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. നഴ്‌സുമാരുള്‍പ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് രോഗം പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

🔳എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ആലോചന. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ പൊതുനിലപാട്.

🔳സഹകരണ ബാങ്കുകളുടെ ക്രമക്കേട് പരിശോധിക്കാന്‍ സഹകരണ വിജിലന്‍സ് സംവിധാനം ശക്തമാക്കുന്നു. ഇതിന് നേതൃത്വം നല്‍കാന്‍ സംസ്ഥാനതലത്തില്‍ ഡി.ഐ.ജി.യെയും മൂന്നു മേഖലകളിലായി എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഓഡിറ്റ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സിനെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഇതിന് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തും.

🔳ഇടപ്പളളിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

🔳ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക..
🔳കുമാരമംഗലം പഞ്ചായത്തില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍. ഡി വിഭാഗത്തിലുള്ള പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടര്‍ന്ന് ചിത്രീകരണം അവസാനിപ്പിച്ചു. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

🔳കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ഐ.സി.എസ്.ഇ പത്താം ക്ലാസിന്റേയും ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്.

🔳ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റക്സിന് ക്ഷണം. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപം വേണ്ടെന്നുവെച്ച കിറ്റക്സിനെ ബംഗ്ലാദേശ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്.

അശ്ലീല വീഡിയോ റാക്കറ്റുമായി ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കോ തനിക്കോ യാതൊരു പങ്കുമില്ലെന്ന് നടി ശില്‍പ ഷെട്ടി. രാജ് കുന്ദ്ര നിര്‍മിച്ചത് ലൈംഗികത ഉണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നും അശ്ലീല വീഡിയോകളല്ലെന്നും നടി മുംബൈ പോലീസിനോട് പറഞ്ഞു. അശ്ലീല വീഡിയോ റാക്കറ്റുകാര്‍ ഉപയോഗിക്കുന്ന ഹോട്ട്‌ഷോട്ട്‌സ് ആപ്ലിക്കേഷനുമായി തനിക്ക് പങ്കോ പങ്കാളിത്തമോ ഇല്ലെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

🔳രാജ് കുന്ദ്രയ്‌ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും. കള്ളപ്പണം വെള്ളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും ഫോറിന്‍ എക്സചേഞ്ച് മാനേജമെന്റ് നിയമ(ഫെമ)പ്രകാരമായിരിക്കും കേസെടുക്കുക. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്താനും സാധ്യതയുണ്ട്.

🔳ഗുജറാത്തിലെ അഹമ്മദാബാദില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുകുട്ടികളടക്കം ഒന്‍പത് പേര്‍ മരിച്ചു. സിലിണ്ടറില്‍ നിന്നുണ്ടായ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് അപകടമുണ്ടായത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്പോഴാണ് പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുന്നത്. ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ ലൈറ്റ് ഓണാക്കിയതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

🔳ഡെല്‍ഹിയില്‍ തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇത്. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സര്‍വ്വീസുകള്‍ നടത്തുന്നത്.

🔳ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ കാര്‍ഷിക സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതാണ് കെജ്രിവാളിനെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ തയ്യാറാക്കിയ അഭിഭാഷക പാനലിനെ തള്ളിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ഡല്‍ഹി പോലീസ് തയ്യാറാക്കിയ പാനല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുകയെന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബി.ജെ.പി ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും അരവിന്ദ് കെജ്രരിവാള്‍ ട്വീറ്റ് ചെയ്തു. 

🔳ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെടുകയും ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്നുമാണ് ആരോപണം. ഗൂഢാലോചനക്ക് പിന്നില്‍ ബി.ജെ.പി.യാണെന്നും ജെ.എം.എം. ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകും.യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലാ ആസ്ഥാനങ്ങള്‍, ഓഫീസുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 17 കോര്‍പ്പറേഷനുകള്‍, 217 പൊതുയിടങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ വൈഫൈ ലഭ്യമാകും.

🔳രാജ്യത്ത് അധികമായി വരുന്ന കോവിഡ് പ്രതിരോധ വാക്സിനുകള്‍ 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസായും നല്‍കാന്‍ യു.എസ്. നിലവില്‍ രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ കൊടുക്കുന്നില്ല. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ ഉടന്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

🔳ബോക്‌സിങ്ങില്‍ പ്രതീക്ഷയോടെ ടോക്യോയിലേക്ക് പറന്ന ഇന്ത്യക്ക് തിരിച്ചടി. പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ആദ്യറൗണ്ടില്‍
ഇന്ത്യയുടെ വികാസ് കൃഷ്ണയക്ക് പരാജയം. ജപ്പാന്റെ ഒകസാവയാണ് വികാസിനെ തോല്‍പ്പിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,55,568 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351.

🔳രാജ്യത്ത് ഇന്നലെ 40,279 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 40,032 പേര്‍ രോഗമുക്തി നേടി. മരണം 541. ഇതോടെ ആകെ മരണം 4,20,585 ആയി. ഇതുവരെ 3,13,71,486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.02 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,269 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,819 പേര്‍ക്കും കര്‍ണാടകയില്‍ 1,857 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,174 പേര്‍ക്കും ഒഡീഷയില്‍ 1,864 പേര്‍ക്കും ആസാമില്‍ 1,595 പേര്‍ക്കും മണിപ്പൂരില്‍ 1,198 ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,59576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 28,576 പേര്‍ക്കും ബ്രസീലില്‍ 38,091 പേര്‍ക്കും റഷ്യയില്‍ 23,947 പേര്‍ക്കും ഫ്രാന്‍സില്‍ 25,624 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,795 പേര്‍ക്കും ഇറാനില്‍ 18,632 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 49,415 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.38 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,277 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 130 പേരും ബ്രസീലില്‍ 1,028 പേരും റഷ്യയില്‍ 799 പേരും കൊളംബിയയില്‍ 350 പേരും ഇന്‍ഡോനേഷ്യയില്‍ 1,415 പേരും മെക്സിക്കോയില്‍ 328 പേരും സൗത്ത് ആഫ്രിക്കയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.67 ലക്ഷം.

🔳ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) സൊമാറ്റോ ലിസ്റ്റ് ചെയ്‌തോടെ ദീപീന്ദര്‍ ഗോയലിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 38കാരനായ ഗോയലിന്റെ നിലവിലെ മൂല്യം 650 മില്യണ്‍ ഡോളറാണ്. അതായത് 48,000 കോടിയിലധികം രൂപ. സൊമാറ്റോയില്‍ അദ്ദേഹത്തിന് ആകെ 4.7 ശതമാനം ഓഹരിയാണുള്ളത്. നിലവില്‍ 13.3 ബില്യണ്‍ ഡോളറാണ് (98,000 കോടി രൂപ) കമ്പനിയുടെ വിപണി മൂല്യം.

🔳രാജ്യത്ത് നിന്നുള്ള കയറ്റുമതിയില്‍ ജൂലൈയിലെ ആദ്യ മൂന്നാഴ്ചയില്‍ മികച്ച മുന്നേറ്റം. 45.13 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22.48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ജൂലൈ ഒന്ന് മുതല്‍ 21 വരെ നടന്നത്. ആഭരണം, പെട്രോളിയം, എഞ്ചിനീയറിങ് എന്നീ സെക്ടറുകളിലെ വളര്‍ച്ചയാണ് നേട്ടമായത്. ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. 64.82 ശതമാനം വളര്‍ച്ചയോടെ 31.77 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതോടെ വ്യാപാര കമ്മി 9.29 ബില്യണ്‍ ഡോളറായി.

🔳പ്രണയവും സ്വപ്നവും ഒത്തു ചേരുന്ന 'നീയാം നിഴലില്‍' എന്ന ആല്‍ബം ശ്രദ്ധ നേടുന്നു. ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തില്‍ പുറത്തിറങ്ങിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര്‍ പാര്‍ത്ഥസാരഥിയാണ് നിര്‍മാണം. ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 43-ാമതായി തുടരുകയാണ് ഗാനം.

🔳സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പത്മ' ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്ത്. ഒരു രസകരമായ ടിക്ടോക് ഡാന്‍സും അതിനെ കുറിച്ചുള്ള സംഭാഷണവുമാണ് സെക്കന്‍ഡുകള്‍ നീളുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത് എന്നിവരാണ് സ്‌ക്രീനില്‍. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായാണ് താരം എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

🔳ഹീറോ മോട്ടോകോര്‍പ്പ് അത്യാധുനിക കണക്ടഡ് മാസ്‌ട്രോ എഡ്ജ് 125 വിപണിയില്‍ അവതരിപ്പിച്ചു. പരിഷ്‌കരിച്ച സൗന്ദര്യഭംഗി, ആധുനിക സാങ്കേതികവിദ്യ, നൂതനമായ ഡിസൈന്‍ തുടങ്ങി മികച്ച സവിശേഷതകളുമായാണ് പുത്തന്‍ മാസ്‌ട്രോ എത്തുന്നത്. മാസ്‌ട്രോ എഡ്ജ് 125 ഡ്രം വേരിയന്റിന് 72,250 രൂപയും ഡിസ്‌ക് വേരിയന്റിന് 76,500 രൂപയും കണക്ടഡ് വേരിയന്റിന് 79,750 രൂപയ്ക്കും (എക്‌സ്-ഷോറൂം ഡെല്‍ഹി) ലഭ്യമാകും.

🔳ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു മുഹമ്മദ് റഫി. ദൈവം കനിഞ്ഞനുഗ്രഹിച്ച നാദബ്രഹ്മത്തിലൂടെ, ജാതി മത ഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യരാശിയെ ബന്ധിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞ അതുല്യപ്രതിഭ. ആ മഹദ് വ്യക്തിയുടെ ജീവിതയാത്രയിലെ ഒളിമങ്ങാത്ത ഏതാനും അനുഭവങ്ങളും ധന്യമുഹൂര്‍ത്തങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ രവിമേനോന്‍ പ്രതിപാദിക്കുന്നത്. രവിമേനോന്റെ ആദ്യത്തെ റഫി പുസ്തകം. 'യാദ് ന ജായേ - റഫിയിലേക്കൊരു യാത്ര'. മാതൃഭൂമി. വില 168 രൂപ.

🔳ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വേരിയന്റ് അതിഭീകരമായ തോതില്‍ വ്യാപിക്കുന്നു. പുതിയ കൊവിഡ് കേസുകളുടെ കാരണം ഇപ്പോഴും ഡെല്‍റ്റ വേരിയന്റ് തന്നെയാണെന്ന് വിദഗ്ധര്‍. യഥാര്‍ത്ഥ വൈറസ് വേരിയന്റിനേക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ഡെല്‍റ്റ പെരുകുമെന്നും വിദഗ്ധര്‍ പറയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളത്തില്‍ അതിവേഗം വളരുകയും പെരുകുകയും ചെയ്യും. നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നതെന്നും ഇവയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് മനസ്സിലാക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നത്. അതിന്റെ ഇന്‍കുബേഷന്‍ കാലയളവ് നോക്കുന്നതിന് ഞങ്ങള്‍ നിരവധി സാങ്കേതിക നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. ഒരു വ്യക്തിയ്ക്ക് എപ്പോഴാണ് വൈറസ് ബാധിക്കുന്നത്, അത് എങ്ങനെ പകരുന്നു, അത് അടച്ച മുറിയിലാണോ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ട്. ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ പറയുന്നു. സമീപകാല സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ 40 മുതല്‍ 60 ശതമാനം വരെ വ്യാപനനിരക്ക് കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്ന് കണ്ടെത്തിയിരുന്നു.

ശുഭദിനം
കവിത കണ്ണന്‍
വളരെ ചെറിയപ്രായത്തില്‍ തന്നെ അയാള്‍ കമ്പനിയുടെ ഉയര്‍ന്ന സ്ഥാനത്ത് എത്തി. അതുകൊണ്ടുതന്നെ കീഴ്ജിവനക്കരോടെല്ലാം അയാള്‍ക്ക് പുച്ഛമായിരുന്നു. തന്റെ തലയില്‍ കളിമണ്ണാണോ എന്നാണ് അയാള്‍ മിക്കവാറും എല്ലാ ജോലിക്കാരോടും ചോദിക്കാറുള്ളത്. ഇടയ്‌ക്കെപ്പെഴോ തുടങ്ങിയ തലവേദന ചെന്നെത്തിയത് തലക്കുള്ളില്‍ വളരുന്ന ട്യൂമറിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും അയാളുടെ പാതി ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ അയാള്‍ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: ഞാന്‍ എന്തിനെക്കുറിച്ച് ഏറെ അഹങ്കരിച്ചിരുന്നുവോ,. അതെനിക്ക് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു... എല്ലാം സ്വന്തമായുള്ള ആരുംതന്നെ ഉണ്ടാവുകയില്ല. ഉള്ളത് അതിന്റെ പൂര്‍ണ്ണതയില്‍ ലഭിച്ചവരും ഉണ്ടാകില്ല. പിന്നെന്തിനാണ് നാം അഹങ്കരിക്കുന്നത്. ആരും താരതമ്യത്തിന് വിധേയരല്ല. ഓരോ ജീവിതവും ഓരോ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതിനനുയോജ്യമായ ശക്തിയും ബുദ്ധിയുമായിരിക്കും ഓരോരുത്തരിലും നിക്ഷേപിച്ചിട്ടുണ്ടാവുക. ഒരാളുടെ ജീവിതത്തെക്കുറിച്ച് മറ്റൊരാള്‍ക്ക് എന്തറിയാം. എന്ത് ഏകകം വെച്ചാണ് നാം മറ്റൊരാളെ അളക്കുക? തങ്ങളുടെ പരിമിതികള്‍ക്കും പരിദേവനങ്ങള്‍ക്കും ഇടയിലാണ് ഓരോരുത്തരും സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നത്. അതിനുള്ളിലെ ആസ്വാദ്യതയും ആനന്ദവും അവര്‍ക്ക് മ്രോത മനസ്സിലാവുകയും ഉള്ളൂ. ഒന്നും എക്കാലവും ആരുടേയും സ്വന്തമല്ല. ഉള്ളതിനെയെല്ലാം യഥാവിധി ഉപയോഗക്ഷമമാക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലെ ടാസ്‌ക്. ആകസ്മകിതകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് ഉണ്ടാവുകയില്ല. അവ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. അറിവും ആരോഗ്യവും ആയുസ്സും ഉപയോഗക്ഷമവും ഉപകാരപ്രദവുമാകുന്ന കുറച്ചുനിമിഷം മാത്രമേ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകൂ. ആ സമയം എല്ലാവര്‍ക്കും ഉപകാരപ്രദമാകുന്നരീതിയില്‍ ജീവിക്കാനാവുക എന്നത് മാത്രമാണ് ജീവിത്തിന്റെ പുണ്യം. ആര്‍ക്ക് എങ്ങിനെ ഉപകാരപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നും നമുക്ക് സ്വയം മാര്‍ക്കിടാം - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only