28 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 28 ജൂലൈ 2021)

🔳രാജ്യത്ത് ഉത്സവങ്ങളുടെ സീസണ്‍ വരാനിരിക്കെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇപ്പോള്‍ വളരെക്കാലമായി നമ്മള്‍ വൈറസുമായി പോരാട്ടത്തിലാണെന്നും നമുക്ക് ഈ പോരാട്ടത്തില്‍ ക്ഷീണമുണ്ടാകാമെന്നും പക്ഷേ വൈറസിന സംബന്ധിച്ച് അങ്ങനെയൊരു ക്ഷീണം ഇല്ലെന്ന് മറക്കരുതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.

🔳ഫൈസര്‍, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുശേഷം രോഗപ്രതിരോധശേഷി കുറയുമെന്ന് ഗവേഷകര്‍. വാക്‌സിനുകള്‍ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവില്‍ കുറവു വരുന്നതാണ് രോഗപ്രതിരോധശേഷി കുറയാന്‍ കാരണമാവുന്നത്. വാക്സിന്‍ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവില്‍ 50 ശതമാനത്തോളം കുറവുണ്ടാവുമെന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

🔳ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എത്രപേര്‍ മരിച്ചുവെന്ന കണക്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ച് ആരോഗ്യ മന്ത്രാലയം. ഓഗസ്റ്റ് 13ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് കണക്കുകള്‍ നല്‍കണമെന്നാണ് നിര്‍ദേശം.

🔳രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം പേര്‍ കേരളത്തില്‍. 51.55 ശതമാനം രോഗികള്‍ കേരളത്തിലാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ആറായിരത്തിനടുത്തും അഞ്ച് സംസ്ഥാനങ്ങളില്‍ ആയിരത്തിനും രണ്ടായിരത്തിനുമിടയിലും മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം രോഗികളാണുള്ളത്. രാജ്യത്ത് ഇന്നലെ മരിച്ച കോവിഡ് രോഗികളില്‍ 24.37 ശതമാനവും കേരളത്തില്‍ തന്നെയാണ്.

🔳കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാര്‍ മന്ത്രിയെ കണ്ടത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്‌സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു.

🔳ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്തുതീര്‍ക്കുമെന്നും നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരുമെന്നും അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔳കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ എല്ലാമേഖലയും അശാസ്ത്രീയമായി അടച്ചിടുന്ന സര്‍ക്കാരിന്റെ സമീപനം കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നു പ്രതിപക്ഷം. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും 5000 രൂപവീതമെങ്കിലും പണമായി വിതരണംചെയ്യണമെന്ന് പറഞ്ഞ പ്രതിപക്ഷം സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

🔳കോവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തെറ്റ് തിരുത്താനും സാധിക്കുന്നതാണ്. ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം മാത്രമേ ലഭിക്കൂ. തെറ്റുപറ്റിയാല്‍ പിന്നെ തിരുത്താനുള്ള അവസരം ലഭ്യമല്ല

🔳നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധിപറയുക.

🔳സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി, പേട്ട സ്വദേശി, കരമന സ്വദേശിനി, പൂജപ്പുര സ്വദേശി, കിള്ളിപ്പാലം സ്വദേശിനി എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 8 പേരാണ് നിലവില്‍ രോഗികളായുള്ളത്.

🔳എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നര്‍ത്തകി മേതില്‍ ദേവിക. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയതായും അവര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. പിരിയാനുള്ള കാരണം വ്യക്തിപരമാണെന്നും വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

🔳കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളെയും ബാധിച്ചെങ്കിലും മോട്ടോര്‍വാഹന ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ ബാധിച്ചിട്ടില്ലെന്ന് വിജിലന്‍സ്. കേരളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്ന വാളയാറിലെ ചെക്പോസ്റ്റിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തല്‍. തിങ്കളാഴ്ച ഒരുദിവസത്തെ സര്‍ക്കാര്‍ വരുമാനം രേഖകളനുസരിച്ച് 2,50,240 രൂപയായിരുന്നു. അതേസമയം, രാത്രി എട്ടിന് ജോലിക്ക് കയറിയ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ രണ്ടിനകം മാമൂലിനത്തില്‍ സ്വന്തമാക്കിയത് 1,70,000 രൂപ. മാമൂലിനത്തില്‍ ലഭിക്കുന്ന തുകകള്‍ വിശ്വസ്തരായ ലോറികളിലെ ഡ്രൈവര്‍മാര്‍വശം കൊടുത്തയച്ച് പാലക്കാട് നഗരപരിസരത്ത് കാത്തുനില്‍ക്കുന്ന ആള്‍ക്ക് കൈമാറുന്നതാണ് പുതിയ രീതി. ഇതാണ് വിജിലന്‍സ് സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ കൈയോടെ പിടികൂടിയത്.

🔳കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ വീണ്ടും പരിശോധന. ഇത് 12ാം തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിറ്റെക്‌സില്‍ പരിശോധന നടക്കുന്നത്. ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കൊച്ചി കാക്കനാട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ എത്തി പരിശോധന നടത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന് കിറ്റെക്‌സ് മാനേജ്‌മെന്റ് പ്രതികരിച്ചു.

🔳കഴിഞ്ഞ ദിവസം നടത്തിയ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കി ഹൈക്കോടതി. ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകള്‍ നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണമുണ്ടായിരുന്നു. പരീക്ഷകള്‍ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

🔳പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാകും ഫലം പ്രഖ്യാപിക്കുക..

🔳കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവില്‍ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ ഇന്ന് നടക്കും. നിലവില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. ഹൂബ്ലി മേഖലയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.

🔳കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശം വിതച്ച മഹാരാഷ്ട്രയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് അത്തരം പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനെയാണ് ബാധിക്കുകയെന്നും പവാര്‍ പറഞ്ഞു.

🔳അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിര്‍ദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ നിര്‍ദേശം.

🔳നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കുന്ദ്രയെ ജെ.ജെ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🔳അതിര്‍ത്തി സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. മോദിയുടെ 'കണ്ണിലുണ്ണി'യാണ് അസ്താനയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള അസ്താന മേധാവിയായി നിയമിതനാകുന്നതില്‍ ഡല്‍ഹി പോലീസിനിടയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുകയും സായുധ പരിശീലനം നല്‍കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

🔳റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. ആനക്കൂട്ടത്തെ ഓടിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊന്നത്.

🔳പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബംഗാളില്‍ ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞ് മൂന്നാം തവണയും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായിട്ടാണ് മമത പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ബംഗാളിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, വാക്‌സിന്‍ ദൗര്‍ലഭ്യം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് മമത പറഞ്ഞു.

🔳ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്നലെ നടക്കേണ്ട രണ്ടാം ട്വന്റി-20 മത്സരം മാറ്റിവെച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് കാരണം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നും ബിസിസിഐ ട്വീറ്റില്‍ പറയുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,79,130 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400.

🔳രാജ്യത്ത് ഇന്നലെ 42,919 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 41,446 പേര്‍ രോഗമുക്തി നേടി. മരണം 640. ഇതോടെ ആകെ മരണം 4,22,054 ആയി. ഇതുവരെ 3,14,83,411 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.93 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,767 പേര്‍ക്കും കര്‍ണാടകയില്‍ 1,501 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,540 പേര്‍ക്കും ഒഡീഷയില്‍ 1,629 പേര്‍ക്കും ആസാമില്‍ 1,436 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,52,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 50,363 പേര്‍ക്കും റഷ്യയില്‍ 23,032 പേര്‍ക്കും ഇംഗ്ലണ്ടില്‍ 23,511 പേര്‍ക്കും സ്പെയിനില്‍ 26,399 പേര്‍ക്കും ഇറാനില്‍ 34,951 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 45,203 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.59 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.41 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9160 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 300 പേരും ബ്രസീലില്‍ 1249 പേര്‍ക്കും റഷ്യയില്‍ 779 പേരും അര്‍ജന്റീനയില്‍ 287 പേരും കൊളംബിയയില്‍ 300 പേരും ഇറാനില്‍ 357 പേരും ഇന്‍ഡോനേഷ്യയില്‍ 2,069 പേരും സൗത്ത് ആഫ്രിക്കയില്‍ 370 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.92 ലക്ഷം.

🔳വാക്സിന്‍ എടുത്തവര്‍ക്ക് സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. കോവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. ഇതിനായി ഇന്‍ഡല്‍ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്‌സ് എഗെയ്ന്‍സ്റ്റ് കോവിഡ്) എന്ന പുതിയ സ്‌കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കില്‍ ഈ സ്‌കീമില്‍ സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക. ഇന്‍ഡല്‍ മണിയുടെ രാജ്യമെമ്പാടുമുള്ള ശാഖകളില്‍ പുതിയ സ്‌കീം ലഭ്യമാണ്.

🔳ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മെയ് മാസത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമത്തെ കമ്പനിയായി ഒപ്പോ. വണ്‍പ്ലസ്, റിയല്‍മി എന്നീ സഹോദര ബ്രാന്റുകള്‍ കൂടിയുള്ള ഒപ്പോയുടെ മെസ് മാസത്തിലെ വിപണി ഓഹരി 16 ശതമാനമാണ്. ആപ്പിളിന് 15 ശതമാനമാണ് വിപണിയിലെ ഓഹരി. ഷവോമിക്ക് 14 ശതമാനമാണ് ഓഹരി. ആഗോളതലത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒപ്പോ ആപ്പിളിനെയും ഷവോമിയെയും വില്‍പ്പനയില്‍ മറികടന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

🔳കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം 'ഉടുമ്പി'ന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. സെന്തില്‍ കൃഷ്ണ ഗുണ്ട വേഷത്തില്‍ എത്തുന്ന ഉടുമ്പിന് കട്ടുകളൊന്നും കൂടാതെ ആണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മോളിവുഡില്‍ ആദ്യമായി റിലീസിന് മുമ്പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി.

🔳സൂപ്പര്‍ ഹിറ്റ് ചിത്രം 'അയ്യപ്പനും കോശിയു'ടെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' ചിത്രീകരണം പുരോഗമിക്കുന്നു. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ഗെറ്റപ്പും ലൊക്കേഷന്‍ വീഡിയോയുമാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ ഈ കഥാപാത്രമായുള്ള പവന്‍ കല്യാണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രമാകുന്ന റാണ ദഗുബതിയും സെറ്റില്‍ ജോയിന്‍ ചെയ്തു.

🔳ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്യുക്കാട്ടിയുടെ സാഹസിക ടൂററായ മള്‍ട്ടിസ്ട്രാഡ വി 4, വി 4 എസ് എന്നിവ പുറത്തിറക്കുന്നു. പാന്‍ ഇന്ത്യ എക്സ്-ഷോറൂം വില യഥാക്രമം 18.99 ലക്ഷം രൂപയും 23.10 ലക്ഷം രൂപയുമാണെന്നും അടുത്ത ആഴ്ചയില്‍ ബൈക്കുകള്‍ ഷോറൂമുകളില്‍ ലഭ്യമാകും. ഫ്രണ്ട്, റിയര്‍ റഡാര്‍ റൈഡര്‍-അസിസ്റ്റന്‍സ് സിസ്റ്റം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ വി 4. മള്‍ട്ടിസ്ട്രാഡ വി 4 ഡ്യുക്കാട്ടി റെഡിലും, മള്‍ട്ടിസ്ട്രാഡ വി 4 എസ് ഡ്യുക്കാട്ടി റെഡ്, ഏവിയേറ്റര്‍ ഗ്രേ ഓപ്ഷനുകളിലും ലഭ്യമാണ്.

🔳അധികം പരിചിതമല്ലാത്ത ഒരു തുരുത്തിന്റെ കഥപറയുകയാണ് ആദം തുരുത്ത്. ചില ജീവിതങ്ങളുടെ അവസാന ആശ്രയമായ അവിടെ ഒരു ലോകമുണ്ട്. അവരുടെതായ കാഴ്ചപ്പാടുകളുണ്ട്. പുറമേ നിന്ന് നോക്കിയാല്‍ കാഴ്ചകളുണ്ട്. 'ആദം തുരുത്ത്'. ഷാഹുല്‍ ഹമീദ് കെ ടി. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 114 രൂപ.

🔳ഫൈസര്‍, അസ്ട്രസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസ് എടുത്തവരില്‍ മൂന്ന് മാസത്തിന് ശേഷം ആന്റിബോഡി കുറയുന്നുവെന്ന് പുതിയ പഠനം. 10 ആഴ്ചയ്ക്കുള്ളില്‍ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ള 600 പേരിലാണ് പഠനം നടത്തിയത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ (യുസിഎല്‍) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആന്റിബോഡിയുടെ അളവ് ഈ നിരക്കില്‍ കുറയുന്നുവെങ്കില്‍ വാക്സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ട്. ആന്റിബോഡി അളവ് കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചില ഇടിവുകള്‍ പ്രതീക്ഷിച്ചിരുന്നതായും നിലവിലെ ഗവേഷണങ്ങള്‍ കാണിക്കുന്നത് വാക്സിനുകള്‍ കഠിനമായ രോഗത്തിനെതിരെ ഫലപ്രദമായി തുടരുന്നുവെന്നുമാണ്. അസ്ട്രാസെനെക്ക വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കിയതിനേക്കാള്‍ വളരെ കുറഞ്ഞ ആന്റിബോഡി അളവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only