25 ജൂലൈ 2021

'ഹരിതം,സുന്ദരം,ഓമശ്ശേരി' ഓമശ്ശേരിയിൽ മാലിന്യ സംസ്കരണ പദ്ധതിക്ക്‌ ഇന്ന്തുടക്കമാവും
(VISION NEWS 25 ജൂലൈ 2021)


ഓമശ്ശേരി:അജൈവ മാലിന്യ സംസ്കരണത്തിന്‌ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി നടപ്പിൽ വരുത്തുന്ന 'ഹരിതം,സുന്ദരം,ഓമശ്ശേരി' പദ്ധതിക്ക്‌ ഇന്ന് (ഞായർ) തുടക്കമാവും.കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിക്കും.

കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഓമശ്ശേരിയിൽ ശാസ്ത്രീയമായ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.ഏഴു വർഷത്തോളമായി പരിസ്ഥിതി സൗഹൃദമായ മാലിന്യ സംസ്കരണ മേഖലയിൽ കേരളത്തിലും പുറത്തും ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌ ഗ്രീൻ വേംസ്‌.തുടക്കത്തിൽ രണ്ടു വർഷത്തേക്കാണ്‌ കമ്പനിയുമായി കരാർ ഒപ്പ്‌ വെച്ചിരിക്കുന്നത്‌.

യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും പഞ്ചായത്ത്‌ നിയമിച്ച ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.വീടുകൾക്ക്‌ മാസം 50 രൂപയും കടകൾക്ക്‌ മാലിന്യത്തിന്റെ തോതനുസരിച്ചും യൂസേഴ്സ്‌ ഫീസ്‌ ഈടാക്കും.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഉൾപ്പടെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിച്ച്‌ സംസ്കരിക്കാനാണ്‌ പദ്ധതി തയ്യാറാക്കിയത്‌.ജൈവ മാലിന്യങ്ങളും അടുത്ത ഘട്ടത്തിൽ പരിഗണിക്കാവുന്ന രീതിയിലാണ്‌ പ്രോജക്റ്റ്‌.

കുപ്പിച്ചില്ല്,ബാഗ്‌,ചെരുപ്പുകൾ എന്നിയും ശേഖരിച്ച്‌ സംസ്കരിക്കാനാണ്‌ തീരുമാനം.വിവാഹങ്ങളിലും മറ്റു ഇവന്റുകളിലുമുണ്ടാവുന്ന മാലിന്യങ്ങളും നിശ്ചിത ഫീസ്‌ ഈടാക്കി ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്‌.വിവിധ വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ മാലിന്യം കളക്റ്റ്‌ ചെയ്യുന്നത്‌.ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.ഇതു മൂലം വീടുകളിൽ നിന്നും കടകളിൽ നിന്നും സ്വരൂപിച്ച മാലിന്യങ്ങൾ വാർഡ്‌ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന പ്രവണത ഉണ്ടാവില്ല.ഗുണഭോക്താക്കളുമായുള്ള ആശയ വിനിമയം കൃത്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെയാണ്‌ മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കുന്നത്‌.വീടുകളിലും കടകളിലും ക്യു ആർ കോഡ്‌ ഉൾപ്പെടുന്ന സ്റ്റിക്കറുകൾ പതിക്കും.

കാലങ്ങളായി വലിയ വെല്ലുവിളി നേരിടുന്ന മാലിന്യ സംസ്കരണത്തിന്‌ നൂതനമായ സംവിധാനങ്ങളിലൂടെ ശാസ്ത്രീയമായ പരിഹാരമാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി ഉദ്ദേശിക്കുന്നത്‌.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38 വനിതാ ഹരിത കർമ്മ സേനാംഗങ്ങളാണ്‌ ഗ്രീൻ വേംസ്‌ കമ്പനിയുടെ മേൽ നോട്ടത്തിൽ മാലിന്യങ്ങൾ ശേഖരിക്കുന്നത്‌.ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിശീലനം പൂർത്തിയായിട്ടുണ്ട്‌.മാലിന്യ സംസ്കരണ പദ്ധതിയുടെ സമ്പൂർണ്ണ വിജയത്തിന്‌ പൊതുജനങ്ങളുടെ ആത്മാർത്ഥമായ സഹായ-സഹകരണങ്ങൾ ഉണ്ടാവണമെന്ന് പഞ്ചായത്ത്‌ ഭരണ സമിതി അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only