15 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 15 ജൂലൈ 2021)






🔳മന്ത്രിമാരെല്ലാവരും നേരിട്ട് പങ്കെടുത്ത കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി നേരിട്ട് യോഗം ചേരുന്നത്. ലോക്ഡൗണ്‍ സമയത്ത് ഉള്‍പ്പെടെ ആഴ്ചതോറും മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നിരുന്നുവെങ്കിലും അതെല്ലാം തന്നെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്.

🔳ഇന്ത്യ- റഷ്യ വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ ദിവസം, സ്ഥലം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

🔳ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ജൂലായ് 19-ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നയ രൂപീകരണ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

🔳രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. മുന്‍പ് കക്ഷി നേതാവായിരുന്ന തവാര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റ പശ്ചാത്തലത്തിലാണ് ഗോയലിനെ നിയമിച്ചത്. നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന ഗോയല്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം വ്യവസായം, വാണിജ്യം ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

🔳കേന്ദ്രത്തില്‍ നിന്ന് കൃത്യമായി വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലായില്‍ ഓരോ സംസ്ഥാനത്തിനും ലഭ്യമാക്കുന്ന വാക്‌സിന്‍ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുന്‍കൂട്ടി കൃത്യമായ വിവരം കൈമാറിയിരുന്നു. ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാണ്ഡവ്യയുടെ വിമര്‍ശനം.

🔳ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഈ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്നും റദ്ദാക്കിയ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🔳കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു. 17ശതമാനത്തില്‍നിന്ന് 28ശതമാനമായാണ് വര്‍ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍കാര്യമായ വര്‍ധനവുണ്ടാകും. 50 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും.

🔳ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് സര്‍ക്കാര്‍. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് എതിരല്ല ന്യൂനപക്ഷ ക്ഷേമപദ്ധതികളെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

🔳രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ വാക്സിന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ മന്ദഗതിയിലാകുന്നതില്‍ ഗുരുതരമായ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യവാക്സിനേഷന്‍ കേന്ദ്രങ്ങളിലെ വാക്സിന്‍ സംഭരണ നിലയും പുരോഗതിയും ദിവസേന വിലയിരുത്താന്‍ കേരളം ഉള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

🔳സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്നും നാളേയുമായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

🔳ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ചെറിയ സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം.

🔳കണ്ണൂര്‍ വിമാനത്താവളംവഴി മേലെചൊവ്വ-മട്ടന്നൂര്‍- കൂട്ടുപുഴ- വളവുപാറ- മാക്കൂട്ടം- വിരാജ്‌പേട്ട- മടിക്കേരി- മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണല്‍ ഹൈവേയായി ഉയര്‍ത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ഇന്നലെ ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജോണ്‍ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും ചര്ച്ചയില്‍ പങ്കെടുത്തു.

🔳സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നടത്തിയ ഉപവാസത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉപവാസം സര്‍ക്കാരിനെതിരേയാണെന്ന പ്രചാരണം ശരിയല്ലെന്നും സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനെതിരേ ബോധവത്കരണമാണ് ലക്ഷ്യമിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിനും അതുമായി ബന്ധപ്പെട്ട സാമൂഹികതിന്മകള്‍ക്കുമെതിരേ ശക്തമായ സന്ദേശമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയിരിക്കുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം എ.കെ. ബാലനും പ്രസ്താവനയില്‍ പറഞ്ഞു.

🔳വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. നാളെ മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

🔳കോഴിക്കോഡ് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് വ്യാപാരികള്‍ സഹകരിക്കണമെന്ന് കോഴിക്കോട് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി സംഘടന പ്രതിനിധി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യം പറയുന്നത്. ചാരക്കേസ് സത്യമായിരുന്നുവെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. കോടതി എടുത്തുചോദിച്ചപ്പോഴും നിലപാട് ആവര്‍ത്തിച്ചു.

🔳വീടുകളില്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം അടിമലത്തുറ ബീച്ചില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഉത്തരവ്.

🔳നടി ബേബി സുരേന്ദ്രന്‍ (പ്രസന്ന- 63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു..

🔳ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങി മരിച്ചു. കുട്ടിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാലുപേരുമാണ് മരിച്ചത്.

🔳ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ മന്‍മീത് കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണാണ് അപകടം സംഭവിച്ചത്.

🔳മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകമാണ് പരാതിയ്ക്ക് ആധാരം. ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു.

🔳കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്.

🔳രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മത്സരിക്കുമെന്നത് വെറും വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് തനിക്കറിയാമെന്നും പവാര്‍ വ്യക്തമാക്കി.

🔳കോവിഡ് പശ്ചാത്തലത്തില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ സുപ്രീം കോടതി ബുധനാഴ്ച സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. കന്‍വര്‍യാത്രയുമായി മുന്നോട്ടുപോകാനുള്ള യു.പി. സര്‍ക്കാരിന്റെ തീരുമാനം അലോസരപ്പെടുത്തുന്നതാണെന്നും അതേസമയം കന്‍വര്‍ യാത്ര ഉണ്ടാവില്ലെന്ന് ഉത്തരാഖണ്ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറലിനോട് സൂചിപ്പിച്ചു.

🔳തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ലഖ്‌നൗവില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നിന്ന് അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേര്‍ കൂടി പിടിയിലായിരിക്കുന്നത്.

🔳നന്ദിഗ്രാം മണ്ഡലത്തില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി.എം മെഷീനുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മമത നല്‍കിയ ഹര്‍ജിയിലാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം.

🔳അഫ്ഗാനിസ്താനില്‍ താലിബാന്‍ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. യുസ് നീക്കം വലിയ പിഴവാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അഫ്ഗാന്‍ മേഖലയിലെ ജനങ്ങള്‍ താലിബാന്റെ ക്രൂരതയ്ക്ക് ഇരയാവുകയാണെന്നും ആരോപിച്ചു.

🔳ആറായിരത്തോളം സ്ത്രീകളെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 73 മില്യണ്‍ ഡോളറിന്റെ അഥവാ അഞ്ഞൂറ് കോടിയിലേറെ രൂപയുടെ ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജയിംസ് ഹീപ്‌സിനെതിരായ കേസിലെ ഒത്തുതീര്‍പ്പിനാണ് ഫെഡറല്‍ ജഡ്ജി അംഗീകാരം നല്‍കിയത്. ഈ തുക ഡോക്ടറുടെ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് വീതിച്ചുനല്‍കും. 1983 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ജയിംസ് ഹീപ്‌സിന്റെ അതിക്രമത്തിനിരയായ സ്ത്രീകളാണ് കേസ് ഫയല്‍ ചെയ്തിരുന്നത്.

🔳പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും.

🔳ഇന്‍ഡൊനീഷ്യയില്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്നു. നിലവില്‍ 50,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ഇന്‍ഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മാറുകയാണ്.

🔳കേരളത്തില്‍ ഇന്നലെ 1,55,882 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 37.44 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323.

🔳രാജ്യത്ത് ഇന്നലെ 41,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,289 പേര്‍ രോഗമുക്തി നേടി. മരണം 578. ഇതോടെ ആകെ മരണം 4,12,019 ആയി. ഇതുവരെ 3,09,86,803 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.26 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 8,602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,458 പേര്‍ക്കും കര്‍ണാടകയില്‍ 1,990 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,591 പേര്‍ക്കും ഒഡീഷയില്‍ 2074 പേര്‍ക്കും ആസാമില്‍ 2,046 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,28,442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 29,288 പേര്‍ക്കും ബ്രസീലില്‍ 57,664 പേര്‍ക്കും റഷ്യയില്‍ 23,827 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,302 പേര്‍ക്കും അര്‍ജന്റീനയില്‍ 19,697 പേര്‍ക്കും കൊളംബിയയില്‍ 17,230 പേര്‍ക്കും സ്പെയിനില്‍ 26,390 ഇറാനില്‍ 23,371 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 54,517 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 17,849 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.91 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.28 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,199 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 328 പേരും ബ്രസീലില്‍ 1,470 പേരും റഷ്യയില്‍ 786 പേരും അര്‍ജന്റീനയില്‍ 610 പേരും കൊളംബിയയില്‍ 498 പേരും ഇന്‍ഡോനേഷ്യയില്‍ 991 പേരും സൗത്ത് ആഫ്രിക്കയില്‍ 453 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.73 ലക്ഷം.

🔳സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസം തന്നെ മികച്ച പ്രതികരണം. റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കകം തന്നെ റീട്ടെയില്‍ വിഭാഗത്തിലെ മുഴുവന്‍ ഓഹരികള്‍ക്കും സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. 9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇന്‍ഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷ നല്‍കാം.

🔳ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയില്‍ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

🔳ബിജു മേനോന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു തെക്കന്‍ തല്ലു കേസി'ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മോനോടൊപ്പം പത്മപ്രിയയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ മലയാളചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ മലയാളചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

🔳ആര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം 'സാര്‍പട്ടാ പരമ്പരൈ'യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിംഗ് മത്സരങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കബിലന്‍ എന്നാണ് ആര്യയുടെ കഥാപാത്രത്തിന്റെ പേര്. ഡയറക്റ്റ് ഒടിടി റിലീസായാണ് ചിത്രം എത്തുന്നത്. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

🔳ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. 16,800 ഓളം രൂപയുടെ കുറവാണ് ബൈക്കിന്റെ വിലയില്‍ കമ്പനി വരുത്തിയത്. ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചതിലൂടെ കൂടുതല്‍ വില്‍പ്പനയാണ് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത്. 2020 മാര്‍ച്ചിലാണ് ഡോമിനാര്‍ 250-യെ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കുന്നത്. കാഴ്ച്ചയില്‍ ഡോമിനാര്‍ 400 ഉം 250യും മോഡലും ഏറെക്കുറെ സമാനമാണ്. കാന്‍യന്‍ റെഡ്, വൈന്‍ ബ്ലാക്ക്, ഒറോറ ഗ്രീന്‍ നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.

🔳വേദങ്ങളില്‍ ഒരു സ്ത്രീയുണ്ട്. ഗാര്‍ഗി അവരുടെ ധൈര്യം നിങ്ങള്‍ കാണുക തന്നെ വേണം. സൗദി അറേബ്യയിലെ റാബിയ അല്‍ അബാദിയ അത്തരത്തിലുള്ളൊരു സ്ത്രീയാണ്. 'സ്ത്രീ മഹത്വവും സ്വാതന്ത്ര്യവും'. ഓഷോ. സൈലന്‍സ് ബുക്സ്. വില 266 രൂപ.

🔳പ്രസവശേഷം മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ദ്ധിക്കുകയും പ്രസവശേഷം അവയുടെ അളവ് കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഗര്‍ഭധാരണത്തിനു മുമ്പും ശേഷവും അമ്മമാര്‍ക്ക് ഏറ്റവും മികച്ച പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ ലഭിക്കുന്നു. പ്രസവശേഷം പല സ്ത്രീകളും പോഷകാഹാര അളവ് അവഗണിക്കാന്‍ തുടങ്ങുന്നു. ഇത് മുടി കൊഴിച്ചിലും അവശ്യ പോഷകങ്ങള്‍ കുറയാനും കാരണമാകുന്നു. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ക്രമേണ മുടി കൊഴിയുന്നതിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ രക്തചംക്രമണം വര്‍ദ്ധിക്കുന്നു. നല്ല രക്തചംക്രമണം മുടിയുടെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഗര്‍ഭധാരണത്തിനുശേഷം രക്തചംക്രമണം കുറയുന്നു. ഇത് മുടികൊഴിച്ചിലുണ്ടാക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

ശുഭദിനം
കവിത കണ്ണന്‍
ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ട് ദിവസങ്ങളേ ആയുള്ളൂ. അവരെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സമീപവാസികളും കുഴങ്ങി. ചിലര്‍ പറഞ്ഞു: ഇതിലും വലിയ സങ്കടങ്ങള്‍ നേരിടേണ്ടി വരുന്നവരില്ലേ? മറ്റുചിലര്‍ ഉപദേശിച്ചു: ദൈവമറിയാതെ ഒന്നും സംഭവിക്കില്ലല്ലോ? പിന്നെ പലരും പറഞ്ഞു: വിധിയെ തടുക്കാന്‍ നമുക്ക് ആവില്ലല്ലോ.. എല്ലാം സഹിക്കുക.. ഇതെല്ലാം കേട്ട് കേട്ട് മടുത്ത് സഹികെട്ട് ആ അമ്മപറഞ്ഞു: നിങ്ങളെന്തിനാണ് എന്റെ സങ്കടങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നത്? അവ എന്റെ കൂടെത്തന്നെ തുടരട്ടെ.. കുറച്ചു നാള്‍ കഴിയുമ്പോള്‍ ഞാന്‍ സ്വയം പൊരുത്തപ്പെട്ടുകൊള്ളും. നമ്മുടെയെല്ലാം ജീവിത്തില്‍ പൗര്‍ണ്ണമികള്‍ മാത്രമല്ല, അമാവാസികളും ഉറപ്പായും ഉണ്ടാകും. വെള്ളിവെളിച്ചത്തില്‍ എന്നും ജീവിക്കാനാവില്ല. രാത്രിയുടെ നിശബ്ദതയും ഇരുട്ടില്‍ തെളിയുന്ന കാഴ്ചകളും നാം സ്വീകരിച്ചേ മതിയാകൂ. സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചമുണ്ടാകുമെന്ന് നമുക്ക് തീരുമാനിക്കാന്‍ ആവില്ല. തപ്പിത്തടഞ്ഞും തട്ടിവീണും മുന്നോട്ട് നീങ്ങാനുള്ള മനസ്സ് നമുക്ക് ഉണ്ടാകണം. ആകസ്മികതകളുടെ പേരിലുണ്ടാകുന്ന അര്‍ദ്ധവിരാമങ്ങള്‍ നല്ലതാണ്, അനുഭവങ്ങളെ സ്വീകരിക്കാനും അവയെ അതിജീവിക്കാനും ഈ ചെറിയ ഇടവേളകള്‍ നമ്മെ സഹായിക്കും. ഒരു രാത്രികൊണ്ട് സംഭവിക്കുന്ന അത്യാഹിതങ്ങളെ അതിജീവിക്കാന്‍ അടുത്ത രാത്രിയുടെ സമയം മതിയാകില്ല. അനേക ദിവസങ്ങളിലെ മൗനവും ധ്യാനവും അതിനുവേണ്ടിവരും. ആയുസ്സ് മുഴുവന്‍ അവയുടെ ചെറുതല്ലാത്ത അനുരണനങ്ങള്‍ ഉണ്ടായെന്നും വരും. പക്ഷേ, പിന്നോട്ട് നടക്കാന്‍ ജീവിതം നമ്മെ അനുവദിക്കുന്നില്ല എന്നതിരിച്ചറിവില്‍ നാം മുന്നോട്ട് തന്നെ നടക്കാന്‍ ശീലിക്കും. പാതിബലമുള്ളവര്‍ക്ക് ഊന്നുവടി മതിയാകും, അതും നിവര്‍ന്നു നില്‍ക്കാന്‍ ശേഷി ആര്‍ജ്ജിക്കുന്നതുവരെ മാത്രം. എന്നാല്‍ പൂര്‍ണ്ണനിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് അവരെ സ്വയം തിരിച്ചെടുക്കുന്നതുവരെ പൂര്‍ണ്ണപിന്തുണനല്‍കാനും നാം മടിക്കരുത്. പലപ്പോഴും ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അവര്‍ക്ക് തിരിച്ചുവരാന്‍ സമയം അനുവദിക്കുക എന്നത്. ഉള്‍ബലം ലഭിക്കുന്നതിനുളള പിന്‍ബലം നല്‍കി നമുക്കും കൂടെ നില്‍ക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only