27 ജൂലൈ 2021

യാത്രക്കാരുടെ എണ്ണം കൂടി; അധിക സര്‍വിസുമായി എയര്‍ ഇന്ത്യ
(VISION NEWS 27 ജൂലൈ 2021)
ഇന്ത്യയില്‍നിന്ന്​ ഖത്തറിലേക്ക്​ യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സര്‍വിസുകളുമായി എയര്‍ ഇന്ത്യ. ആഗസ്​റ്റ്​ ഒന്നു മുതല്‍ ഒക്​ടോബര്‍ 29 വരെ ​​മുംബൈ, ഹൈദരാബാദ്​, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ്​ ആഴ്​ചയില്‍ രണ്ട്​ സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്​. നിലവിലെ സര്‍വിസുകള്‍ക്ക്​ പുറമെയാണ്​ ആഗസ്​റ്റ്​ ഒന്നുമുതലുള്ള അധിക സര്‍വിസുകള്‍. തിങ്കളാഴ്​ച മുതല്‍ ​ബുക്കിങ്​ ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നതോടെ, സൗദി, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ പോകാനുള്ള യാത്രക്കാരുടെ തിരക്ക്​ കൂടിയ പശ്ചാത്തലത്തിലാണ്​ സര്‍വിസ്​ വര്‍ധിപ്പിക്കാനുള്ള നീക്കം. നിലവില്‍ ഖത്തറുമായുള്ള എയര്‍ ബബ്​ള്‍ കരാറിന്റെ അടിസ്​ഥാനത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേസ്​ വിമാനങ്ങളാണ്​ ഇന്ത്യയിലേക്ക്​ സര്‍വിസ്​ നടത്തുന്നത്​. കൊച്ചി ഉള്‍പ്പെടെയുള്ള റൂട്ടില്‍ എയര്‍ ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ പറത്തുന്നത്​ വരും ദിവസങ്ങളില്‍ ടിക്കറ്റ്​ നിരക്ക്​ കുറക്കാന്‍ സഹായകമാവുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികള്‍.

മൂന്ന്​ സെക്​ടറുകളിലേക്കും 450 റിയാല്‍ മുതലാണ്​ ടിക്കറ്റ്​ നിരക്കുകള്‍ കാണിക്കുന്നത്​. പുതിയ സര്‍വിസുകള്‍ നേരിട്ട്​ ദോഹയിലേക്കാണെന്നതാണ്​ മെച്ചം.ദോഹയില്‍ നിന്ന്​ കൊച്ചിയിലേക്ക്​ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിരികെ​ കൊച്ചി -ദോഹ സര്‍വിസ്​ ​ബുധന്‍, വെള്ളി ദിവസങ്ങളുമാണുള്ളത്​.

ദോഹയില്‍ നിന്ന്​ ഹൈദരാബാദിലേക്ക്​ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ പറക്കുന്ന വിമാനങ്ങള്‍ അതേ ദിവസങ്ങളില്‍ തിരിച്ചും പറക്കും.ദോഹയില്‍നിന്ന്​ മുംബൈയിലേക്ക്​ ബുധന്‍, വെള്ളി ദിനങ്ങളിലാണ്​ സര്‍വിസ്​. തിരികെ, ആഴ്​ചയില്‍ അഞ്ചു ദിവസം നേരിട്ട്​ സര്‍വിസുണ്ട്​

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only