24 ജൂലൈ 2021

യോനോ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
(VISION NEWS 24 ജൂലൈ 2021)
എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ യോനോയുടെ ഉപഭോക്താക്കള്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം ഇനിമുതല്‍ യോനോ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ബാങ്ക് അറിയിക്കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കൊവിഡ് വ്യാപനം രാജ്യത്തില്‍ ആരംഭിച്ചത് മുതല്‍ നല്ല രീതിയില്‍ തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പുതിയ സാഹചര്യം ഒട്ടനവധി തട്ടിപ്പുകള്‍ക്കും, പണം നഷ്ടമാകുന്ന സംഭവങ്ങള്‍ക്കും വഴിയൊരുക്കി. 

ബാങ്ക് ഉപയോക്താക്കളുടെ നിക്ഷേപങ്ങളെയും, പണമിടപാടുകളെയും സുരക്ഷിതമാക്കുന്നതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ്. തട്ടിപ്പുകള്‍ വിജയകരമായി അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് തങ്ങളുടെ എസ്ബിഐ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലാണ് ബാങ്ക് തങ്ങളുടെ രീതിയെ പുനഃക്രമീകരിക്കുന്നത്.

എസ്ബിഐ ഉപയോക്താക്കള്‍ യോനോ ആപ്പില്‍ ലോഗിന്‍ ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറിലൂടെ മാത്രമേ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയൂ.

എസ്ബിഐ ഈ നിര്‍ദ്ദേശം വ്യക്തമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ഫീച്ചറുകള്‍ യോനോ എസ്ബിഐ മെച്ചപ്പെടുത്തുകയാണെന്ന് ബാങ്കിന്റെ ട്വീറ്റ് പറയുന്നു. ഉപയോക്താവിന്റെ യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ ആപ്ലിക്കേഷനിലൂടെ ചോര്‍ത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സുരക്ഷാ മുന്‍കരുതല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only