22 ജൂലൈ 2021

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ
(VISION NEWS 22 ജൂലൈ 2021)
നമ്മുടെ ഓരോ ദിവസവും ആരോഗ്യവും നാം രാവിലെ ഉണരുന്നത് മുതൽ ചെയ്യുന്ന പ്രവർത്തികളെ ആശ്രയിച്ചിരിക്കും. രാവിലെ വെറും വയറ്റില്‍ കുറച്ച്‌ വെള്ളം കുടിക്കുന്നത് നല്ലൊരു ആരോഗ്യശീലമാണ്. ആരോഗ്യവിദഗ്ധര്‍ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. ഇതുവഴി മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും ഉന്മേഷവും നല്‍കും. ദഹനപ്രക്രിയയെ കൂടുതല്‍ സഹായിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇളം ചൂടുവെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്. വെള്ളം വളരെ പതിയെ വേണം കുടിക്കാൻ. 

മനുഷ്യശരീരത്തില്‍ 50 മുതല്‍ 75 ശതമാനം വരെ ജലമാണ്. അതായത്, നമ്മുടെ ശരീരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുകയെന്നത്, ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ്. പല തരം തലവേദനയുടെയും കാരണം നിര്‍ജ്ജലീകരണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍, വെള്ളം കുടിച്ചാല്‍, അത് ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും, ദഹനം അനായാസമാക്കുകയും ചെയ്യും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടി ഏറെ പ്രധാനമാണ്. വെള്ളംകുടി ശീലമാക്കിയാല്‍, ചര്‍മ്മത്തിന്റെ തിളക്കവും, മൃദുത്വവും കൂടും. വിഷരഹിത ശരീരത്തിന് വെള്ളംകുടി ഉത്തമമാണ്. നമ്മള്‍ കഴിക്കുകയും, ശ്വസിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തില്‍ പലതരം വിഷവസ്‌തുക്കള്‍ അടിയുന്നു. നന്നായി വെള്ളംകുടിച്ചാല്‍, ഈ വിഷവസ്‌തുക്കളെ ശരീരത്തില്‍നിന്ന് പുറന്തള്ളാനാകും. ആരോഗ്യസംരക്ഷണത്തിന് വ്യായാമം ഉള്‍പ്പടെ പലതരം കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ വെള്ളംകുടി ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയുക. രാവിലത്തെ വെള്ളംകുടി ശീലമാക്കിയാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only