25 ജൂലൈ 2021

ഹരിതം,സുന്ദരം,ഓമശ്ശേരി: മാലിന്യ സംസ്കരണ പദ്ധതിക്ക്‌ ഉജ്ജ്വല തുടക്കം.
(VISION NEWS 25 ജൂലൈ 2021)


ഓമശ്ശേരി:അജൈവ മാലിന്യ സംസ്കരണത്തിന്‌ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ആവിഷ്കരിച്ച'ഹരിതം,സുന്ദരം,ഓമശ്ശേരി'പദ്ധതിക്ക്‌ ഉജ്ജ്വല തുടക്കം.കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.പദ്ധതി ഉൽഘാടനം ചെയ്തു.ലോഗോ പ്രകാശനവും ഡോ:എം.കെ.മുനീർ നിർവ്വഹിച്ചു.

ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന്‌ നൂതനമായ സംവിധാനങ്ങളൊരുക്കിയ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതിയെ ഡോ:എം.കെ.മുനീർ എം.എൽ.എ.അഭിനന്ദിച്ചു.കൃത്യവും കുറ്റമറ്റതുമായി മാലിന്യങ്ങൾ ശേഖരിക്കുന്നതും സംസ്കരിക്കുന്നതും ഏറെ വെല്ലുവിളി നിറഞ്ഞതാണ്‌.നവീനമായ സംവിധാനങ്ങളോടെയാണ്‌ മാലിന്യ മുക്ത ഓമശ്ശേരിക്കായുള്ള പ്രയത്നങ്ങൾ.ഇത്‌ മാതൃകാപരവും അനുകരണീയവുമാണ്‌.പദ്ധതി പൂർണ്ണാർത്ഥത്തിൽ നടപ്പിലാവുന്നതോടെ ഓമശ്ശേരിയുടെ മുഖം മാറുമെന്നും എം.എൽ.എ.കൂട്ടിച്ചേർത്തു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രകാശ്‌,ഗ്രീൻ വേംസ്‌ സി.ഇ.ഒ.ജാബിർ കാരാട്ട്‌,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,ഡി.ഉഷാ ദേവി സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ സ്വാഗതവും സെക്രട്ടറി ദീപു രാജു നന്ദി പറഞ്ഞു.

കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ ഓമശ്ശേരിയിൽ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും പഞ്ചായത്ത്‌ നിയമിച്ച ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.വീടുകളിൽ നിന്ന് മാസം 50 രൂപയും കടകളിൽ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ചുമാണ്‌ യൂസേഴ്സ്‌ ഫീസ്‌ ഈടാക്കുന്നത്‌.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഉൾപ്പടെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്‌.വിവിധ വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ചാണ്‌ മാലിന്യം കളക്റ്റ്‌ ചെയ്യുന്നത്‌.ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38 വനിതാ ഹരിത കർമ്മ സേനാംഗങ്ങളാണ്‌ മാലിന്യങ്ങൾ ശേഖരിക്കുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only