👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

31 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 31 ജൂലൈ 2021)
🔳വര്‍ഷകാല സമ്മേളനം പുരോഗമിക്കുന്ന പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നലേയും പ്രതിപക്ഷ പ്രതിഷേധം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്‌സഭ ഇനി തിങ്കളാഴ്ച ചേരും. രണ്ട് വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകുന്നതുവരെ സഭാ നടപടികള്‍ തടസ്സപ്പെടുത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ലമെന്റില്‍ ഇന്നലെചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു.

🔳പെഗാസസ് വിഷയം ഒരു പ്രശ്‌നമേ അല്ലെന്നും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് പ്രഹ്‌ളാദ് ജോഷിയുടെ പ്രതികരണം.

🔳കോവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം. വാക്സിനുകള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോര്‍ട്ട്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എന്നിവ നല്‍കി നടത്തിയ പരീക്ഷണത്തെതുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു.


? സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. രോഗികള്‍ അധികമുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

🔳കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തുടര്‍ന്നിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം തേടി സംസ്ഥാന സര്‍ക്കാര്‍. അടച്ചിടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടി.പി.ആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന് ഇന്നലത്തെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ശാസ്ത്രീയമായ മറ്റ് മാര്‍ഗങ്ങള്‍ ആലോചിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

🔳നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടും രോഗനിരക്ക് കുറയാത്തതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും ആവശ്യപ്പെട്ടു. ഓണക്കാലത്ത് രോഗപ്പകര്‍ച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നുറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.🔳മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായതിലാണ് വിമര്‍ശനം. ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈവവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരെന്നും ബല്‍റാം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

🔳കേരളത്തിലെ ഉയര്‍ന്നതോതിലുള്ള കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അയച്ച ആറംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ ഇവര്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം.

🔳സംസ്ഥാനത്ത് ഇന്നലെ 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്നലെ മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

🔳പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔳കോവിഡ് ആദ്യതരംഗമുണ്ടായ കാലയളവില്‍ സാമൂഹിക ക്ഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ്ങ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3818 ഗാര്‍ഹിക പീഡനകേസുകള്‍. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വനിതാ കമ്മീഷന്‍, സ്വകാര്യ അന്യായം തുടങ്ങിയവ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ കൂടി പരിഗണിച്ചാല്‍ ഈ കണക്കുകള്‍ ഇതിലുമിരട്ടി വരുമെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പെഴ്സണ്‍ സൂസന്‍ കോടി പറഞ്ഞു.

🔳ലോക പ്രശസ്ത ആര്‍ക്കിട്ടെക്ട് ജൂലിയ വാട്ട്സണുമായി മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. ഉത്തരവാദ ടൂറിസം പദ്ധതികള്‍, പ്രകൃതി സൗഹാര്‍ദ്ദപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാധ്യതകളെ കുറിച്ച് ജൂലിയ പങ്കു വെച്ച വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേരളത്തിനു മുതല്‍ക്കൂട്ടാകുമെന്നും പൊതുമരാമത്തിന്റെയും വിനോദ സഞ്ചാര മേഖലയുടെയുടെയും ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനത്തിന് ലോകത്തിന്റെ ഏതു കോണിലുള്ള അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

🔳സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ടി.പി.ആര്‍ അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ലോക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഇളവുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികള്‍.

🔳യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.

🔳കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി
പി.വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രഖില്‍ (32) സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. രഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി . നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്.

🔳ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ അവശ്യകതയാണ് തന്റെ ഡല്‍ഹി സന്ദര്‍ശനങ്ങള്‍ക്ക് വഴിവെച്ചതെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ സമീപഭാവിയിലുണ്ടാകുമെന്ന സൂചനയും മമത നല്‍കി. സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ച വളരെ നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചാണ് സോണിയയുമായി ചര്‍ച്ച നടത്തിയതെന്നും മമത പറഞ്ഞു.

🔳ഓഗസ്റ്റ് ആദ്യവാരം മുതല്‍ യുഎസിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. മുന്‍കൂട്ടി അറിയിക്കാതെ തന്നെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നതിനും പുനക്രമീകരിക്കുന്നതിനും എതിരേ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.

🔳ടിബറ്റിലെ ഓരോ കുടുംബവും ഒരംഗത്തെ വീതം നിര്‍ബന്ധമായും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേരാന്‍ അയയ്ക്കണമെന്ന് ചൈന. ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലെ സൈനിക വിന്യാസം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. ടിബറ്റന്‍ യുവാക്കള്‍ക്ക് ചൈനയോട് കൂറുണ്ടോ എന്നകാര്യം പരീക്ഷിച്ച് ഉറപ്പിച്ചശേഷമാവും സൈന്യത്തില്‍ എടുക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.

🔳ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.

🔳ഒളിമ്പിക്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി. ഓസ്‌ട്രേലിയയാണ് ഒന്നാമത്. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഇന്ത്യ ആതിഥേയരെ മൂന്നിനെതിരേ അഞ്ചു ഗോളിനാണ് തോല്‍പ്പിച്ചത്.

🔳അത്‌ലറ്റിക്‌സ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് നിരാശ. 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റ്‌സ് റ്റുവില്‍ മത്സരിച്ച ഇന്ത്യ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. മത്സരം പൂര്‍ത്തിയാക്കാനായി ഇന്ത്യ മൂന്നു മിനിറ്റും 19.93 സെക്കന്റുമെടുത്തു. മികച്ച പ്രകടനത്തിന് അടുത്തുപോലും എത്താന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല.

🔳ടോക്യോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്. 10,000 മീറ്റര്‍ ഓട്ടത്തില്‍ സെലമണ്‍ ബരേഗ ഒന്നാമതെത്തി. ലോക റെക്കോഡുകാരനായ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റേഗിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെലമണിന്റെ സ്വര്‍ണ നേട്ടം.

🔳ഒളിമ്പിക്‌സ് ടെന്നീസില്‍ വന്‍ അട്ടിമറി. ഗോള്‍ഡന്‍ സ്ലാം മോഹവുമായി ടോക്യോയിലെത്തിയ ലോക ഒന്നാം റാങ്കുകാരന്‍ നൊവാക് ദ്യോകോവിച്ച് സെമി ഫൈനലില്‍ പുറത്ത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചു.

🔳10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇറാന്‍ താരം ജവാദ് ഫാറൂഖി സ്വര്‍ണം നേടിയതിന് പിന്നാലെ വ്യാപക പ്രതിഷേധം. ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ്
കോര്‍പ്‌സിലെ അംഗമായ ജവാദ് ഫാറൂഖിക്ക് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുമതി നല്‍കിയതിനെതിരേയാണ് വിവാദം കത്തുന്നത്. 2019-ല്‍ അമേരിക്ക ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്.

🔳കേരളത്തില്‍ ഇന്നലെ 1,63,098 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 50 ശതമാവും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426.

🔳രാജ്യത്ത് ഇന്നലെ 41,495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,306 പേര്‍ രോഗമുക്തി നേടി. മരണം 598. ഇതോടെ ആകെ മരണം 4,23,842 ആയി. ഇതുവരെ 3,16,12,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.02 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,947 പേര്‍ക്കും കര്‍ണാടകയില്‍ 1,890 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,068 പേര്‍ക്കും ഒഡീഷയില്‍ 1,965 പേര്‍ക്കും ആസാമില്‍ 1,179 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,12,145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 86,581 പേര്‍ക്കും ബ്രസീലില്‍ 40,904 പേര്‍ക്കും റഷ്യയില്‍ 23,564 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,622 പേര്‍ക്കും ഫ്രാന്‍സില്‍ 24,309 പേര്‍ക്കും സ്പെയിനില്‍ 24,753 പേര്‍ക്കും തുര്‍ക്കിയില്‍ 22,083 ഇറാനില്‍ 24,715 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 41,168 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.79 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.48 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,824 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 398 പേരും ബ്രസീലില്‍ 834 പേര്‍ക്കും റഷ്യയില്‍ 794 പേരും അര്‍ജന്റീനയില്‍ 473 പേരും കൊളംബിയയില്‍ 306 പേരും ഇറാനില്‍ 270 പേരും ഇന്‍ഡോനേഷ്യയില്‍ 1,759 പേരും സൗത്ത് ആഫ്രിക്കയില്‍ 248 പേരും മെക്സിക്കോയില്‍ 381 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.22 ലക്ഷം.

🔳മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം. ഒരു ബില്യണ്‍ ഡോളറിലേറെയാണ് വരുമാനം നേടിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്ന സമയം വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍ നിന്നുള്ള 2020-21 കാലത്തെ ഫെയ്സ്ബുക്കിന്റെ വരുമാനം 9000 കോടി രൂപയാണ്. 1.2 ബില്യണ്‍ ഡോളര്‍ വരും ഈ തുക. 2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു വരുമാനം. 2018-19 കാലത്ത് ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ നിന്ന് 2254 കോടി രൂപയായിരുന്നു വരുമാനം.

🔳ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,850 കോടി രൂപയ്ക്ക് ടെലികോം എക്വിപ്മെന്റ് നിര്‍മ്മാതാക്കളായ തേജസ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ 43.35% ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ടെലികോം ഉപകരണ നിര്‍മ്മാതാക്കളാണ് തേജസ് നെറ്റ്വര്‍ക്സ്. ഈ കമ്പനിയെ ടാറ്റ എറ്റെടുത്തതോടെ 5ജി 4ജി ടെലികോം ഗിയറുകള്‍ക്ക് നിര്‍ണായകമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

🔳കൊവിഡ് രണ്ടാംതരംഗത്തിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുക്കുന്നതിനിടെ ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്. അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത 'ബെല്‍ബോട്ട'മാണ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19ന് ചിത്രം പ്രേക്ഷകരെ തേടി എത്തും. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.

🔳ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുകയാണ്. 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്നു പേരിട്ടിരിക്കുന്ന സിനിമ സിനിമ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് നിര്‍മ്മിക്കുന്നത്. പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കി. ഒക്ടോബര്‍ അവസാനത്തോടെ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

🔳ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്സ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചിട്ട് അഞ്ച് മാസം തികയുന്നു. കൊവിഡ് പ്രതിസന്ധി കാലത്തും സഫാരിയുടെ 10,000 യൂണിറ്റുകള്‍ കമ്പനി പുറത്തിറക്കി. പുനെക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. 10000 എന്ന മാജിക്ക് നമ്പര്‍ തികച്ച വാഹനം ടാറ്റയുടെ പൂണെയിലെ ഈ പ്ലാന്റിന്‍ നിന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. വില്‍പ്പനയിലും സഫാരി മികച്ച നേട്ടമാണ് കൈവരിച്ചത്.

🔳നമ്മുടെ സാഹിത്യത്തില്‍ ഈയിടെ ഏറെയേറെ പ്രബലമാവുന്ന കെട്ടിക്കാഴ്ചകള്‍ക്കും കൂത്താട്ടങ്ങള്‍ക്കും എതിരെ ഉയരുമ്പോള്‍ ആത്മാരാമന്റെ സ്വരം നിശിതമോ ഉദ്ധതം തന്നെയോ ആവാന്‍ സങ്കോചിക്കാറില്ല. 'പ്രശ്രയം'. ആത്മാരാമന്‍. ഡിസി ബുക്സ്. വില 228 രൂപ.

🔳പോഷകാഹാരക്കുറവ് മൂലം ലോകത്ത് ദശലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന രോഗമാണ് വിളര്‍ച്ച. ചുവന്ന രക്തകോശങ്ങളുടെ ഭാഗമായ ഹീമോഗ്ലോബിനാണ് ഹൃദയത്തില്‍ നിന്ന് ഓക്‌സിജന്‍ നിറഞ്ഞ രക്തത്തെ ശരീരത്തിന്റെ പല ഭാഗങ്ങളിലുമെത്തിക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ എണ്ണം കുറയുമ്പോള്‍ ക്ഷീണം, തലവേദന, തലചുറ്റല്‍, തണുപ്പിനോട് സംവേദനത്വം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ശരീരത്തിന് വിളര്‍ച്ചയുണ്ടോ എന്ന് തിരിച്ചറിയാന്‍ സ്മാര്‍ട്ട് ഫോണുകളിലെ ക്യാമറ ഉപയോഗിച്ച് സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അടുത്തിടെ നടന്ന ഒരു പഠനം. ഒരു വ്യക്തിയുടെ താഴത്തെ കണ്‍പോളയുടെ ചിത്രത്തിന് 72 ശതമാനം കൃത്യതയോടെ വിളര്‍ച്ച പ്രവചിക്കാനാകുമെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. എളുപ്പം ഫോട്ടോ എടുക്കാനാകുമെന്നതും, നിറം മാറ്റം വ്യക്തമായി തിരിച്ചറിയാമെന്നതും, പ്രതലവും രക്തക്കുഴലുകളും ചെറുതാണെന്നതും ഈ ഭാഗത്തെ രക്തമൊഴുക്കിനെ മറ്റ് കാരണങ്ങള്‍ ബാധിക്കില്ലെന്നതുമാണ് കണ്‍പോളയുടെ കീഴ്ഭാഗത്തെ ചിത്രമെടുക്കാനായി തിരഞ്ഞെടുത്തതിനുള്ള കാരണങ്ങള്‍. രക്തം പുറത്ത് നിന്ന് ശരീരത്തിലേക്ക് നല്‍കേണ്ടതായ കടുത്ത വിളര്‍ച്ച 86 മുതല്‍ 94.4 ശതമാനം വരെ കൃത്യമായി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ചിത്രത്തിലൂടെ പ്രവചിക്കാനാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വളരെ എളുപ്പത്തില്‍ ചിത്രമെടുക്കാമെന്നതും വേഗം ഫലം ലഭിക്കുമെന്നതുമാണ് ഈ സങ്കേതത്തിലൂടെ വിളര്‍ച്ച നിര്‍ണയിക്കുന്നതിലുള്ള പ്രയോജനങ്ങള്‍. ഫ്‌ളാഷ് ഉപയോഗിച്ചോ അല്ലാതെയോ ചിത്രം എടുക്കാവുന്നതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
കാഞ്ചിയിലെ പെരിയോര്‍ എന്ന ആചാര്യനെ കാണാന്‍ ആ മധ്യവയസ്‌ക എത്തിയത്. അവര്‍ ആചാര്യനോട് പറഞ്ഞു: 'എനിക്ക് കടുത്ത പ്രമേഹമാണ്. ഞാന്‍ ഡോക്ടറെ കണ്ടു. ഒരു മണിക്കൂര്‍ നടക്കാനാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് ഒരു പത്ത് മിനിറ്റ് പോലും നടക്കാന്‍ വയ്യ. എനിക്കെന്റെ വണ്ണം കുറയ്ക്കണമെന്നുണ്ട്. അങ്ങൊരു എളുപ്പവഴി പറഞ്ഞു തരാമോ' ആചാര്യന്‍ ചോദിച്ചു: വീടിനടുത്ത് ക്ഷേത്രമുണ്ടോ? ഉണ്ട് വലിയൊരു ശിവന്‍ കോവില്‍ : അവര്‍ പറഞ്ഞു. 'നന്നായി , അവിടെ 6 പ്രദക്ഷിണം രാവിലെയും 6 പ്രദക്ഷിണം വൈകുന്നേരം ചെയ്യാന്‍ സാധിക്കുമോ?' ആചാര്യന്‍ ചോദിച്ചു. അവര്‍ സന്തോഷത്തോടെ സമ്മതിച്ചു മടങ്ങി. ഇതൊക്കെ കണ്ടും കേട്ടും അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ അവിടെ നിന്നിരുന്നു. ശിഷ്യന്‍ ചോദിച്ചു: ഇതു തന്നെയല്ലേ ആ ഡോക്ടര്‍ പറഞ്ഞതും. അപ്പോള്‍ ആചാര്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും പറഞ്ഞത് ഒന്നുതന്നെയാണ്. പക്ഷേ, രണ്ട് രീതിയിലാണെന്ന് മാത്രം! നമ്മുടെ ജീവിതത്തിലും ഇതുപോലെ പല പ്രശ്‌നങ്ങളും കടന്നുവരാറുണ്ട്. നമുക്ക് അതിനെ രണ്ടു രീതിയില്‍ സമീപിക്കാം. ഒന്ന് ഡോക്ടര്‍ പറഞ്ഞതുപോലെ, രണ്ട് ആചാര്യന്‍ പറഞ്ഞതു പോലെ. പരിഹാരം നന്നായതുകൊണ്ട് മാത്രം കാര്യമില്ല, അത് പറയുന്നരീതിയും കേള്‍ക്കുന്നവര്‍ക്ക് സ്വീകാര്യമാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്- ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only