👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 29 ജൂലൈ 2021)
🔳പാര്‍ലമെന്റ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ബുധനാഴ്ച ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഐ.ടി. സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ തരൂര്‍ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് നോട്ടീസില്‍ ദുബെ ആരോപിച്ചു.

🔳കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഇന്നലെ ന്യൂഡല്‍ഹിയിലെ 10 ജന്‍പഥില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്ന് വ്യക്തമാക്കിയെന്നുമാണ് വിവരം.

🔳കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വന്‍വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഓരോ ദിവസവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. ഇളവുകള്‍ നല്‍കുന്നതില്‍ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ പറയുന്നു. അടുത്തിടെ നടന്ന ആഘോഷ പരിപാടികളില്‍ ഇളവ് അനുവദിച്ചത് കേരളത്തില്‍ തീവ്രവ്യാപനത്തിന് കാരണമായെന്നും ഭൂഷണ്‍ കുറ്റപ്പെടുത്തി.🔳സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇന്നലെ വൈകിയാണ് വാക്‌സിന്‍ ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

🔳കോവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ക്രോഡീകരിച്ചതിലും എല്ലാ ജില്ലകളിലും വൈരുധ്യം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കുകള്‍ പന്ത്രണ്ടുജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനെ കടത്തിവെട്ടുന്നതാണ്. അതേസമയം വയനാടും കാസര്‍കോടും ആരോഗ്യവകുപ്പിന്റെ കണക്കുകളാണ് കൂടുതല്‍..

🔳ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ്. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു.

🔳സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയശതമാനം ഉയര്‍ന്നതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുന്ന രീതി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയില്‍ വിജയിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്ഷേപിക്കുന്നത് എന്തിന്റെ പ്രശ്‌നമാണെന്ന് മനസ്സലാകുന്നില്ലെന്നും വിദ്യാര്‍ഥികളുടെ മനോവീര്യം തകര്‍ക്കുന്നതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരിഹാസം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാക്കളെ ട്രോളുന്നത് പോലെയല്ല കൊച്ചുകുട്ടികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

🔳നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

🔳മുട്ടില്‍ മരംമുറിക്കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി ഇവര്‍ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്.

🔳ടിപിആര്‍ മാനദണ്ഡം കണക്കാക്കി നാല് വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യംചെയ്ത് മരട് നഗരസഭ കോടതിയിലേക്ക്. കൗണ്‍സില്‍ യോഗത്തില്‍ കോടതിയില്‍ ഈ വിഷയം ഉന്നയിക്കാന്‍ തീരുമാനമായി. 33 അംഗ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തെ 11 അംഗങ്ങളുടെ വിയോജിപ്പോടു കൂടിയാണ് തീരുമാനം പാസായത്.

🔳മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍ക്കാന്‍ ഇടപെട്ട പീഡനശ്രമ കേസില്‍ കുണ്ടറ സിഐക്ക് സ്ഥലം മാറ്റം. സിഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡിഐജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥലം മാറ്റം. യുവതി പരാതി നല്‍കി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു.

🔳മില്‍മയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ആദ്യമായി ഭരണം പിടിച്ച് ഇടതുപക്ഷം. ചെയര്‍മാനായി മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണിയെ തിരഞ്ഞെടുത്തു. 1983ല്‍ ഭരണസമിതി നിലവില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് ആയിരുന്നു ക്ഷീരോത്പാദക സഹകരണസംഘം ഭരിച്ചിരുന്നത്.

🔳റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി ചങ്ങനാശ്ശേരിയില്‍ മൂന്നുപേര്‍ മരിച്ചു. ചങ്ങനാശ്ശേരി പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി.ബി.റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി.എസ്.ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

🔳ഡല്‍ഹി എ.കെ.ജി ഭവനില്‍ പോയി സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെ കണ്ടത് സൗഹൃദത്തിന്റെ ഭാഗമായി മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഇതില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്നും കാരാട്ടുമായി തനിക്കുള്ളത് ദീര്‍ഘകാലത്തെ സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.

🔳വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി ചോദ്യംചെയ്ത് കളമശ്ശേരി സ്വദേശിയായ ജിയാസ് ജമാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തീരുമാനം റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു

🔳ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹര്‍ജിക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. കരട് നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.

🔳ഒഡീഷ സംസ്ഥാനത്തെ പുരിയിലെ 'ഡ്രിങ്ക് ഫ്രം ടാപ്പ്' ദൗത്യം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം ചെയ്തു. സദാസമയവും ഗുണനിലവാരമുള്ള കുടിവെള്ള വിതരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഇതോടെ പുരി മാറി. മികച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജലവിതരണം നഗരത്തിലെ 2.5 ലക്ഷം ജനങ്ങള്‍ക്കും തീര്‍ഥാടനത്തിന്റെ ഭാഗമായി പുരി സന്ദര്‍ശിക്കുന്ന രണ്ട് കോടി സഞ്ചാരികള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

🔳ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ അര ഡസനിലധികം വീടുകളാണ് നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

🔳കോവിഡ് 19 പശ്ചാത്തലത്തില്‍ വൈകിയ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

🔳കോവിഡില്‍ കുരുങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയോട് തോല്‍വി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 19.4 ഓവറില്‍ ശ്രീലങ്ക ഇത് മറികടന്നു. ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്‌സില്‍ പന്തെറിയുന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ടീം പുതുക്കുകയായിരുന്നു.

🔳ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. ആവേശപ്പോരാട്ടം കണ്ട എലിമിനേഷന്‍ രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ജെന്നിഫര്‍ മൂസിനോ ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് ദീപികയുടെ മുന്നേറ്റം.

ബാഡ്മിന്റണ്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് പുറത്ത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലന്റ്‌സ് താരം മാര്‍ക് കാല്‍ജോവിനോട് സായ്പ്രണീത് പരാജയപ്പെട്ടു. നേരത്തെ ആദ്യ സിംഗിള്‍സ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു.

🔳ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ പൂജാ റാണി അള്‍ജീരിയയുടെ ഐചര്‍ക് ചായിബായെയാണ് തോല്‍പ്പിച്ചത്. പൂജയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാം.

🔳ഒളിമ്പിക് ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പുറത്ത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ സ്‌പെയ്‌നിനോട് സമനില വഴങ്ങിയതാണ് ലാറ്റിനമേരിക്കന്‍ ടീമിന് തിരിച്ചടിയായത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു.

🔳ഒളിമ്പിക് ഫുട്‌ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം. അതേസമയം, ജര്‍മനി ക്വാര്‍ട്ടറിലെത്താതെ പുറത്തായി. അവസാന മത്സരത്തില്‍ ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയതാണ് ജര്‍മനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ബിയില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറുഗോളിനെ തോല്‍പ്പിച്ച കൊറിയയും ക്വാര്‍ട്ടറിലെത്തി.

🔳ഒളിംപിക് ഫുട്ബോളില്‍ ക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പ് എയില്‍ നിന്ന് ജപ്പാനും മെക്‌സിക്കോയും മുന്നേറിയപ്പോള്‍ ബിയില്‍ നിന്ന് സൗത്ത് കൊറിയയും ന്യൂസീലന്റും യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ നിന്ന് സ്‌പെയിനും ഈജിപ്തും ഗ്രൂപ്പ് ഡിയില്‍ നിന്ന് ബ്രസീലും ഐവറി കോസ്റ്റുമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

🔳സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധന നടന്ന ഇന്നലെ 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,96,902 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച രോഗികളില്‍ 51.10 ശതമാനം രോഗികളും കേരളത്തില്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375.

🔳രാജ്യത്ത് ഇന്നലെ 43,159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,526 പേര്‍ രോഗമുക്തി നേടി. മരണം 640. ഇതോടെ ആകെ മരണം 4,22,695 ആയി. ഇതുവരെ 3,15,26,622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.97 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,857 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,756 പേര്‍ക്കും കര്‍ണാടകയില്‍ 1,531 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 2,010 പേര്‍ക്കും ഒഡീഷയില്‍ 1,703 പേര്‍ക്കും ആസാമില്‍ 1,276 പേര്‍ക്കും മണിപ്പൂരില്‍ 1,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം വീണ്ടും ആറ് ലക്ഷത്തിനു മുകളില്‍. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് കാരണം. ആഗോളതലത്തില്‍ ഇന്നലെ 6,20,101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 68,515 പേര്‍ക്കും ബ്രസീലില്‍ 48,013 പേര്‍ക്കും റഷ്യയില്‍ 22,420 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,734 പേര്‍ക്കും ഫ്രാന്‍സില്‍ 27,934 പേര്‍ക്കും സ്പെയിനില്‍ 27,399 പേര്‍ക്കും തുര്‍ക്കിയില്‍ 22,291 ഇറാനില്‍ 33,817 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 47,791 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.44 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,517 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 412 പേരും ബ്രസീലില്‍ 1,273 പേര്‍ക്കും റഷ്യയില്‍ 798 പേരും അര്‍ജന്റീനയില്‍ 470 പേരും കൊളംബിയയില്‍ 319 പേരും ഇറാനില്‍ 303 പേരും ഇന്‍ഡോനേഷ്യയില്‍ 1,824 പേരും സൗത്ത് ആഫ്രിക്കയില്‍ 520 പേരും മെക്സിക്കോയില്‍ 484 ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42.02 ലക്ഷം.

🔳കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ജൂണ്‍ പാദത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നഷ്ടം. ജൂണ്‍ പാദത്തില്‍ 3,174 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോയ്ക്കുണ്ടായിട്ടുള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ തുടര്‍ച്ചയായ ആറാം ത്രൈമാസ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്‍ഡിഗോയുടെ ഉടമസ്ഥതയുള്ള ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിനും തുടര്‍ച്ചയായ ത്രൈമാസ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020-21 നാലാം പാദത്തില്‍ 1,160 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിട്ടുള്ളത്.

🔳രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമാണ്. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇത് 5.98 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഒരാഴ്ച മുമ്പ് 7.94 ശതമാനമായിരുന്നു. എന്നാല്‍ ഈ ആഴ്ച ഇത് 8.01 ശതമാനമായി ഉയര്‍ന്നു; ഗ്രാമീണ മേഖലയിലും വര്‍ധന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ 5.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ 6.75 ശതമാനമായാണ് ഉയര്‍ന്നത്.

🔳കൊറോണ കുമാര്‍' എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ നടന്‍ സിലമ്പരസന്‍ എത്തും. സംവിധായകന്‍ ഗോകുല്‍ ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും വേഷമിടും. അതിഥി വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുക. 2020ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 2013ല്‍ എത്തിയ 'ഇതര്‍ക്കുതാനെ ആസെയ്പട്ടൈ ബാലകുമാര' എന്ന ചിത്രത്തിന്റെ സീക്വല്‍ ആയാണ് കൊറോണ കുമാര്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳സൗബിന്‍ ഷാഹിര്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു. 'പറവ'യ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔳ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് വില കൂട്ടി മാരുതി സുസുക്കി. 15,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. സ്വിഫ്റ്റ് വേരിയന്റിനൊപ്പം മുഴുവന്‍ സിഎന്‍ജി മോഡലുകളുടെയും വില കമ്പനി കൂട്ടി. വില വര്‍ദ്ധനവ് ഓരോ വേരിയന്റിനും വ്യത്യസ്തമാണ്. നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിച്ചതിനാലാണ് കാറുകളുടെ വില വര്‍ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നിലവിലെ വില 8.1 ലക്ഷം മുതല്‍ 8.56 ലക്ഷം രൂപ വരെയാണ്.

🔳രാഷ്ട്രീയക്കാരുടെ വര്‍ഗ്ഗീയ ശക്തികളുടെ കള്ളപ്പണക്കാരുടെ അധികാരികളുടെ അധോലോകത്തിന്റെ കപട വിപ്ലവകാരികളുടെ തിറയാടിത്തിമര്‍ക്കലുകള്‍.
'വിളയാട്ടം'. സേതു. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 237 രൂപ.

🔳കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അവരില്‍ തീവ്രത കുറഞ്ഞ രീതിയിലേ രോഗബാധയുണ്ടാകൂ എന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യകത അധികവും ഉണ്ടാകില്ലെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാലും മരണനിരക്കും വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. അധികവും ലക്ഷണങ്ങളില്ലാതെയാകാം വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. സാധാരണ പോലെ തന്നെ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുകയും ചെയ്യും. ഇനി വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടായാല്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങള്‍ കൂടി അറിയാം. തലവേദന, ജലദോഷം, തുമ്മല്‍, തൊണ്ടവേദന, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, പനി, ചുമ എന്നീ കൊവിഡ് ലക്ഷണങ്ങള്‍ വാക്‌സിനേഷനെടുത്തവരില്‍ സാധാരണഗതിയില്‍ കാണില്ല. ഇക്കാര്യങ്ങളെല്ലാം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ബാധകം. ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതായി കണക്കാക്കുവാന്‍ സാധിക്കില്ല.

*ശുഭദിനം*
*കവിത കണ്ണന്‍*
പുതിയ സ്ഥലത്തേക്ക് ആ സൈനികര്‍ക്ക് സ്ഥലം മാറ്റം ആയിരുന്നു. ആ യാത്രയില്‍ ഒരു വലിയ മരം റോഡിലേക്ക് വീണുകിടന്നത് അവരുടെ യാത്രയെ തടസ്സപ്പെടുത്തി. ആ മരം മുറിച്ച് മാറ്റാനാകാതെ മുന്നോട്ട് പോകാന്‍ ആവുമായിരുന്നില്ല. അവര്‍ എല്ലാവരും ചേര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മേലുദ്യോഗസ്ഥന്‍ എല്ലാം നിരീക്ഷിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും വണ്ടിയില്‍ തന്നെ ഇരിക്കുകയാണ്. അതുവഴി വന്ന ഒരാള്‍ മേലുദ്യോഗസ്ഥനോട് ചോദിച്ചു: ഇവര്‍ ഇത്ര കഷ്ടപ്പെടുന്നത് കണ്ടിട്ടും നിങ്ങളെന്താണ് ഇവരെ സഹായിക്കാത്തത്? ഞാന്‍ ഇവരുടെ മേലധികാരിയാണ്. ഉത്തരവിടുക എന്നതുമാത്രമാണ് എന്റെ ജോലി. ആ വഴിയാത്രക്കാരന്‍, മരം പൂര്‍ണ്ണമായി മാറ്റുന്നതുവരെ അവരെ സഹായിച്ചു. തന്റെ യാത്ര തുടരുന്നതിന് മുമ്പ് അയാള്‍ മേലുദ്യോഗസ്ഥനോടും സൈനികരോടും പറഞ്ഞു: ഇനി ഇങ്ങനെ എന്തെങ്കിലും ആവശ്യം വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ സൈന്യാധിപന് ഒരു സന്ദേശമയച്ചാല്‍ മാത്രം മതി. ഞാന്‍ നേരിട്ടെത്താം ആജ്ഞാപിക്കുന്നവര്‍ക്കും ആജ്ഞാനുവര്‍ത്തികള്‍ക്കും ഇടയില്‍ ഉടലെടുക്കുന്ന അനാരോഗ്യകരമായ അകലമാണ് കാര്യക്ഷമതയില്ലായ്മയുടെ അടിസ്ഥാന കാരണം. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മറ്റു ജോലികളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്നുള്ളത്, മുന്നറയിപ്പില്ലാതെ വരുന്ന അത്യാഹിതസാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള ന്യായീകരണമല്ല. അത്യാഹിതങ്ങളോട് പ്രതികരിക്കേണ്ടത് ഉത്തരവാദിത്വബോധത്തിലും മനസ്സാക്ഷിയിലും ഉറച്ചുനിന്നാണ്. മാതൃകയാകാന്‍ കഴിയുക എന്നതിനേക്കാള്‍ മഹത്തായതൊന്നും ഒരു നേതാവും ചെയ്യേണ്ടതില്ല - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only