03 ജൂലൈ 2021

ആലുവയിൽ ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് അറസ്റ്റിൽ
(VISION NEWS 03 ജൂലൈ 2021)
ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭർത്താവ് ജൗഹർ അറസ്റ്റിൽ. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാൾ. 

ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂരപീഡനമാണ് ഏൽക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിൻറെ പിതാവ് സലീമിനും മർദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേർന്നായിരുന്നു യുവതിയുടെ പിതാവിനെ മർദ്ദിച്ചത്. 

തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻറെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only