20 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 20 ജൂലൈ 2021)
🔳ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തേയും അതിന്റെ സ്ഥാപനങ്ങളേയും താറടിക്കാനുള്ള ശ്രമമാണിതെന്ന് അശ്വനി വൈഷ്ണവ് ആരോപിച്ചു.

🔳രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തി.അതേസമയം ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നു.


🔳ഇസ്രയേലി ചാര സോഫ്‌റ്റ്വേറായ പെഗാസസുമായി ബന്ധപ്പെട്ടുയരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അക്കാര്യം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചേര്‍ത്തുന്നതിനേയും ഉര്‍സുല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് പത്രസ്വാതന്ത്ര്യമെന്നും ഉര്‍സുല പറഞ്ഞു.

🔳45 ഓളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്നും മുന്‍ കേന്ദ്ര ഐടി മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയമുന്നയിച്ചു.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.


🔳നിരവധി തവണ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും വീണ്ടും തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ വികസന യാത്രയെ ആര്‍ക്കും ഗൂഢാലോചനയിലൂടെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വികസനത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കുവേണ്ടി തയ്യാറാക്കിയതാണെന്നും ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്തവരാണ് ഇതിനു പിന്നിലെന്നും അമിത് ഷാ ആരോപിച്ചു.

🔳ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലത്തേക്ക് പ്രതിരോധം നല്‍കിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


🔳കോവിഡ് 19 ന് പിന്നാലെ ലോകത്ത് പുതിയൊരു വൈറസ് ബാധ കൂടി. ചൈനയിലാണ് മങ്കി ബി വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതായാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിടുന്ന വിവരം. വെറ്റിനറി സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്.

🔳കോവിഡ് ഭേദമായവരില്‍ കോവിഡ് വൈറസിനെ ചെറുക്കുന്ന ആന്റിബോഡികള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലക്ഷണങ്ങളുണ്ടായിരുന്ന രോഗികളിലും ഇല്ലാത്തവരിലും ആന്റിബോഡികള്‍ 9 മാസത്തോളം കാണപ്പെടുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇറ്റലിയിലെ പാജ്വ സര്‍വകലാശാലയിലെയും ല്ണ്ടനിലെ ഇംപീരിയില്‍ കോളേജിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ആശ്വാസകരമായ കണ്ടെത്തല്‍.

🔳സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട ആശുപത്രികള്‍ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി ആശുപത്രികള്‍ മാറുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

🔳രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂരി സാമൂഹ്യ പ്രവര്‍ത്തകന്‍ ലിച്ചോമ്പം എറെന്‍ഡ്രോയെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള ചികിത്സയല്ല എന്ന് ബിജെപി നേതാക്കളെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് എറെന്‍ഡ്രോയ്ക്കെതിരേ ദേശീയ സുരക്ഷാ നിമയപ്രകാരം കേസെടുത്തത്.

🔳സംസ്ഥാനത്ത് ഇന്നലെ 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.

🔳തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

🔳പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്‍ പുലര്‍ത്താനാവില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

🔳പെഗാസസ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേരുവച്ച് വെള്ളക്കടലാസ്സില്‍ ഒരു മറുപടി പോലും പറയാന്‍ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳ലോക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കേരളം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചത് എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

🔳കോഴിക്കോട് മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

🔳കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആകാശ് തില്ലങ്കേരിയെ വിട്ടയച്ചത്. മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി ഗുണ്ടാസംഘങ്ങളുടെ പിന്തുണ കളളക്കടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനിടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.

🔳കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ ടി ടി പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗ രേഖ ബാധകമായിരക്കും.

🔳പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ ഇരട്ടിയോളവും ഡീസലിന്റേത് ഇരട്ടിയിലധികവുമായി ആറ് വര്‍ഷംകൊണ്ട് വര്‍ധിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. കെ.പി.സി.സി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് മറുപടി നല്‍കിയത്.

🔳ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി. മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

🔳കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.

🔳അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. എല്‍ഗര്‍ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കുകയായിരുന്നു കോടതി.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ഗാന്ധികുടുംബത്തിന് നന്ദി അറിയിച്ചും മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിനെ പരോക്ഷമായി പരിഹസിച്ചും നവജോത് സിങ് സിദ്ധു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും പരമപ്രധാന പദവി നല്‍കിയതിനും അദ്ദേഹം നന്ദി പറഞ്ഞു.

🔳പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജൂലായ് 21 ന് കോണ്‍ഗ്രസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടി നടത്തുന്ന വിരുന്ന് സത്കാരത്തിലേക്ക് നവജോത് സിങ് സിദ്ധുവിനെ ക്ഷണിച്ചില്ല. സിദ്ധു പാര്‍ട്ടി തലപ്പത്തേക്ക് എത്തിയെങ്കിലും അമരീന്ദര്‍ അത് അംഗീകരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

🔳ചട്ടലംഘനം നടത്തിയതിന് അദാനി ഗ്രൂപ്പിന്റെ ചില കമ്പനികളില്‍ സെബിയും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു. അതേസമയം എന്നുമുതലാണ് പരിശോധന ആരംഭിച്ചതെന്നും ഏതൊക്കെ സ്ഥാപനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കിയില്ല.

🔳ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്ന് കല്ലേറ് കര്‍മം നടക്കും. ഒന്നാംദിനത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് കല്ലേറു കര്‍മം. ഇന്നലെയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മന്ത്രധ്വനികള്‍ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകരാണ് അറഫാ സംഗമത്തില്‍ പങ്കെടുത്തത്.

🔳ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പെരുന്നാള്‍ ആഘോഷത്തിന് ഗള്‍ഫ് നാടുകള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഒരുങ്ങിയിരുന്നു. യു.എ.ഇ.യില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും നേരത്തേതന്നെ സജ്ജമാക്കിയിരുന്നു.

🔳ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ ഇന്ന്. ആദ്യ മത്സരത്തില്‍ ആധികാരികമായി വിജയിച്ച ആത്മവിശ്വാസത്തിലാണ് ടീം. രണ്ടാം മത്സരവും ജയിച്ച് എത്രയും നേരത്തെ പരമ്പര സ്വന്തമാക്കാനാവും ടീം ഇന്ത്യയുടെ ശ്രമം.

🔳ലോക കായിക മാമാങ്കത്തിന് ടോക്യോയില്‍ തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കൂടുതല്‍ താരങ്ങള്‍ കോവിഡ് ബാധിതരാകുന്നു.ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിനും അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരത്തിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 89,654 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147.

🔳രാജ്യത്ത് ഇന്നലെ 29,413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 45,345 പേര്‍ രോഗമുക്തി നേടി. മരണം 372. ഇതോടെ ആകെ മരണം 4,14,513 ആയി. ഇതുവരെ 3,11,73,019 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,017 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,971 പേര്‍ക്കും കര്‍ണാടകയില്‍ 1,291 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,628 പേര്‍ക്കും ഒഡീഷയില്‍ 1,648 പേര്‍ക്കും ആസാമില്‍ 1,797 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,99,051 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 17,383 പേര്‍ക്കും ബ്രസീലില്‍ 15,271 പേര്‍ക്കും റഷ്യയില്‍ 24,633 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,950 പേര്‍ക്കും കൊളംബിയയില്‍ 16,455 പേര്‍ക്കും സ്പെയിനില്‍ 20,542 പേര്‍ക്കും ഇറാനില്‍ 25,441 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 34,257 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.16 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.30 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,290 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 80 പേരും ബ്രസീലില്‍ 494 പേരും റഷ്യയില്‍ 719 പേരും കൊളംബിയയില്‍ 446 പേരും അര്‍ജന്റീനയില്‍ 406 പേരും ഇന്‍ഡോനേഷ്യയില്‍ 1,338 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.11 ലക്ഷം.

🔳നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി ആദായനികുതി വകുപ്പ്. ഇതോടെ നികുതിദായകര്‍ക്ക് അവരുടെ അടുത്തുള്ള പോസ്റ്റോഫീസുകളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ ആദായനികുതി റിട്ടേണ്‍സ് (ഐടിആര്‍) ഫയല്‍ ചെയ്യാന്‍ കഴിയും. കൊവിഡ് വ്യാപനത്തിനിടെയാണ് നികുതിദായകരില്‍ പലര്‍ക്കും ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി വകുപ്പിന്റെ പുതിയ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

🔳ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ഇന്ത്യയിലെ മുന്‍നിര ലോജിസ്റ്റിക്, സപ്ലൈചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. ഇന്ത്യയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് ഓഹരി, വാണിജ്യ ധാരണകളില്‍ ഇരു കമ്പനികളും ഒപ്പിട്ടു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപം നടത്തും.

🔳മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കാര്‍ത്തി, എ.ആര്‍ റഹ്മാന്‍, നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ല്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പോസ്റ്ററില്‍ ഒരു സ്വര്‍ണ്ണ നിറത്തിലുള്ള വാളുണ്ട്, കൂടാതെ ചോള രാജ്യത്തിന്റെ ചിഹ്നവും 'സുവര്‍ണ്ണ കാലഘട്ടത്തിന്റെ ആരംഭം' എന്ന വാക്കുകളും ഉള്‍പ്പെടുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. എ.ആര്‍.റഹ്മാന്‍ സംഗീതവും രവിവര്‍മന്‍ ഛായാഗ്രഹണവും കൈകാര്യം ചെയ്യും.

🔳തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍. നടന്‍ രവി തേജയുടെ നായികയായാണ് രജിഷ വേഷമിടാന്‍ ഒരുങ്ങുന്നത്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്നാണ്. ധനുഷ് ചിത്രം കര്‍ണനിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ലാല്‍, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ എക്‌സ്1 20ഐ എസ്യുവിയുടെ ടെക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ടെക് എഡിഷന്‍ വരുന്നത്. മധ്യത്തിലായി വലിയ 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ ലഭിച്ചതാണ് ടെക് എഡിഷനിലെ ഏറ്റവും വലിയ പരിഷ്‌കാരം.

🔳മനുഷ്യനുള്‍പ്പെടെ സമസ്ത ജീവജാലങ്ങളിലും ആകാശഗോളങ്ങള്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ്‌ജ്യോ തിഷവിജ്ഞാനത്തിന്റെ കേന്ദ്രപ്രമാണം. അനന്തവും അപാരവുമാണ് ഈ ശാസ്ത്രത്തിന്റെ അറിവുകളും സാധ്യതകളും. ജ്യോതിഷമെന്ന വിസ്തൃതവിഷയത്തിന്റെ പ്രധാന ആശയങ്ങള്‍ എല്ലാംതന്നെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം. ഫലങ്ങളും യോഗങ്ങളും നക്ഷത്രദശകളും മുഹൂര്‍ത്തങ്ങളും നിമിത്തങ്ങളും മുതല്‍ ചൊവ്വാദോഷവും കണ്ടകശ്ശനിയും വരെ ഇതില്‍ ചര്‍ച്ചാവിഷയമാകുന്നു. 'ജ്യോതിഷം പ്രായോഗിക ജീവിതത്തില്‍'. മുരളീധരന്‍ പടിഞ്ഞാറ്റേടത്ത്. എച്ച് &സി ബുക്സ്.

🔳കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് ഉടന്‍ തന്നെ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ കുറഞ്ഞത് ഒമ്പത് മാസം വരെ വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വൈറസ് ബാധ ഉണ്ടായാല്‍ മൂന്ന് മാസം വരെ ഭയപ്പെടേണ്ടതില്ല എന്നാണ് പൊതുവേ പറയാറ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുമെന്നാണ് പൊതുവേ വിദഗ്ധര്‍ പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആശ്വാസം പകരുന്നതാണ് ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലും കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരിലും നവംബറിലും ആന്റിബോഡി കണ്ടെത്തിയതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും രോഗലക്ഷണങ്ങള്‍ കാണിച്ചവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല. ഇതില്‍ നിന്ന് രോഗലക്ഷണങ്ങള്‍ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന വാദത്തിനും കഴമ്പില്ലെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വൃദ്ധനാകാന്‍ വിധിക്കപ്പെട്ട യയാതിക്കു ശുക്രാചാര്യര്‍ ശാപമോക്ഷം അനുവദിച്ചത് പുത്രന്മാരില്‍ ആരെങ്കിലും വാര്‍ദ്ധക്യം സ്വീകരിച്ചു അയാളുടെ യൗവനം യയാതിക്ക് നല്‍കണം എന്ന വ്യവസ്ഥയിലായിരുന്നു. ഇളയപുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി ആയിരം വര്‍ഷം ജീവിച്ചു. തന്റെ അവസാനകാലത്ത് അദ്ദേഹം പുത്രനോട് ഇങ്ങനെ പറഞ്ഞു: സുഖഭോഗങ്ങള്‍ ആസ്വദിച്ചു തീര്‍ക്കാമെന്ന് ഒരിക്കലും കരുതേണ്ട, ആനന്ദം കൂടുന്നതിനനുസരിച്ച് ആസക്തിയും കൂടും. ആയുസ്സുകൂടുന്നതിനനുസരിച്ച് ആനന്ദവും ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് എല്ലാവരുടേയും വിചാരം. എന്നാല്‍ എക്കാലവും ശൈശവവും കൗമാരവും യൗവനവും തുടര്‍ന്നാല്‍ ആ കാലം ഒരിക്കലും നമുക്ക് ആസ്വദിക്കാനാവില്ല. ഓരോ കാലവും നിശ്ചിത സമയത്തിനുള്ളില്‍ തീരുന്നു എന്നതിലാണ് ആ കാലത്തിന്റെ ഭംഗിപോലും. എന്തിനും ഒരു സമയപരിധി ഉണ്ടാകണം, അത് കേള്‍ക്കുന്ന പാട്ടാകട്ടെ, കാണുന്ന കാഴ്ചയോ, ആഘോഷങ്ങളോ ആകട്ടെ..പരിധിയിലാണ് ആനന്ദം കുടികൊള്ളുന്നത്. ഒരിക്കല്‍ ഒരിടത്ത് അവസാനിക്കും എന്നതാണ് എല്ലാ തുടക്കങ്ങളുടേയും ഭംഗി. നിലവിലുള്ള പലതും അവസാനിക്കുന്നതുകൊണ്ടാണ് പുതിയത് പല തുടക്കങ്ങള്‍ക്കും കാരണമാകുന്നത്. പകല്‍ തീരാതെ എങ്ങനെ രാത്രിയുടെ ഭംഗി ആസ്വദിക്കാനാകൂം! ഒരിക്കലും അവസാനിക്കാതിരിക്കുന്നു എന്നതിലല്ല, എത്ര നന്നായി അവസാനിപ്പിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം. തുടക്കത്തേക്കാള്‍ കൃത്യതയോടെ ചെയ്യേണ്ടതാണ് ഒരോ പൂര്‍ത്തിയാക്കലും. എത്ര പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടു എന്നതിലല്ല, എത്ര അര്‍ത്ഥപൂര്‍ണ്ണമായി ജീവിച്ചു എന്നതിലാണ് യഥാര്‍ത്ഥ ജീവിതസൂചിക - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only