02 ജൂലൈ 2021

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു
(VISION NEWS 02 ജൂലൈ 2021)

സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 
'മകള്‍ക്കൊപ്പം' കാമ്പയിന്റെ രണ്ടാം ഘട്ടത്തിലാണ് നിയമസഹായം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്ന തരത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണയേകണം. കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയിലാണ് പല പെണ്‍കുട്ടികളും ഇന്ന് ആത്മഹത്യ ചെയ്യുന്നത്. ആത്മഹ്യയേക്കാള്‍ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. 

സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുകയാണ്. സ്ത്രീധനം ചോദിക്കുന്നവരെ അവമതിപ്പോടെ കണ്ട തലമുറയുണ്ടായിരുന്നു. കാലചക്രം തിരിഞ്ഞപ്പോള്‍ സ്ത്രീധനം ചോദിക്കാനും വാങ്ങാനും തയാറാകുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചു വരുകയാണ്. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു മകളുടെയും ജീവന്‍ നഷ്ടമാകരുത്. സ്ത്രീധന വിവാഹം ഇനി കേരളത്തില്‍ നടക്കരുത്. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണം. ജീവിതം തോറ്റു പിന്‍മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെണ്‍കുട്ടികള്‍ മനസ്സില്‍ ഉറപ്പിക്കണം. സമൂഹം അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച കാമ്പയിനുമായ കെ എസ് യു മുന്നോട്ടു പോകുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് പറഞ്ഞു. സമകാലിക സാഹചര്യത്തില്‍ സ്ത്രീധനം പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന ഉപാധിയായി മാറി. കോവിഡ് പോലെ മഹാമാരിയായി സ്ത്രീധനവും മാറിയെന്നും അദ്ദേഹം പറഞ്ഞു. 

മകള്‍ക്കൊപ്പം എന്ന കാമ്പയിന്റെ ഭാഗമായി കെ.എസ്.യു ആണ് പരിപാടി സംഘടിപ്പിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ വി ടി നിഹാല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പ്രവീണ്‍കുമാര്‍, ഡി സി സി മുന്‍ പ്രസിഡന്റ് കെ സി അബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹിന്‍ എന്നിവര്‍ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only