25 ജൂലൈ 2021

നഴ്‌സ്‌ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍; സഹോദരീഭര്‍ത്താവ്‌ കസ്‌റ്റഡിയില്‍
(VISION NEWS 25 ജൂലൈ 2021)
ചേര്‍ത്തല: ഇരുപത്തിയഞ്ചുകാരിയായ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവില്‍ പോയ സഹോദരീഭര്‍ത്താവ്‌ പിടിയില്‍.
കടക്കരപ്പള്ളി പഞ്ചായത്ത്‌ പത്താം വാര്‍ഡില്‍ തളിശേരിതറ ഉല്ലാസ്‌-സുവര്‍ണ ദമ്പതികളുടെ മകള്‍ ഹരികൃഷ്‌ണയാണ്‌ മരിച്ചത്‌. സഹോദരീഭര്‍ത്താവ്‌ കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷി(ഉണ്ണി-35)നെ ഇന്നലെ വൈകിട്ട്‌ ഏഴിന്‌ പള്ളിപ്പുറത്തെ ബന്ധുവീട്ടില്‍നിന്നാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.
അവിവാഹിതയായ ഹരികൃഷ്‌ണ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ 6.45-നു ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ്‌. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ്‌ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. രാത്രി വൈകിയിട്ടും യുവതി സ്വന്തം വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം നടത്തി. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായ വിവരമാണ്‌ നല്‍കിയതെന്നാണ്‌ സൂചന.
ഇതിനിടെ, യുവതിയെ കാണാതായതായി പുലര്‍ച്ചെ ബന്ധുക്കള്‍ പട്ടണക്കാട്‌ പോലീസിനു പരാതി നല്‍കി. അടച്ചിട്ടിരുന്ന രതീഷിന്റെ വീട്‌ പോലീസ്‌ എത്തി തുറന്നു പരിശോധിച്ചപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലായിരുന്നു മൃതദേഹം. ചുണ്ടില്‍ ചെറിയ മുറിവുണ്ട്‌. ചെരുപ്പു ധരിച്ചനിലയിലുള്ള മൃതദേഹത്തിന്റെ വസ്‌ത്രത്തിലും ശരീരഭാഗങ്ങളിലും മണല്‍ പറ്റിയിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാലേ മരണകാരണം വ്യക്‌തമാകൂ.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരി നീതുവിന്‌ വെള്ളിയാഴ്‌ച രാത്രിയായിരുന്നു ഡ്യൂട്ടി. സഹോദരിയുടെ കുട്ടികളെ നോക്കാനാണ്‌ ഹരികൃഷ്‌ണയെ രതീഷ്‌ വീട്ടിലേക്കു വരുത്തിയതെന്നാണ്‌ പോലീസിന്റെ നിഗമനം. ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്‌ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്‌. രതീഷിന്റെ വീട്ടില്‍നിന്ന്‌ ഒരു കിലോമീറ്ററോളം അകലെയാണ്‌ ഹരികൃഷ്‌ണയുടെ വീട്‌. ഫോറന്‍സിക്‌ സംഘവും വിരലടയാള വിദഗ്‌ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
രതീഷ്‌ ഒളിവില്‍പോയെന്നു മനസിലാക്കിയതോടെ ഫോണും വാഹനവും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പിടികൂടിയത്‌. യുവതി യുവാവിനൊപ്പം നില്‍ക്കുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചതായാണ്‌ വിവരം.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറും. ജില്ലാ പോലീസ്‌ മേധാവി ജി. ജയദേവ്‌, അഡീഷണല്‍ എസ്‌.പി: എ. നിസാം, ഡിവൈ.എസ്‌.പി: വിനോദ്‌ പിള്ള എന്നിവര്‍ സ്‌ഥലത്തെത്തി. പട്ടണക്കാട്‌ സി.ഐ: ആര്‍.എസ്‌. ബിജുവിന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

സംശയം ജനിപ്പിച്ചത്‌ രതീഷിന്റെ ഫോണ്‍ സന്ദേശം
ചേര്‍ത്തല: നഴ്‌സ്‌ ഹരികൃഷ്‌ണ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സഹോദരീഭര്‍ത്താവ്‌ രതീഷിനെ സംശയനിഴലിലാക്കിയത്‌ ഫോണ്‍ സന്ദേശം. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്‌ണ വെള്ളിയാഴ്‌ച വൈകിട്ട്‌ ജോലി കഴിഞ്ഞിറങ്ങാന്‍ വൈകുമെന്ന്‌ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി.
ഇതിനിടെ, രതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇന്ന്‌ ഹരികൃഷ്‌ണ വരില്ലെന്നും ശനിയാഴ്‌ചയും കോവിഡ്‌ ഡ്യൂട്ടി ഉള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്ന്‌ പറഞ്ഞതായുമാണ്‌ മറുപടി ലഭിച്ചത്‌. പിന്നീട്‌ രതീഷിനെയും ഫോണില്‍ കിട്ടാതായി.
വീട്ടുകാര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു തിരക്കിയപ്പോഴാണ്‌ ഹരികൃഷ്‌ണ 6.45 ന്‌ ജോലി കഴിഞ്ഞിറങ്ങിയതായി അറിഞ്ഞത്‌. വീട്ടില്‍നിന്ന്‌ സൈക്കിളില്‍ തങ്കി കവലയിലെത്തി അവിടെനിന്ന്‌ ബസിലാണ്‌ ജോലിക്കു പോയിരുന്നത്‌. ജോലി കഴിഞ്ഞ്‌ തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ രതീഷാണ്‌ ഹരികൃഷ്‌ണയെ വീട്ടില്‍ എത്തിച്ചിരുന്നത്‌. വെള്ളിയാഴ്‌ച സൈക്കിളിലാണ്‌ ഹരികൃഷ്‌ണ ജോലിക്കു പോയത്‌.
ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്‌ച മുമ്പാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറിയത്‌. ഹരികൃഷ്‌ണയെ കാണാതായതിനെത്തുടര്‍ന്ന്‌ രതീഷിന്റെ വീട്ടില്‍ ആദ്യം ബന്ധുക്കള്‍ അന്വേഷിച്ച്‌ എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only