13 ജൂലൈ 2021

"മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ" വ്യാപാരികളോട് മുഖ്യമന്ത്രി.കട തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; നിയമലംഘനം നേരിടാൻ അറിയാം -മുഖ്യമന്ത്രി
(VISION NEWS 13 ജൂലൈ 2021)

മുഴുവൻ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമലംഘനം നടന്നാൽ എങ്ങനെ നേരിടണമെന്ന്​ അറിയാം. അത്​ മനസ്സിലാക്കി കളിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അനുമതി നൽകിയില്ലെങ്കിലും വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറക്കുമെന്ന്​ വ്യാപാരികൾ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട്​ അറിയിച്ചത്​.

കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിന്‍റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. കോഴിക്കോട്​ ഉണ്ടായ പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്​തമല്ലെന്ന്​ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്​. ഇക്കാര്യം ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം കോഴിക്കോട്​ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ്​ സർക്കാർ പേരിന്​ കോവിഡ്​ നിയ​ന്ത്രണങ്ങളിൽ ഇളവ്​ നൽകിയത്​. എന്നാൽ ഇത്​ അപര്യാപ്​തമാണെന്നാണ്​ വ്യാപാരികൾപറയുന്നത്​. കഴിഞ്ഞ ഒന്നരവർഷമായി വൻ പ്രതിസന്ധിയാണ്​ കച്ചവടക്കാർ നേരിടുന്നത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only