08 ജൂലൈ 2021

പ്രഭാത വാർത്തകൾ
(VISION NEWS 08 ജൂലൈ 2021)


🔳കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ മുഖംമിനുക്കി കേന്ദ്രമന്ത്രിസഭ. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന. നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ഇതില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്.

🔳അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായാണ് രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേയാണ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദും വനം-പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവെച്ചത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റേതാണ് ശ്രദ്ധേയമായ മറ്റൊരു രാജി. ഹര്‍ഷവര്‍ധനെ കൂടാതെ ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന.

🔳കോണ്‍ഗ്രസ് വിട്ട് ബിജെപി-യില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണേയ്ക്കും ലക്ഷ്യം പിഴച്ചില്ല. കോണ്‍ഗ്രസിന്റെ അമരത്ത് നിന്ന് ബിജെപി പാളയത്തിലെത്തിയ ഇരുവരേയും കാത്തിരുന്നത് കേന്ദ്രമന്ത്രിസ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്റെ നിര്‍ണായക പദവികളില്‍ നിന്നാണ് ഇരുവരും രാജ്യത്തിന്റെ തന്നെ തന്നെ പദവികളിലേക്കെത്തിയത്.

🔳രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയില്‍ അംഗമായ മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമാണ്. തൃശ്ശൂര്‍ ദേശമംഗലം കൊണ്ടയൂരിലെ റിട്ട. എയര്‍ കമ്മഡോര്‍ എം.കെ ചന്ദ്രശേഖരന്റെയും ഉണ്ണിയാട്ടില്‍ ആനന്ദവല്ലിയുടെയും ഏകമകനാണ് രാജീവ്.

🔳യുവത്വവും വിദ്യാഭ്യാസയോഗ്യതയും സമുദായ സമവാക്യങ്ങളുമാണ് മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ സ്വീകരിച്ച പ്രധാന മാനദണ്ഡങ്ങള്‍. നിലവിലുണ്ടായിരുന്ന മന്ത്രിസഭയില്‍ ശരാശരി പ്രായം 61 വയസ്സായിരുന്നെങ്കില്‍ പുതിയ മന്ത്രിസഭയില്‍ 58 വയസ്സാണ്. പ്രൊഫഷണല്‍ തലങ്ങളിലും മികവുതെളിയിച്ചവര്‍ ഏറെ. 13 അഭിഭാഷകരും ആറ് ഡോക്ടര്‍മാരും ഏഴ് മുന്‍ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ജിനിയര്‍മാരും പുതിയ മന്ത്രിമാരിലുണ്ട്. ഏഴുപേര്‍ ഗവേഷണ ബിരുദധാരികളാണ്. മൂന്ന് എം.ബി.എ ബിരുദധാരികളും 68 ബിരുദധാരികളുമുണ്ട്.

🔳രണ്ടാം മോദി സര്‍ക്കാരിലെ ആദ്യ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രാജ്യത്തെ ആദ്യ സഹകരണ മന്ത്രിയാണ് അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സഹകരണ മന്ത്രാലയം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. ധര്‍മേന്ദ്ര പ്രധാനാണ് വിദ്യാഭ്യാസ മന്ത്രി. പീയൂഷ് ഗോയലിന് വാണിജ്യ വകുപ്പും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പും ലഭിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രധാനമന്ത്രിക്കാണ്. മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനാണ്. ഹര്‍ദീപ് സിങ് പുരിക്കാണ് പെട്രോളിയും വകുപ്പ്. റെയില്‍വേ, ഐ.ടി - കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചുമതല അശ്വനി വൈഷ്ണവിനാണ്. നിയമവകുപ്പ് കിരണ്‍ റിജ്ജുവിനും വനിതാ ശിശുക്ഷേമ വകുപ്പ് മഹേന്ദ്രഭായി മുഞ്ഞപ്പാറയ്ക്കും ലഭിച്ചു. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യവികസനം ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയാകും.

🔳രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നീശീഥ് പ്രമാണിക്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ എം.പി.യാണ് നീശീഥ് പ്രമാണിക്. കൂച്ച് ബിഹാറില്‍നിന്നുള്ള ആദ്യ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം.

🔳രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് സഹമന്ത്രിയുടേയും രാജിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

🔳ബിഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവ് പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍. പാര്‍ട്ടിയെ വഞ്ചിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത പശുപതി പരസിനെ എല്‍ജെപി-യില്‍ നിന്ന് പുറത്താക്കിയതാണെന്നും കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ചിരാഗ് ട്വീറ്റ് ചെയ്തു.

🔳കോവിവ്-19 വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രജ്ഞ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളില്‍ ലാംഡ വകഭേദത്താല്‍ രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വ്യാപനശേഷി കൂടിയ വകഭേദമാണ് ലാംഡ. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അപകടകാരിയാണ് ലാംഡ വകഭേദമെന്ന് യു.കെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🔳മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

🔳മരംമുറി കേസില്‍ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്തതിന് സെക്രട്ടറിയേറ്റില്‍ കൂട്ട സ്ഥാനമാറ്റം. റവന്യൂ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരി, സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജെ.ബിന്‍സി എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റയിരിക്കുന്നത്.

🔳ഐഎന്‍എല്ലിന് താക്കീതുമായി സിപിഎം നേതൃത്വം. എല്‍ഡിഎഫിനും സര്‍ക്കാരിനു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഎം മുന്നറിയിപ്പ് നല്‍കി. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് താക്കീത് നല്‍കിയത്.

🔳പാര്‍ട്ടി പ്രവര്‍ത്തനം, തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വോട്ടുകള്‍ എന്നിവസംബന്ധിച്ച്, മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്നത് കള്ളറിപ്പോര്‍ട്ടെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍. സംസ്ഥാനത്ത് 20 ശതമാനം ബൂത്തുകളിലേ പാര്‍ട്ടിക്ക് പ്രവര്‍ത്തനമുള്ളൂവെന്നും ബാക്കി ഊതിപ്പെരുപ്പിച്ച വ്യാജ റിപ്പോര്‍ട്ടുകളാണെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, ജെ.പ്രമീളാദേവി, കെ.എസ് രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ഈ വികാരം പങ്കുവെച്ചു. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിക്കുകപോലും ചെയ്യാതെ ജില്ലാ കമ്മിറ്റികള്‍ അപ്പടി സംസ്ഥാന നേതൃത്വത്തിന് നല്‍കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ലക്ഷദ്വീപ് ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് യോഗത്തില്‍ പറഞ്ഞു.

🔳കൃഷിമന്ത്രി പി.പ്രസാദ് പങ്കെടുക്കുന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാന്‍ നിര്‍ദേശം. കര്‍ഷകര്‍ക്കുവേണ്ടി നടത്തുന്ന പരിപാടികളില്‍ സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനെ നിര്‍ബന്ധമായും വേദിയില്‍ ഇരുത്തണമെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി എസ്.സാബിര്‍ ഹുസൈന്‍ ഉത്തരവിറക്കി. അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായാണു പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കുന്നത്.

🔳ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസിലെ ഒന്നാംപ്രതി എസ്.വിജയനെതിരേ ആരോപണവുമായി മറിയം റഷീദ. അന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്.വിജയന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തതിനെ തുടര്‍ന്നാണ് ചാരക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്നും മറിയം റഷീദ. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറിയം റഷീദയുടെ ആരോപണം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മറിയം റഷീദ ഹര്‍ജി നല്‍കിയത്.

🔳സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. മീണയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സിലേക്ക് മാറി. ഡോ. വി.വേണു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി. ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി. റാണി ജോര്‍ജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി നല്‍കി. പി.ഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടര്‍.

🔳സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്കും സ്ഥലം മാറ്റം. ഹരിത വി.കുമാര്‍ തൃശ്ശൂര്‍ കളക്ടറാകും. ജാഫര്‍ മാലിക്കാണ് എറണാകുളം കളക്ടര്‍. നരസിംഹു ഗാരി റെഡ്ഡി കോഴിക്കോട് കളക്ടറാകും. പി.കെ ജയശ്രീയാണ് പുതിയ കോട്ടയം കളക്ടര്‍. ഷീബ ജോര്‍ജ് ഇടുക്കി കളക്ടറാകും. ദിവ്യ എസ്.അയ്യര്‍ പത്തനംതിട്ട കളക്ടറാകും. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദാണ് കാസര്‍കോട് കളക്ടര്‍.

🔳മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് മന്ത്രി കൃപശങ്കര്‍ സിങ് ബിജെപി-യില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ എന്‍സിപി - കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു കൃപശങ്കര്‍ സിങ്.

🔳ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ വെടിയേറ്റുമരിച്ചു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്.

🔳അട്ടിമറി വീരന്മാരായ ഡെന്മാര്‍ക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020ന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഡെന്മാര്‍ക്കിനെ കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഡെന്മാര്‍ക്കായിരുന്നെങ്കിലും പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട് ഫൈനലിലേക്കുള്ള ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടിയത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

🔳ഒളിംപിക്സ് തുടങ്ങാന്‍ 16 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാണികളായ സ്വന്തം പൗരന്മാരെ ജപ്പാന്‍ വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യത്തിലാണ് ഈ നീക്കമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒളിംപിക്സിനു മുന്നോടിയായി ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികൃതര്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,50,630 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36%. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ മൂന്നിലൊന്ന് പേരും കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291.

🔳രാജ്യത്ത് ഇന്നലെ 45,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 44,474 പേര്‍ രോഗമുക്തി നേടി. മരണം 817. ഇതോടെ ആകെ മരണം 4,05,057 ആയി. ഇതുവരെ 3,07,08,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.54 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 9,558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3,367 പേര്‍ക്കും കര്‍ണാടകയില്‍ 2,743 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 3,166 പേര്‍ക്കും ഒഡീഷയില്‍ 2,602 പേര്‍ക്കും ആസാമില്‍ 2,289 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,36,436 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,701 പേര്‍ക്കും ബ്രസീലില്‍ 54,022 പേര്‍ക്കും റഷ്യയില്‍ 23,962 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,548 പേര്‍ക്കും അര്‍ജന്റീനയില്‍ 19,423 പേര്‍ക്കും കൊളംബിയയില്‍ 24,229 പേര്‍ക്കും സ്പെയിനില്‍ 17,384 പേര്‍ക്കും ഇറാനില്‍ 17,212 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 34,379 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 21,427 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 18.58 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.17 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,822 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 169 പേരും ബ്രസീലില്‍ 1,524 പേരും റഷ്യയില്‍ 725 പേരും അര്‍ജന്റീനയില്‍ 456 പേരും കൊളംബിയയില്‍ 559 പേരും ഇന്‍ഡോനേഷ്യയില്‍ 1,040 പേരും സൗത്ത് ആഫ്രിക്കയില്‍ 411 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40.16 ലക്ഷം

🔳ഐസിഐസിഐ ബാങ്കും - ആമസോണ്‍ പേയും ചേര്‍ന്ന് 20 ലക്ഷത്തിലധികം 'ആമസോണ്‍ പേ- ഐസിഐസിഐ ബാങ്ക് ' ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലു കുറിക്കുന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡായി ഇത് മാറിക്കഴിഞ്ഞു. 2018 ഒക്ടോബറിലാണ് ആമസോണ്‍ പേയും - ഐസിഐസിഐയും ചേര്‍ന്ന് ഈ വിസകൊര്‍ഡ് അവതരിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം എണ്ണം കടന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡ് എന്ന ബഹുമതിയും ഈ വിസകൊര്‍ഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഒമ്പതു മാസം കൊണ്ട് 10 ലക്ഷം പേരെ കൂടിയാണ് കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

🔳ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് നിര്‍മിക്കുന്നതിന് പ്രാദേശിക, ആഗോള കമ്പനികളെ ജിയോ സമീപിച്ചതായി റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയയ ഫ്ളെക്സ്, കാര്‍ബണ്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ യുടിഎല്‍ എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 5000 രൂപക്ക് താഴെയാകും സ്മാര്‍ട്ഫോിന്റെ വില. ഗൂഗിളുമായി സഹകരിച്ചാണിത്. ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനംചെയ്യാനുള്ള സൗകര്യം, മികച്ച ക്യാമറ, ഓഗ്മന്റഡ് റിയാല്‍റ്റി തുടങ്ങിയ സവിശേഷതകള്‍ ഫോണിലുണ്ടാകും.

🔳കോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'വലിമൈ'. അജിത്ത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ഫസ്റ്റ് ലുക്ക് പോലും പുറത്തെത്തും മുന്‍പേ വലിമൈ ഇതിനകം 200 കോടിയിലേറെ നേടിയെന്നാണ് വിവരം. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയത്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

🔳ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന 'ബനേര്‍ഘട്ട' ജൂലൈ 25ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

🔳കൊവിഡ്-19 വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. യമഹ ഫാസിനോ 125 അല്ലെങ്കില്‍ റേ ഇസെഡ്ആര്‍ 125 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്ക് ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 72,030 മുതല്‍ 75,530 രൂപ വരെയാണ് യമഹ ഫാസിനോ 125 ദില്ലി എക്‌സ്‌ഷോറൂം വില . യമഹ റേ ഇസെഡ്ആര്‍ 125ന് 73,330 മുതല്‍ 76,330 രൂപ വരെയും.
🔳📰📰📰📰📰📰📰📰📰🔳

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only